അനീഷ് അയിലം
വെഞ്ഞാറമൂട്: കോഴിക്കോട് ചാലയിലും കൊല്ലം കരുനാഗപ്പളളിയിലും വന്‍ ടാങ്കര്‍ ദുരന്തങ്ങള്‍ ഇന്നും മലയാളിയുടെ മനസ്സില്‍ നടുക്കം ഉണ്ടാക്കുന്ന വേദനയാണ്.ടാങ്കര്‍ അപകടങ്ങള്‍ പതിവായി കേരളത്തില്‍ സംഭവിക്കുമ്പോഴും അഗ്നിശമനസേനയക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്.
ദിനം പ്രതി കേരളത്തിലങ്ങോളമിങ്ങോളം ഓടുന്നത് നിരവധി ടാങ്കറുകളാണ്. പ്രകൃതി വാതകം, പെട്രോള്‍, ഡീസല്‍ തുടങ്ങിയവ മുതല്‍ അതി ഭീകരമായ സള്‍ഫ്യൂരിക് ആസിഡ് വരെ ടാങ്കറുകളിലാണ് കൊണ്ടുപോകുന്നത്. എന്നാല്‍ ഇവയ്ക്കു വേണ്ട സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാറില്ല. അപകടം സംഭവിച്ചുകഴിഞ്ഞാല്‍ അഗ്നിശമന സേനക്ക് ആകെ ചെയ്യാന്‍ കഴിയുന്നത് തീപടരാതെ നോക്കുക എന്നതുമാത്രാമാണ്. അത്യാവശ്യമെങ്കില്‍ ആളുകളെ സ്ഥലത്ത് നിന്ന് മാറ്റുവാനും.
കരുനാഗപ്പള്ളിയില്‍ മറിഞ്ഞ ടാങ്കര്‍ തണുപ്പിക്കുക എന്നതിലൊതുങ്ങി കേരളത്തിന്റ അപകട രക്ഷാസംവിധാനം. അന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് ഇത്തര അപകടങ്ങളെ തരണം ചെയ്യാന്‍ ഫയര്‍ ഫോഴ്സിനെ ശക്തരാക്കുമെന്ന്. എന്നാല്‍ ഇന്നുംഅത് വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങി. അപടകത്തില്‍പ്പെടുന്ന ടാങ്കറുകളില്‍ നിന്ന് വാതകമോ, എണ്ണയോ ,ആസിഡോ സുരക്ഷിതമായി മറ്റൊരു ടാങ്കറിലേക്ക് മാറ്റുവാനുള്ള യാതൊരുവിധ സംവിധാനവും ഇന്ന് കേരളത്തിലില്ല. അപകടകരമായ വസ്തുക്കള്‍ റോഡ് മാര്‍ഗ്ഗമോ മറ്റ്മാര്ഗ്ഗങ്ങളിലൂടെയോ മാറ്റം ചെയ്യപ്പെടുമ്പോള്‍ കമ്പനികള്‍ പാലിക്കേണ്ട യാതൊരു മുന്‍കരുതലുകളും ഇനിയും നടപ്പിലാക്കിയിട്ടില്ല. ഇതിന് സംസ്ഥാന സര്‍ക്കാരും മൗനാനുമതി നല്‍കുകയാണ്.
അഞ്ചോളം വന്‍കിട എണ്ണ കമ്പനികളാണ് കേരളത്തിലുടനീളം എണ്ണ വിതരണം ചെയ്യുന്നത്. ടാങ്കറുകള്‍ അപകടത്തില്‍പ്പെടുമ്പോള്‍ രക്ഷാ സംവിധാനത്തിനായി കേരളത്തില്‍ ഇതിനുള്ള സംവിധാനം ഒരു സ്ഥലത്തെങ്കിലും പ്രവര്‍ത്തികമാക്കണമെന്ന മുറവിളി സര്‍ക്കാര്‍ കേട്ടില്ലെന്ന് നടിക്കുകയാണ്. കട്ടപ്പുറത്താകുന്ന വാഹനവും മുറിയാത്ത കട്ടറുകളും ഒടിയാറായ ഏണിയും ഉപയോഗിച്ചുവേണം ടാങ്കര്‍ ദുരന്തങ്ങളെ കേരള ഫയര്‍ഫോഴ്സ് നേരിടേണ്ടിവരുന്നത്. അതിനാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഫയര്േേഫാഴ്സെന്ന വലിയൊരു ജീവന് രക്ഷാ സംവിധാനം നിര്‍ജ്ജീവമായിപ്പോകുന്ന ഗതികേടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: