പത്തനംതിട്ട: തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് ജില്ലയിലെ പത്തുലക്ഷത്തിലേറെ സമ്മതിദായകര്‍ ജനവിധി രേഖപ്പെടുത്തും. 1041 ജനപ്രതിനിധികളെയാണ് തെരഞ്ഞെടക്കേണ്ടത്. നാല് നഗരസഭകളിലേയും ത്രിതല പഞ്ചായത്തുകളിലുമായി 3808 പേരാണ് ജനവിധിതേടുന്നത്. ഇവരില്‍ 700 ലധികം ബിജെപി സ്ഥാനാര്‍ത്ഥികളും ഉള്‍പ്പെടുന്നു. പള്ളിക്കല്‍ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ ഒരു സ്ഥാനാര്‍ത്ഥിയുടെ സ്ഥാനാര്‍ത്ഥിത്തം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഏറത്ത് ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയുടെ മരണത്തെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്.
ഗ്രാമ പഞ്ചായത്തുകളില്‍ 787 വാര്‍ഡുകളില്‍ 2889 സ്ഥാനാര്‍ഥികളും ബ്ലോക്ക് പഞ്ചായത്തില്‍ 106 മണ്ഡലങ്ങളില്‍ 348 സ്ഥാനാര്‍ഥികളും ജില്ലാ പഞ്ചായത്തിന്റെ 16 ഡിവിഷനുകളില്‍ 61 സ്ഥാനാര്‍ഥികളും നഗരസഭയുടെ 132 മണ്ഡലങ്ങളില്‍ 510 സ്ഥാനാര്‍ഥികളും ജനവിധി തേടും.
1458 പോളിംഗ് ബൂത്തുകളില്‍ 1326 പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ 6032 പോളിംഗ് ഉദ്യോഗസ്ഥര്‍ വോട്ടെടുപ്പിന് തയാറായിക്കഴിഞ്ഞു. ഇന്നലെ വിതരണ കേന്ദ്രങ്ങളില്‍ നിന്നും പോളിംഗ് സാമഗ്രികളുമായി പോളിംഗ് ബൂത്തുകളിലെത്തിയ ഉദ്യോഗസ്ഥര്‍ വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കി. പോളിംഗ് കൗണ്ടറുകള്‍ സ്ഥാപിച്ച് സ്ഥാനാര്‍ഥികളുടെ പട്ടിക വോട്ടര്‍മാര്‍ക്ക് കാണാവുന്ന വിധം പതിച്ച് പോളിംഗ് ഏജന്റുമാര്‍ക്ക് തിരിച്ചറിയല്‍ രേഖ നല്കി വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് രാവിലെ പോളിംഗ് തുടങ്ങുന്നതിന് മുന്‍പ് സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ മോക്ക്പോള്‍ നടക്കും.
മൂവായിരത്തിലധികം പോലീസുകാരുടെ നേതൃത്വത്തില്‍ വിപുലമായ സുരക്ഷാ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഇവരെ അഞ്ച് യൂണിറ്റുകളായി തിരിച്ച് ഓരോ ഡിവൈ.എസ്.പിമാരുടെ മേല്‍നോട്ടത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കും. 40 ക്രമസമാധാന പട്രോളിംഗും 102 ഗ്രൂപ്പ് പട്രോളിംഗും ആരംഭിച്ചിട്ടുണ്ട്. 11 സി.ഐമാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളിലും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 60 പ്രശ്നബാധിത ബൂത്തുകളില്‍ ഡ്യൂട്ടി ഓഫീസറെ കൂടാതെ ഒരു അധിക സിവില്‍ പോലീസ് ഓഫീസറുമുണ്ടാവും. 102 സെന്‍സിറ്റീവ് ബൂത്തുകളിലും ഒരു അധിക സിവില്‍ പോലീസ് ഓഫീസറെ നിയോഗിച്ചിട്ടുണ്ട്. 13 വള്‍നറബിള്‍ ബൂത്തുകളില്‍ നാല് അധിക സിവില്‍ പോലീസ് ഓഫീസര്‍മാരും ഗ്രൂപ്പ് പട്രോളിംഗുമുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: