തിരുവല്ല: താലൂക്കിലെ വിവിധ പോളിംഗ് സ്റ്റേഷനുകളില്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റം നേരിയ സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കി. കടപ്ര പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ സെന്റ്ഫ്രാന്സിസ് സ്കൂളിലെ ബൂത്തില്‍ വോട്ടുചെയ്യാന്‍ എത്തിയ സമ്മതിദായകനെ സിപിഎം മുന്‍ഏരിയാ സെക്രട്ടറിയും ബൂത്ത് ഏജന്റുമായ എ. ലോപ്പസ്സ് മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നു. ആറ്, എട്ട് വാര്‍ഡുകളിലെ വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ള സമ്മതിദായകന് എട്ടാം വാര്‍ഡില്‍ വോട്ടുചെയ്യാന്‍ എത്തിയതാണ് ബൂത്ത് ഏജന്റിനെ പ്രകോപിപ്പിച്ചത്.
വാക്കേറ്റത്തിനൊടുവില്‍ ബൂത്ത് ഏജന്റ് സമ്മതിദായകനെ അടിച്ച് നിലത്തിട്ടതായാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. പ്രശ്നം രൂക്ഷമായതോടെ കൂടുതല്‍ പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. ആറാം വാര്‍ഡില്‍ ഇതേ സമ്മതിദായകന് വോട്ട് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഉറപ്പാക്കിയതിന് ശേഷം പ്രിസൈഡിംഗ് ആഫീസര്‍ ഇയാളെ വോട്ടുചെയ്യാന്‍ അനുവദിച്ചു.
കവിയൂരില്‍ യുഡിഎഫ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഉണ്ടായ വാക്കേറ്റം നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. ചുമത്രയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന് പോളിംഗ് സ്റ്റേഷന് സമീപം ഇറക്കിയത് യുഡിഎഫ് പ്രവര്‍ത്തകരുമായി വാക്കേറ്റത്തിനും സംഘര്‍ഷത്തിനും ഇടയാക്കി. വേങ്ങല്‍ ആലംതുരുത്തിയില്‍ ഇടതുവലത് മുന്നണി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റം പോലീസ് എത്തി പരിഹരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: