തിരുവനന്തപുരം: പക്ഷിപ്പനിയെ ചെറുക്കുന്ന എന്തോഒന്ന് ഇന്ത്യക്കാരുടെ ജീനുകളിലുണ്ടെന്ന് വൈറോളജി വിദഗ്ധനായ ഡോ റോബര്‍ട്ട് ജി. വെബ്സ്റ്റര്‍. പക്ഷിപ്പനി പല രാജ്യങ്ങളിലും മാരകമായിരുന്നെങ്കിലും ഇന്ത്യക്കാര്‍ ചെറുത്തുനിന്നത് ജീനുകളുടെ പ്രത്യേകത കൊണ്ടാകാം. ഇത് പഠനവിധേയമാക്കേണ്ടതുണ്ട് ലോകാരോഗ്യസംഘടനയുടെ വിദഗ്ധനും അമേരിക്കയിലെ മെംഫിസില്‍ സെന്റ് ജൂഡ് ചില്‍ഡ്രന്‍സ് റിസര്‍ച്ച് ആശുപത്രി വൈറോളജിപ്രൊഫ സറുമാ ഡോ വെബ്സ്റ്റര്‍ പറഞ്ഞു.
കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സ്ഥാപകദിനാഘോഷനുബന്ധിച്ച് രാജീവ് ഗാന്ധി സെന്റര്‍ഫോര്‍ ബയോടെക്നോളജിയുടെ ആഭിമുഖ്യത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്ഥിരമായി പരിവര്‍ത്തനവിധേയമായിക്കൊണ്ടിരിക്കുന്ന വൈറസുകള്‍ അപകടസാധ്യത വര്‍ധിപ്പിക്കുകയാണ്. അവ മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്ക് പകരുമ്പോഴാണ് മാരകമാകുന്നത്.
ഇന്ത്യയില്‍ പടര്‍ന്നത് എച്ച്1എന്‍1 വൈറസായിരുന്നു. എച്ച്5എന്‍1, എച്ച്7എന്‍9 എന്നീ വകഭേദങ്ങള്‍ ചൈനീസ് അതിര്‍ത്തി കടന്ന് ഇവിടെയെത്താനുള്ള സാധ്യതകളേറെയാണ്. കാട്ടുപക്ഷികളാണ് എച്ച്5എന്‍1 ഇന്ത്യയിലെത്തിച്ചത്. ചൈന പലതരം പക്ഷിപ്പനികളുടെ കേന്ദ്രമാണ്. പക്ഷിപ്പനി പടര്‍ന്നാല്‍ കൂട്ടത്തോടെ താറാവുകളെയും കോഴികളെയും കുത്തിവയ്പിന് വിധേയമാക്കാറുണ്ട്. ഇത് അപകടകരമാണ്. കുത്തിവയ്പിനെ അതിജീവിച്ച് പെട്ടെന്ന് പരിവര്ത്തനവിധേയമാകാന് വൈറസുകള്‍ക്ക് ശേഷിയുണ്ട്.
പക്ഷിപ്പനി മനുഷ്യരിലേക്ക് തടയുന്നതിന് കുത്തിവയ്പ് അത്യാന്താപേക്ഷിതമാണ്. പക്ഷേ ഇതിനായി വന്‍തോതില്‍ വാണിജ്യാടിസ്ഥാനത്തില്‍ മരുന്ന് ഉത്പാദിപ്പിക്കുന്നത് മണ്ടത്തരമാണ്. വൈറസുകളുടെ വിത്തുശേഖരം സൃഷ്ടിക്കുകയും ആവശ്യാനുസരണം വാക്സിന് ഉത്പാദിപ്പിക്കുകയുമാണ് വേണ്ടത്. ഇന്ത്യയില്‍ രോഗപ്രതിരോധ നടപടികളും നിരീക്ഷണവും തൃപ്തികരമാണെന്ന് ലോകാരോഗ്യസംഘടന വിലയിരുത്തിയിട്ടുണ്ട്. ചൈനയില്‍ ഹോങ്കോംഗിലും ഷാങ്ഹായിയിലും പക്ഷിവിപണികള് വേണ്ടെന്നുവച്ചിട്ടുണ്ട്. ഇന്ത്യയിലും ഇത് ചെയ്യണം അദ്ദേഹം നിര്‍ദ്ദേശിച്ചു.
പക്ഷിപ്പനിബാധയുണ്ടാകുമ്പോള് ആളുകള്‍ കോഴി, താറാവ് എന്നിവകളുടെ മാത്രമല്ല പന്നിയിറച്ചിയും ഉപേക്ഷിക്കണം. പന്നി, പക്ഷികള്‍ എന്നിവയുടെ കാര്യത്തിലും സ്ഥിരമായ നിരീക്ഷണസംവിധാനം വേണം. രോഗബാധയുണ്ടാകുമ്പോള്‍ എല്ലാ രാജ്യങ്ങളിലും ആരോഗ്യവകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പലപ്പോഴും തടസം നില്‍ക്കുന്നത് കൃഷിവകുപ്പുകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജീവ്ഗാന്ധി സെന്റര്‍ ഡയറക്ടര്‍ ഡോ എം. രാധാകൃഷ്ണപിള്ള സ്വാഗതവും സീനിയര്‍ സയന്റിസ്റ്റ് ഡോ കെ. സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.
ഇന്നു വൈകീട്ട് 3ന് തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളജ് ആഡിറ്റോറിയത്തില്‍ രാജീവ്ഗാന്ധി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പക്ഷിപ്പനി, ഒരു കടങ്കഥ’ എന്ന വിഷയത്തില്‍ ഡോ വെബ്സ്റ്റര്‍ പൊതുപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: