മാവേലിക്കര: കുറത്തികാട്ട് ഒരു വീട്ടില്‍ നിന്ന് രണ്ടര ടണ്‍ റേഷന്‍ അരി പൊലീസ് പിടികൂടി. റേഷന്‍ അരിയില്‍ കളര്‍ ചേര്‍ത്ത് ബ്രാന്റായി വില്‍ക്കുന്ന സംഘത്തില്‍ നിന്നാണ് 52 ചാക്ക് റേഷന്‍ അരി പിടിച്ചെടുത്തത്. ഇന്നലെ രാവിലെ കുറത്തികാട് പൊലീസ് നടത്തിയ പരിശോധനയിലാണ് വാഹനത്തില്‍ കയറ്റിയ നിലയില്‍ സൂക്ഷിച്ചിരുന്ന അരി പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ജീവനക്കാരായ കരിമുളക്കല്‍ മുകുള്പറമ്പില് സുകുമാരന്‍, ചുനക്കര അര്‍ച്ചന ഭവനത്തില്‍ സന്തോഷ് എന്നിവരെ അറസ്റ്റു ചെയ്തു.
കോമല്ലൂരില്‍ പുത്തന്‍ചന്തക്ക് സമീപം വീട് കേന്ദ്രീകരിച്ച് റേഷന്‍ അരി സൂക്ഷിക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. 52 ചാക്കുകളിലായി ലോറിയില്‍ സൂക്ഷിച്ചിരുന്ന രണ്ടര ടണ്‍ അരിയാണ് കണ്ടെത്തിയത്. റേഷന്‍ അരി വാല്ക്കനൈസ് ചെയ്തും നിറം നല്‍കിയും രൂപാന്തരം വരുത്തി ബ്രാന്റഡ് കമ്പനിയുടെ ചാക്കില്‍ പാക്ക് ചെയ്ത് ചങ്ങനാശ്ശേരിയിലെ ഗോഡൗണിലേക്ക് കൊണ്ടുപോകുന്നതാണ് സംഘത്തിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു.
ഒരു കിലോ അരിയില്‍ നിന്ന് 2025 രൂപ വരെ ലാഭം ലഭിച്ചിരുന്നതായി അറസ്റ്റിലായ തൊഴിലാളികള്‍ പറഞ്ഞു. ചുനക്കര ആലുംമൂട്ടില്‍ തെക്കേതില്‍ മാത്യു ജോര്‍ജ്ജിന്റെ നേതൃത്വത്തിലാണ് സംഘം പ്രവൃത്തിക്കുന്നത്. ഇയാള്‍ക്കെതിരെ റേഷന്‍ സാധനം കടത്തിയതിന് 2012ല്‍ മൂന്ന് കേസുകള്‍ എടുത്തിരുന്നു. ഇന്നലെ നടന്ന പരിശോധനയില്‍ ഇയാളെ പിടികൂടിയിട്ടില്ല. ലോറിയും അരിയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുറത്തികാട് പൊലീസ് കേസ് എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: