തലശ്ശേരി: ചരിത്രപ്രാധാന്യമുള്ള തലശ്ശേരി നഗരസഭയില്‍ ബിജെപിക്ക് ചരിത്രവിജയം. കഴിഞ്ഞ തവണ രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി ഇത്തവണ ബഹുഭൂരിപക്ഷത്തോടെ 6 സീറ്റുകള്‍ നേടി. നിസ്സാര വോട്ടുകളുടെ കുറവില്‍ 13 വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തായി. ഇതില്‍ 3 ഉം 6 ഉം വോട്ടുകള്‍ക്ക് രണ്ടാം സ്ഥാനത്തായിപ്പോയ വാര്‍ഡുകള്‍ ഉള്‍പ്പെടുന്നു. നഗരസഭയിലെ രണ്ടാം വാര്‍ഡായ ഇല്ലിക്കുന്നില് അഡ്വ.വി.രത്നാകരന്, മൂന്നാം വാര്‍ഡായ മണ്ണായാട് വി.പ്രബീഷ്, 8-ാം വാര്‍ഡായ കുയ്യാലയില് പ്രേമലത ടീച്ചര്‍, 15 ാം വാര്‍ഡായ കുഞ്ഞാംപറമ്പില് പി.രമേശന്, 35-ാം വാര്‍ഡായ കൊമ്മല്‍വയലില്‍ കെ.ലിജേഷ്, 38-ാം വാര്‍ഡായ ടെമ്പിള്‍ ഗേറ്റില്‍ ഇ.കെ.ഗോപിനാഥ് എന്നിവരാണ് തലശ്ശേരി നഗരസഭയില്‍ താമരവിരിയിച്ച ബിജെപിയുടെ താരങ്ങള്‍.
എന്നാല്‍ 33-ാം വാര്‍ഡായ പുന്നോല്‍ ഈസ്റ്റിലെ ബിജെപി സ്ഥാനാര്‍ത്ഥി ദയാനന്ദന് മൂന്നു വോട്ടിനും 40-ാംവാര്‍ഡായ തിരുവങ്ങാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി എന്‍.സ്മിത 6 വോട്ടിനുമാണ് പരാജയപ്പെട്ടത്. കൂടാതെ 9-ാം വാര്‍ഡ് കോമത്ത് പാറ, 13-ാം വാര്‍ഡ് മോറക്കുന്ന്, 17-ാം വാര്‍ഡ് മഞ്ഞോടി, 25-ാം വാര്‍ഡ് കോടിയേരി വെസ്റ്റ്, 31-ാം വാര്‍ഡ് പുതുവാച്ചേരി, 32-ാം വാര്‍ഡ് മാടപ്പീടിക, 34-ാം വാര്‍ഡ് പുന്നോല്‍, 36-ാം വാര്‍ഡ് നങ്ങാറത്ത് പീടിക, 39-ാം വാര്‍ഡ് കല്ലായി തെരി, 45-ാം വാര്‍ഡ് മാരിയമ്മ, 50-ാം വാര്‍ഡ് തേറ്റംകുന്ന് എന്നിവിടങ്ങളിലാണ് കുറഞ്ഞ വോട്ടുകള്‍ക്ക് ബിജെപിക്ക് ജയം നഷ്ടമായതും രണ്ടാം സ്ഥാനത്തെത്തിയതും.
ഇതില്‍ 2, 3, 8 വാര്‍ഡുകളില്‍ കോണ്‍ഗ്രസ്സിനെയും 15, 35, 38 വാര്‍ഡുകളില്‍ യഥാക്രമം സിപിഐ, സിപിഎം മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളെയുമാണ് ബിജെപി പരാജയപ്പെടുത്തിയത്.
തലശ്ശേരി നഗരസഭയില്‍ ആകെയുള്ള 52 വാര്‍ഡുകളില്‍ ബിജെപി 6 സീറ്റ്, സിപിഎം-31, സിപിഐ-3, എന്‍സിപി-1, മുസ്ലീം ലീഗ്-6, എല്‍ഡിഫ് സ്വതന്ത്രര്‍ (വെല്‍ഫെയര്‍പാര്‍ട്ടി)-2, കോണ്‍ഗ്രസ്-3 എന്നിങ്ങനെയാണ് സീറ്റുകളുടെ നില. കഴിഞ്ഞ തവണ 33 സീറ്റുണ്ടായിരുന്ന സിപിഎമ്മിന് ഇത്തവണ 2 സീറ്റ് നഷ്ടപ്പെട്ടു 31 സീറ്റായി മാറിയതും സിപിഎമ്മിലെ മുന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ.ആശ മൂന്നാം സ്ഥാനത്തെത്തിയതും സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് തലശ്ശേരിയില്‍ ഉണ്ടായിട്ടുള്ളത്. 20ഉം 25ഉം വര്‍ഷമായ പ്രതിപക്ഷ നേതൃസ്ഥാനത്ത് മാറിമാറി നിലയുറപ്പിച്ചിരുന്ന കോണ്‍ഗ്രസിലെ സി.ടി.സജിത്തിനെയും മുസ്ലീം ലീഗിലെ കെ.എ.ലത്തീഫിനെയും പരാജയപ്പെടുത്തിയത് ബിജെപി സ്ഥാനാര്‍ത്ഥികളായ പി.രമേശനും, ഇ.കെ.ഗോപിനാഥുമാണ്. ജയിച്ച ബിജെപി സ്ഥാനാര്‍ത്ഥികളില്‍ അഡ്വ.വി.രത്നാകരന് ബിജെപിയുടെ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: