ആറ്റിങ്ങല്‍: മുദാക്കല്‍ പഞ്ചായത്തിലെ തോല്‍വിക്കുപിന്നില്‍ സിപിഎമ്മിലെ തൊഴിത്തില്കുത്തും വിഭാഗീയതയുമെന്ന് പരാജയപ്പെട്ട സ്ഥാനാര്‍ഥികള്‍. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പഞ്ചായത്ത് ഭരണവും ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും നഷ്ടമായത് സിപിഎം ലോക്കല്‍കമ്മറ്റിയുടെയും ഏര്യാകമ്മറ്റിയുടെയും കടുംപിടിത്തവും സ്വജനപക്ഷപാതവുമാണെന്നാണ് സ്ഥാനാര്‍ഥികളുടെ ആരോപണം.
കഴിഞ്ഞ പത്തുവര്‍ഷമായി സിപിഎം ഭരിക്കുന്ന പഞ്ചായത്തായിരുന്നു മുദാക്കല്‍. കഴിഞ്ഞ ഭരണസമിതിയുടെ കാലഘട്ടത്തില്‍ ഐഎസ്ഒ സര്ട്ടിഫിക്കേഷന് ലഭിക്കുകയും ചെയ്തിരുന്നു. കൂടാതെ പഞ്ചായത്തിന് വിട്ടുകിട്ടിയ സ്ഥാപനങ്ങള്‍ക്കും ഐഎസ്ഒ അംഗീകാരം ലഭിച്ചു. ഇതെന്നും തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങളിലെത്തിക്കാന്‍ ലോക്കല്‍കമ്മറ്റിയും പഞ്ചായത്ത് പ്രസിഡന്റും ശ്രമിച്ചില്ല. താന്‍ കഴിഞ്ഞാല്‍ മറ്റൊരു സിപിഎം പ്രസിഡന്റ് ഭരിക്കരുത് എന്ന കടുംപിടുത്തമാണ് ഇതിനു പിന്നിലെന്നും സ്ഥാനാര്‍ഥികളും പാര്‍ട്ടി അണികളും പറയുന്നു.
കൂടാതെ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി പ്രസിഡന്റും പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ്സിലെ നേതാക്കളും തമ്മിലുള്ള അവിശുദ്ധബന്ധമാണ് തോല്‍വിക്ക് കാരണമെന്നും ഒരുകൂട്ടര്‍ ആരോപിക്കുന്നു. ലോക്കല്‍കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇത്തവണ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നില്ല. സ്ഥാനാര്‍ഥികള്‍ സ്വന്തം നിലയിലായിരുന്നു വാര്‍ഡുകളില്‍ പ്രചാരണം നടത്തിയത്. അതുകൊണ്ടുതന്നെ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയുള്ള വോട്ട് അഭ്യര്‍ഥനപോലും വാര്‍ഡുകളില്‍ ലഭിച്ചില്ലത്രേ.
സിപിഎം പരാജയപ്പെട്ട 11 വാര്‍ഡുകളില്‍ അഞ്ചിലധികം സ്ഥലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി. ഇതും പരാജയത്തിന്റെ ആഴം കൂട്ടിയിരിക്കുകയാണ്. ഇതോടെയാണ് സ്ഥാനാര്‍ഥികള്‍ ഒളിഞ്ഞും തെളിഞ്ഞും പാര്‍ട്ടിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. പാര്‍ട്ടിയില്‍ നിന്നു പുറത്തുപോയ കൈപ്പറ്റിമുക്കില്‍ വിജയിച്ച മോഹനന് 425 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ബ്ലോക്കിലെ സ്ഥാനാര്‍ഥികള്‍ തോറ്റത് ഇതിലധികം വോട്ടുകള്‍ക്കാണ്. സ്വന്തം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥി തോറ്റടത്ത് വന്‍ലീഡ് നേടിയ ബ്ലോക്ക് സ്ഥാനാര്‍ഥികള്‍ മറ്റ് വാര്‍ഡുകളില്‍ തോറ്റത് പാര്‍ട്ടിക്കുള്ളിലെ അധികാരപ്പോരാണെന്നാണ് പ്രവര്‍ത്തകര്‍ തന്നെ പറയുന്നത്. കൂടാതെ എക്കാലവും ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥിക്ക് വന്‍ ഭൂരിപക്ഷം നല്കുന്ന മുദാക്കലില്‍ ഇത്തവണ ഇടത് സ്ഥാനാര്‍ഥി 1500 വോട്ടുകള്‍ക്ക് പിന്നിലായതും ലോക്കല്‍-ഏര്യാകമ്മറ്റികളുടെ അപചയമായാണ് പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ സിപിഎമ്മിന് കഴിയാതെപോയെന്നതാണ് മറ്റൊരു കാരണമായി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ വാര്‍ഡുകളില്‍ വിജയസാധ്യത ഉണ്ടായിരുന്ന സ്ഥാനാര്‍ഥികളെ സ്വജനപക്ഷത്തിനുവേണ്ടി മാറ്റിനിര്‍ത്തിയതിനു പിന്നില്‍ ഭൂ-മണല്‍ മാഫിയകളുടെ സ്വാധീനവും ഉണ്ടെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പ് റിവ്യൂകമ്മറ്റികളില് മുമ്പെങ്ങും ഉണ്ടാകാത്തവിധം പൊട്ടിത്തെറികളാ ലും മുദാക്കലിലെ സിപിഎം ലോക്കല്‍കമ്മറ്റിയെ കാത്തിരിക്കുന്നത്. തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയിലെ ഉള്‍പ്പോരും മുദാക്കലില്‍ സിപിഎമ്മിന് തലവേദനയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: