പത്തനംതിട്ട: തദ്ദേശസ്ഥാന തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് സാമഗ്രികളുടെ വിതരണം എട്ടു ബ്ളോക്കുകളിലെ കേന്ദ്രങ്ങളില്‍ ഇന്ന് നടക്കും. വിതരണ കേന്ദ്രങ്ങള്‍ രാവിലെ എട്ടിന് തുറക്കും. തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ രാവിലെ പത്തിന് കേന്ദ്രങ്ങളിലെത്തണം. ജില്ലയിലെ 1458 പോളിംഗ് ബൂത്തുകളിലേക്ക് 6032 പോളിംഗ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതില്‍ 1326 പ്രിസൈഡിംഗ് ഓഫീസര്‍മാരും 157 റിസര്‍വ് പ്രിസൈഡിംഗ് ഓഫീസര്‍മാരും 3978 പോളിംഗ് ഓഫീസര്‍മാരും 571 റിസര്‍വ് പോളിംഗ് ഓഫീസര്‍മാരുമാണുള്ളത്.
കേന്ദ്രങ്ങളില്‍ നിന്ന് പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങേണ്ടുന്ന കൗണ്ടറുകളുടെ വിവരം എഴുതി ഒട്ടിച്ചിട്ടുണ്ടാവും. ഇതില്‍ ഓരോ ടീമിന്റെയും പേരുണ്ടാവും. വോട്ടിംഗ് മെഷീന് ഉള്‍പ്പടെയുള്ള സാമഗ്രികള്‍ പരിശോധിച്ച് പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. ജീവനക്കാരെ പോളിംഗ് കേന്ദ്രങ്ങളിലെത്തിക്കാന്‍ ആര്.ടി.ഒ നല്കിയ ലിസ്റ്റ് അനുസരിച്ച് വാഹനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ബി.ഡി.ഒമാര്‍ക്കാണ് ഇതിന്റെ ചുമതല. ഓരോ പോളിംഗ് ബൂത്തുകളിലേക്കുമുള്ള വാഹനങ്ങളുടെ വിവരം അനൗണ്‍സ് ചെയ്യും. ഇതനുസരിച്ച് ജീവനക്കാര്‍ വാഹനങ്ങള്‍ കയറണമെന്ന് ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ സുന്ദരന്‍ ആചാരി അറിയിച്ചു.
പോളിംഗ് ബൂത്തുകളിലെത്തിയ ശേഷം സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് ഭിത്തിയില്‍ യഥാസ്ഥാനത്ത് പതിക്കണം. പഞ്ചായത്തുകളില്‍ 200 മീറ്റര്‍ ചുറ്റളവിലും നഗരസഭകളില്‍ 100 മീറ്റര്‍ ചുറ്റളവിലും ബൂത്തുകള്‍ക്ക് സമീപം പ്രചാരണങ്ങള്‍ നടക്കുന്നില്ലെന്ന് റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം. ബൂത്തുകളിലേക്ക് സ്റ്റാന്‍ഡ്ബൈ വോട്ടിംഗ് മെഷീനുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബൂത്തുകളിലെ സൗകര്യം പരിശോധിക്കാന്‍ സെക്ടറല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: