കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ ഇടതു-വലതു കോട്ടകളില്‍ ഹരിതകുങ്കുമ പതാക പാറിച്ച് ബിജെപി സ്ഥാനാര്‍ത്ഥികളുടെ തേരോട്ടം. ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രകടനം എതിര് സ്ഥാനാര്‍ത്ഥികളെ നിഷ്പ്രഭരാക്കുകയായിരുന്നു. ചേവരമ്പലം, സിവില്സ്റ്റേഷന്, കാരപ്പറമ്പ്, മീഞ്ചന്ത,ബേപ്പൂര്‍, ബേപ്പൂര്‍ പോര്‍ട്ട്, മാറാട് എന്നിവിടങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ കരുത്തുറ്റ വിജയം നേടി. കുടില്ത്തോട്, കുതിരവട്ടം, നടുവട്ടം, മൂന്നാലിങ്ങല്‍, നടക്കാവ്,ചക്കോരത്ത്കുളം, പുതിയാപ്പ എന്നിവിടങ്ങളില്‍ എതിര് സ്ഥാനാര്‍ത്ഥികളുമായി മികച്ചപോരാട്ടം കാഴ്ചവെച്ച് രണ്ടാംസ്ഥാനത്ത് എത്തുകയും ചെയ്തു.
ചേവരമ്പലത്ത് നിന്ന് 1989 വോട്ടുനേടി ബിജെപി മണ്ഡലം വൈസ്പ്രസിഡന്റുമായ ഇ.പ്രശാന്ത്കുമാറാണ് വിജയിച്ചത്. രണ്ടാസ്ഥാനത്ത് എത്തിയ സിപിഎമ്മിലെ അഡ്വ. എം.ജയദീപിനേക്കാള് 388 വോട്ടാണ് പ്രശാന്ത്കുമാര്‍ കൂടുതലായി നേടിയത്. ജന്മഭൂമിഏജന്റും പ്രദേശത്തെ പൊതുപ്രവര്‍ത്തകനുമാണ് പ്രശാന്ത്കുമാര്‍. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്നു ഇത്.
സിവില്സ്റ്റേഷന് ഡിവിഷനില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായ ജിഷ ഗിരീഷ് 1459 വോട്ടുനേടിയാണ് വിജയിച്ചത്. രണ്ടാംസ്ഥാനത്ത് എത്തിയ എന്‍സിപിയിലെ ശോഭന തട്ടാരിക്ക് 1399 വോട്ടാണ് ലഭിച്ചത്. എസ്സി വിഭാഗത്തിനായി സംവരണം ചെയ്ത ഡിവിഷനാണിത്. ബിജെപിക്കെതിരെ ഇരുമുന്നണികളും നടത്തിയ കുപ്രചരണങ്ങള്‍ക്ക് മറുപടിയാണ് സംവരണ വാര്‍ഡില്‍ നിന്നും ജിഷയുടെ വിജയം.
1590 വോട്ടു നേടിയാണ് നമ്പിടി നാരായണന് മീഞ്ചന്തയില്‍ വീണ്ടും ബിജെപി പതാക പാറിച്ചത്. രണ്ടാമത് എത്തിയ കോണ്‍ഗ്രസിലെ കെ.ആര് ഗിരീഷിനേക്കാള് 318 വോട്ടാണ് നാരായണന് അധികമായി നേടിയത്. റിട്ട. ഗവണ്മെന്റ് ഉദ്യോഗസ്ഥനായ ഇദ്ദേഹം ബിഎംഎസ് മുന്‍ ജില്ലാ സെക്രട്ടറി കൂടിയാണ്. സിപിഐ സ്ഥാനാര്‍ത്ഥി മുന്‍കൗണ്‍സിലറും എഐടിയുസി നേതാവുമായ പി.കെ.നാസര്‍ മീഞ്ചന്തയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞ വോട്ടാണ് ലഭിച്ചത്.
ബേപ്പൂര്‍ പോര്‍ട്ട് ഡിവിഷനില്‍ 2024 വോട്ടുനേടി എന്‍. സതീഷ്കുമാറാണ് ബിജെപിക്ക് വിജയം സമ്മാനിച്ചത്. മുന്‍പഞ്ചായത്ത് അംഗം കൂടിയാണദ്ദേഹം. സിപിഎമ്മിലെ റസ്സല്‍ പള്ളത്താണ് ഇവിടെ രണ്ടാമത് എത്തിയത്.
ബേപ്പൂര്‍ ഡിവിഷനില്‍ നിന്ന് ബിജെപി പ്രതിനിധിയായി കൗണ്‍സിലില്‍ എത്തുന്നത് അനില്‍കുമാറാണ്. 2373 വോട്ടാണ് അനില്‍കുമാര്‍ നേടിയത്. രണ്ടാമത് എത്തിയ സിപിഎമ്മിലെ പുരുഷോത്തമന് 2274 വോട്ടാണ് നേടിയത്.
മാറാട് ഡിവിഷനില്‍ ബിജെപിക്ക് വിജയം സമ്മാനിച്ചത് പൊന്നാത്ത് ഷൈമയാണ് 2526 വോട്ടാണ് ഷൈമ നേടിയത്. സിപിഎമ്മിലെ പി. മല്ലികയാണ് ഇവിടെ രണ്ടാമത് എത്തിയത്. 2500 വോട്ടാണ് മല്ലികക്ക് ലഭിച്ചത്. മഹിളാമോര്‍ച്ച മണ്ഡലംപ്രസിഡന്റാണ് ഷൈമ. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്നു മാറാട്.
കാരപ്പറമ്പ് ഡിവിഷനില്‍ നിന്ന് 1345 വോട്ടുനേടിയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ നവ്യഹരിദാസ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സി.സിന്ധു സതീഷ് 1225 വോട്ടുനേടി ഇവിടെ രണ്ടാം സ്ഥാനത്ത് എത്തി. കഴിഞ്ഞ തവണ കോണ്‍ഗ്രസ് ഇവിടെ 1444 വോട്ടാണ് നേടിയിരുന്നത്. ബി-ടെക് ബിരുദധാരിയാണ് നവ്യ. എസ്എന്‍ഡിപി, കെപിഎംഎസ് തുടങ്ങിയ പിന്നാക്ക സാമുദായിക സംഘടനകളുടെ പിന്തുണയും ബിജെപിയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.
തെരെഞ്ഞെടുപ്പ് കാല ത്ത് വികസനത്തെക്കുറിച്ച് സംസാരിക്കാതെ ബിജെപിക്കെതിരെ ഇരുമുന്നണികളും നടത്തിയ കുപ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുകയായിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.
കോര്‍പ്പറേഷനില്‍ കഴിഞ്ഞകാല എല്‍ഡിഎഫ് ഭരണസമിതികളുടെ കാലത്തുണ്ടായ അഴിമതിയും പ്രതിപക്ഷം ഇതിനോട് സ്വീകരിച്ച നിലപാടും ബിജെപിയുടെ വിജയത്തിനുള്ള കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: