പെരിന്തല്‍മണ്ണ: അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച അനിശ്ചിതകാല സമരം പുതിയ വഴിത്തിരിവിലേക്ക്. ബൈക്ക് അപകടത്തില പരുക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് വിട്ടുനല്‍കാത്തതിനെ തുടര്‍ന്നായിരുന്നു സമരം ആരംഭിച്ചത്. എന്നാല്‍ അതിപ്പോള്‍ അസി.പ്രൊഫസര്‍ക്കെതിരെയുള്ള സമരമായി രൂപാന്തരം പ്രാപിച്ചിരിക്കുകയാണ്. വിദ്യാര്ത്ഥിികളോടു അപമര്യാദ, അസമയത്തെ പരിശോധന, മാനസിക പീഡനം എന്നീ പരാതികള്‍ ഉന്നയിച്ചാണ് വിദ്യാര്‍ത്ഥികള്‍ അസി.പ്രൊഫസര്‍ക്കെതിരേ തിരിഞ്ഞത്. ഇദ്ദേഹത്തെ പുറത്താക്കണമെന്നാണ് വിദ്യാറ്ത്ഥികളുടെ ആവശ്യം.
വിവിധ ആവശ്യങ്ങളുന്നയിച്ച് തുടങ്ങിയ അനിശ്ചിതകാല സമരം പ്രൊഫസര്‍ക്കെതിരെ തിരിഞ്ഞത് നാടകീയമായാണ്. ഏറെനാളായി വിദ്യാര്‍ത്ഥികള്‍ ഉള്ളില്‍ കൊണ്ടുനടന്ന പ്രതിഷേധം ഒരവസരം കിട്ടിയപ്പോള്‍ അണപൊട്ടിയെന്ന് മാത്രം.
ആംബുലന്‍സ് വിട്ടു നല്‍കാത്തതില്‍ അനുബന്ധ നടപടികള്‍ക്കായി വിദ്യാര്‍ത്ഥികള്‍ സംഘടിച്ചപ്പോഴായിരുന്നു പുതിയ വെളിപ്പെടുത്തലും പരാതികളുമായി അദ്ധ്യാപകനെതിരെയുള്ള സമരത്തിന് തുടക്കം കുറിക്കുന്നത്. ഇതോടെ അദ്ധ്യാപകനെതിരെ പരാതിയുണ്ടായിട്ടും പുറത്തു പറയാന്‍ ഭയന്നിരുന്ന നിരവധി കുട്ടികള്‍ സമരമുഖത്ത് നിലയുറപ്പിക്കുകയായിരുന്നു. വേലി തന്നെ വിളവ് തിന്നുന്ന സംഭവങ്ങളാണ് മലപ്പുറം പെരിന്തല്‍മണ്ണയില്‍ സ്ഥിതിചെയ്യുന്ന അലിഗഡ് ഓഫ് കാമ്പസില്‍ നടക്കുന്നത്. ഇതിനെതിരെ സന്ധിയില്ലാതെ സമരമുഖത്ത് ഉറച്ചുനില്‍ക്കുകയാണ് കാമ്പസിലെ ഒന്നടങ്കം വിദ്യാര്‍ത്ഥികളും.
കഴിഞ്ഞ ആഴ്ച വാഹനാപകടത്തില്‍പ്പെട്ട് ക്യാമ്പസിലെ നാലു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ ആശുപത്രിയില്‍ പോകാന്‍ സെന്ററിനു കീഴില്‍ ആംബുലന്‍സ് ഉണ്ടായിട്ടും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കണം എന്ന ന്യായം പറഞ്ഞ് അധികൃതര്‍ വിട്ടു കൊടുത്തിരുന്നില്ല. വിദ്യാര്‍ത്ഥികള്‍ പലതവണ ആവശ്യപ്പെട്ടിട്ടും ആംബുലന്‍സ് വിട്ടു ഇതോടെ കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങളും അസൗകര്യങ്ങളും ചൂണ്ടിക്കാട്ടി സമരം പൊട്ടിപ്പുറപ്പെടുകയായിരുന്നു.
മാനേജ്മെന്റ്, ലോ, ബിഎഡ് ഡിപ്പാര്‍ട്ട്മെന്റുകളിലായി ആകെ 320 വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഇതില്‍ 70 മലയാളികളും ബാക്കി ഉത്തരേന്ത്യന്‍ സംസ്ഥാനത്തുനിന്നുമുള്ള വിദ്യാര്‍ത്ഥികളുമാണ്. എന്നാല്‍ കാമ്പസ് ആരംഭിച്ചതിനു ശേഷം എല്ലാവരും ഒരുമിച്ചു ചേര്‍ന്നുള്ള സമരം ഇതാദ്യമായിട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: