മലപ്പുറം: സമത്വമുന്നേറ്റ യാത്രയില്‍ പങ്കെടുക്കരുതെന്ന സിപിഎം ആഹ്വാനം അണികളാരും ചെവികൊണ്ടില്ല, പരിപാടിയില്‍ പങ്കെടുത്തത് ആയിരങ്ങള്‍. ഹൈന്ദവഐക്യം ഓരോരുത്തരും ആഗ്രഹിക്കുന്നുണ്ടെന്നതിന്റെ തെളിവായിരുന്നു ഇന്നലെ മലപ്പുറത്തേക്ക് ഒഴുകിയെത്തിയ ആയിരകണക്കിന് ജനങ്ങള്‍. രാവിലെ പത്ത് മണിക്ക് തന്നെ സമ്മേളന വേദിയായ ടൗണ്‍ഹാളും പരിസരവും പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞു. പൊന്നാനി, എടപ്പാള്‍, തിരൂര്‍, മഞ്ചേരി, നിലമ്പൂര്‍, മലപ്പുറം യൂണിയനുകളുടെ കീഴിലുള്ള ശാഖകളിലെ പ്രവര്‍ത്തകര്‍ മാത്രമാണെത്തിയത്. സമത്വമുന്നേറ്റ നായകന് വെള്ളാപ്പള്ളി നടേശന് വേദിയിലേക്ക് എത്തിയതിന് ശേഷവും ആളുകള്‍ വന്നുകൊണ്ടിരുന്നു. ടൗണ്‍ഹാളിന്റെ മുറ്റത്തായിരുന്നു വേദി ഒരുക്കിയിരുന്നത്. നൂറുകണക്കിന് ആളുകള്‍ ഹാളിനുള്ളിലും ഉണ്ടായിരുന്നു. ഇവിടെ പ്രത്യേക സ്ക്രീനുകള്‍ സ്ഥാപിച്ചിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകള്‍ മുന്നേറ്റ യാത്രയെ സ്വീകരിച്ചു. വിവിധ സാമുദായിക സംഘടനാ നേതാക്കള്‍ പ്രവര്‍ത്തകരില്‍ ആവേശം ചൊരിഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിപിഎം മുന്നേറ്റ യാത്രയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. സിപിഎം അനുഭാവികളോ പ്രവര്‍ത്തകരോ പരിപാടിയില്‍ പങ്കെടുക്കരുതെന്നായിരുന്നു ആഹ്വാനം. എന്നാല്‍ അതൊന്നും ആരും വകവെച്ചില്ലെന്നതാണ് സത്യം.
മലയോരമേഖലയിലെ എസ്എന്‍ഡിപിക്കാരായ സിപിഎം അനുഭാവികളുടെ വീടുകളില്‍ നേതാക്കന്മാര് നേരിട്ടെത്തിയാണ് നിര്‍ദ്ദേശം നല്‍കിയത്. സമീപകാലം വരെ സിപിഎമ്മിന്റെ പ്രധാന വോട്ടുബാങ്കായിരുന്നു എസ്എന്‍ഡിപി. എന്നാല്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ നിലപാടാണ് എസ്എന്‍ഡിപി സ്വീകരിച്ചത്. കേരളമൊട്ടാകെ ഇത് പ്രതിഫലിക്കുകയും ഫലമുണ്ടാകുകയും ചെയ്തു. ബിജെപി-എസ്എന്‍ഡിപി സഖ്യത്തില്‍ തട്ടി നിലമ്പൂരില്‍ സിപിഎം തകര്‍ന്നടിഞ്ഞിരുന്നു. സിപിഎം കോട്ടയില്‍ വിള്ളല്‍ വീഴ്ത്തിയ സഖ്യത്തെ പരിഭ്രാന്തിയോടെയാണ് സിപിഎം നോക്കികാണുന്നത്. എടക്കരയിലും പരിസര പ്രദേശങ്ങളിലും സിപിഎം അക്രമം അഴിച്ചുവിട്ടപ്പോള്‍ പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും എസ്എന്‍ഡിപിക്കാരാണ്. നിലമ്പൂര്‍, എടക്കര, ചുങ്കത്തറ ഭാഗങ്ങളില്‍ എസ്എന്‍ഡിപിക്കിടയില്‍ സിപിഎം വിരുദ്ധത ഒന്നുകൂടി ശക്തമാകുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ സമത്വമുന്നേറ്റ യാത്രയില്‍ നിന്ന് പരമാവധി ആളുകളെ അകറ്റി നിര്ത്തുകായെന്നതായിരുന്നു സിപിഎമ്മിന്റെ ലക്ഷ്യം. പക്ഷേ പരാജയപ്പെട്ടു. സമത്വമുന്നേറ്റ യാത്രയുടെ ശക്തിയില്‍ തങ്ങളുടെ പാരമ്പര്യ വോട്ടുകള്‍ കൂടി കൈവിട്ടുപോകുമോയെന്ന ഭയമായിരുന്നു സിപിഎമ്മിന്. എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ സിപിഎം നേതാക്കളെ അവഗണിക്കാന്‍ കൂടി തുടങ്ങിയതോടെ ഭയം ഇരട്ടിയായി. സമത്വമുന്നേറ്റ യാത്രയുടെ ശോഭ നശിപ്പിക്കാനുള്ള തീവ്രശ്രമമാണ് നടത്തിയത്. മലയോര ഗ്രാമങ്ങളില്‍ ജനറല്‍ സെക്രട്ടറിക്കും യോഗത്തിനുമെതിരെ കുപ്രചരണങ്ങള്‍ അഴിച്ചുവിടുകയായിരുന്നു പക്ഷേ എല്ലാം വെറുതെയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: