പത്തനംതിട്ട: തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ പലപ്രമുഖ നേതാക്കള്‍ക്കും കാലിടറി. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബുജോര്‍ജ്ജ്, എം.പി മണിയമ്മ, പഴകുളം ശിവദാസന്‍, വെട്ടൂര്‍ജ്യോതിപ്രസാദ്, എ.ഷംസുദീന്‍, അമൃതം ഗോകുലന് തുടങ്ങിയവരടക്കം പരാജയമറിഞ്ഞു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരില്‍ ബാബുജോര്‍ജ്ജ് മാത്രമാണ് ഇക്കുറി മത്സരത്തിനുണ്ടായിരുന്നത്. കഴിഞ്ഞതവണ മലയാലപ്പുഴ ഡിവിഷനില്‍ നിന്നുമാണ് വിജയിച്ചത്. ഇതും സമീപ ഡിവിഷനും വനിതാ സംവരണ മണ്ഡലം ആയതിനാല്‍ കൊടുമണ്‍ ഡിവിഷനിലേക്ക് ബാബുജോര്‍ജ്ജ് മത്സരിക്കാനെത്തുകയായിരുന്നു. എന്നാല്‍ സിപിഎമ്മിലെ അഡ്വ.പിബി.രാജീവ് കുമാറിനോട് 112 വോട്ടുകള്‍ക്കാണ് അടിയറവു പറഞ്ഞത്. കോന്നി ഡിവിഷനില്‍ മുന്‍ ജില്ലാ പഞ്ചായത്ത് അംഗം സിപിഐയിലെ എം.പിമണിയമ്മയെ കോണ്‍ഗ്രസിലെ ബിനിലാലാണ് പരാജയപ്പെടുത്തിയത്. 545 വോട്ടുകളാണ് ബിനിലാലിന് കൂടുതല്‍ നേടാനായത്. ജില്ലാ പഞ്ചായത്തിലെ പള്ളിക്കല്‍ വാര്‍ഡില്‍ സിപിഐയിലെ മുരുകേശിയോട് 544 വോട്ടുകള്‍ക്കാണ് ജനശ്രീയുടെ ജില്ലാ ചെയര്‍മാനായ പഴകുളം ശിവദാസന്‍ പരാജയപ്പെട്ടത്. സേവാദള്‍ ചെയര്മാന് വെട്ടൂര്‍ജ്യോതി പ്രസാദ് , മലയാലപ്പുഴ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ബിജെപിയിലെ സന്തോഷ് കുമാര്‍ 17 വോട്ടുകള്‍ക്ക് വിജയിച്ച ഇവിടെ രണ്ടാമതെത്തിയത് സിപിഐയിലെ പി.എസ്.ഗോപാലകൃഷ്ണപിള്ളയാണ്. പത്തനംതിട്ട നഗരസഭയിലെ ഒന്നാംവാര്‍ഡ് പെരിങ്ങമലയില്‍ സിപിഎമ്മിലെ പി.കെ. അനീഷിനോടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ഐഎന്‍ടിയുസി നേതാവുമായ ഷംസുദീന്‍ അടിയറവ് പറഞ്ഞത്. 49 വോട്ടുകളാണ് അനീഷിന് കൂടുതല്‍ നേടാനായത്. നഗരസഭയിലേതന്നെ വെട്ടിപ്പുറം നാലാം വാര്‍ഡിലാണ് സിപിഎമ്മിന്റെ ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥിയായിരുന്ന അമൃതം ഗോകുലന് വന്‍ പരാജയം ഏറ്റുവാങ്ങിയത്. 103 വോട്ടുകള്‍ മാത്രം നേടി നാലാം സ്ഥാനത്തേക്ക് ഇവര്‍ പിന്തള്ളപ്പെട്ടു. കേരളാ കോണ്‍ഗ്രസ് എമ്മിലെ ഷൈനിയാണ് ഇവിടെ 174 വോട്ടുകള്‍ക്ക് ഇവിടെ വിജയിച്ചത്.144 വോട്ടുകള്‍ നേടി ബിജെപിയിലെ കുമാരി ലതയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. സ്വതന്ത്രയായി മത്സരിച്ച സുനി രാജുവിനും പിന്നീലാണ് സിപിഎം നേതാവായ അമൃതം ഗോകുലന്റെ സ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: