കഴക്കൂട്ടം: കുളത്തൂര്‍ ജംഗ്ഷനില്‍ നഗരസഭാ സോണല്‍ ഓഫീസിനു പിന്നിലെ പൊതുചന്തയില്‍ നിന്ന് നാടന്‍ ബോംബ് ശേഖരം കണ്ടെത്തി. സ്ഫോടനശേഷി കുറഞ്ഞതും കൂടിയതുമാ 10 എണ്ണമാണ് ബക്കറ്റിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. തിരക്കേറിയ ചന്തയ്ക്കുള്ളില്‍ ശനിയാഴ്ച രാത്രിയോ ഞായറാഴ്ച പുലര്‍ച്ചെയോ ആകാം ബോംബ് ഉപേക്ഷിച്ചതെന്നാണ് വിലയിരുത്തല്‍.
ഞായറാഴ്ച രാവിലെ മത്സ്യം വില്‍ക്കാനെത്തിയ സ്ത്രീയാണ് ചന്തയുടെ കവാടത്തിനു സമീപം വച്ചിരുന്ന പ്ലാസ്റ്റി ബക്കറ്റ് പരിശോധിച്ചത്. ബക്കറ്റിനുള്ളില്‍ മറ്റെന്തോ സാധനങ്ങളാണെന്നു കരുതി സുരക്ഷിത സ്ഥാനത്തേക്കു മാറ്റിവച്ചശേഷമാണ് മത്സ്യത്തൊഴിലാളി സംഗതി തിരിച്ചറിയുന്നത്. തുടര്‍ന്ന് സ്ഥലത്തെ വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് ചന്തയ്ക്കുള്ളിലെ ആളെ ഒഴിപ്പിച്ചശേഷം പോലീസിനെ വിവരമറിയിച്ചു. ശംഖുംമുഖം എ.സി ജവഹര്‍ ജനാര്‍ദ്ദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് സ്ക്വാഡിന്റെ പരിശോധനയില്‍ വെടിമരുന്നും മെറ്റലും കുപ്പിച്ചില്ലുകളും ചേര്‍ന്ന മിശ്രിതമുപയോഗിച്ചാണ് ചിലതു നിര്‍മ്മിച്ചതെന്നു വ്യക്തമായി. മൂന്നെണ്ണം ഡമ്മി പടക്കുകളാണെന്നും സൂചനയുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി ബക്കറ്റിലുണ്ടായിരുന്ന നാടന്‍ ബോംബുകള്‍ നിര്‍വീര്യമാക്കിയശേഷം ബോംബ് സ്ക്വാഡ് കൊണ്ടുപോയി.
ഒന്നോ രണ്ടോ ദിവസത്തെ പഴക്കമാണ് ഇതിനുള്ളതെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. സ്ഫോടന ശേഷി കുറഞ്ഞവയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഉഗ്ര ശബ്ദത്തിനുവേണ്ടി തയ്യാറാക്കുന്ന ഏറുപടക്ക രീതിയിലാണ് നാടന്‍ ബോംബുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇത് പൊട്ടിത്തെറിച്ചാല്‍ ആളപായം ഉറപ്പാണെന്നും ബോംബ് സ്ക്വാഡിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോലീസ് നായ ചന്തയ്ക്കുള്ളില്‍ പരിശോധന നടത്തിയെങ്കിലും അന്വേഷണത്തിനു സഹായകമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അരശുംമൂട്ടില്‍ കഴിഞ്ഞ ആഴ്ച യൂണിയന് തൊഴിലാളികളെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവവുമായി ഇതിനു ഏതെങ്കിലും ബന്ധമുണ്ടോയെന്ന കാര്യവും പരിശോധിക്കും. അരശുംമൂട്ടിലെ യൂണിയന് ഓഫീസില്‍ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളെ കാറിലെത്തിയ സംഘം വെട്ടിപരിക്കേല്‍പ്പിച്ചിരുന്നു. ഈ സംഭവത്തില്‍ ഒളിവില്‍പോയ സംഘത്തെ പോലീസിനു ഇതുവരെ പിടികൂടാനായിട്ടില്ല. രണ്ടുവര്‍ഷം മുമ്പ് മണ്‍വിള ഡോണ്‍ബോസ്കോ സ്കൂളിനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് സമാന രീതിയില്‍ ബോംബ് ശേഖരം കണ്ടെത്തിയിരുന്നു. കുളത്തൂര്‍, അരശുംമൂട് മേഖലയില്‍ നിലനില്‍ക്കുന്ന ഗുണ്ടാ കുടിപ്പക കാരണം അടുത്തിടെ നിരവധി അക്രമങ്ങള്‍ സ്ഥലത്ത് അരങ്ങേറിയിരുന്നു.
ഒരു വര്‍ഷം മുമ്പ് സോണല്‍ ഓഫീസിനു സമീപത്തു വച്ച് ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഈ സംഭവത്തിനു ശേഷം ചന്തയ്ക്കുള്ളില്‍ രാത്രികാലത്തെ ക്യാരംസ് കളി നിര്‍ത്തലാക്കിയത് ചില തര്‍ക്കങ്ങള്‍ക്കും കാരണമായി. സ്ഥലത്തെ യുവാക്കള്‍ ചന്തയ്ക്കുള്ളില്‍ തങ്ങുന്നത് തടയിടാന്‍ ബോധപൂര്‍വം ബോംബുകള്‍ ഉപേക്ഷിച്ചതാണോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. രാത്രികാലത്ത് കുളത്തൂര്‍ ചന്ത കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധശല്യം രൂക്ഷമാണെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: