ന്യൂദല്‍ഹി: രാജ്യത്തൊട്ടാകെ കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് സൗകര്യം നല്‍കാനുള്ള പരീക്ഷണത്തിന് ഗൂഗിളിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. പ്രോജക്ട് ലൂണ്‍ എന്നതാണ് പരിപാടി. ഇന്റര്‍നെറ്റ് ബലൂണ്‍ എങ്ങും പറത്തിവിടുകയാണ് പദ്ധതിയുടെ കാതല്‍.പരമ്പരാഗത രീതിയില്‍ നിന്ന് വേറിട്ട പദ്ധതിയാണിത്.
ഗൂഗിളിന്റെ ലൂണ്‍ ബലൂണുകള്‍ 20കിലോമീറ്റര്‍ ഉയരത്തിലാകും പറത്തുക. ഓരോ ലൂണിനും 40 കിലോമീറ്റര്‍ ചുറ്റളവില്‍ ഇന്റര്‍നെറ്റ് സൗകര്യം നല്‍കാനുള്ള ശേഷിയുണ്ട്. ഇവയിലെ സോളാര്‍ പാനലുകള്‍ വഴിയാകും പ്രവര്‍ത്തനത്തിനുള്ള ഊര്‍ജ്ജം ലഭിക്കുക. ഇത്തരം ബലൂണുകള്‍ കൂടുതലും ഗ്രാമങ്ങളിലാകും വിന്യസിക്കുക.
ഗ്രാമങ്ങളിലും വിദൂരസ്ഥലങ്ങളിലും ഇന്റര്‍നെറ്റ് എത്തിക്കുകയാണ് ലക്ഷ്യം. ഇവയുടെ ചുമതല ഗൂഗിളിനായിരിക്കും.ബിഎസ്എന്‍എല്ലും ഗൂഗിളും ചേര്‍ന്നാകും ഇത് നടപ്പാക്കുക. ബിഎസ്എന്‍എല്ലിന്റെ സ്പെക്ട്രമാകും ഗൂഗിള്‍ ഉപയോഗിക്കുക.
ഫോര്‍ ജി യാകും ലഭിക്കുക.
ലൂണ്‍ പദ്ധതിയാദ്യം നടപ്പാക്കിയത് ന്യൂസീലാന്‍ഡിലാണ്. രണ്ടാമത് ബ്രസീലിലും. ശ്രീലങ്കയിലും ഈ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. ഇന്തോനേഷ്യയിലും പദ്ധതി നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. ഈ പദ്ധതി നടപ്പാക്കുന്ന അഞ്ചാമത്തെ രാജ്യമാകും ഭാരതം.പദ്ധതിക്ക് പൈലറ്റില്ലാ വിമാനങ്ങള്‍( ഡ്രോണുകള്‍) ഉപയോഗിക്കാനായിരുന്നു പദ്ധതിയെങ്കിലും അതിന് തത്ക്കാലം കേന്ദ്രം അനുമതി നല്‍കിയിട്ടില്ല. അനുമതി ലഭിച്ചാല്‍ ഡ്രോണുകളും ഉപയോഗിക്കും.
ഡേറ്റാ സ്വീകരിക്കാനും അയക്കാനും രണ്ട് റിസീവറുകളാകും ഇതില്‍. ഒരു കമ്പ്യൂട്ടറും ഒരു ജിപിഎസ് സംവിധാനവും ഇതിലുണ്ടാകും. കാറ്റനുസരിച്ച് ബലൂണിന്റെ ഉയരം കൂട്ടാനും കുറയ്ക്കാനുമുള്ള സംവിധാനവും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ടാകും. പ്രത്യേകതരം പഌസ്റ്റക്ക് കൊണ്ടാകും ബലൂണുകള്‍ നിര്‍മ്മിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: