സംഗീത് രവീന്ദ്രന്
ഇടുക്കി: മറയൂരില്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ പരിശോധന കയ്യാംകളിയില്‍ അവസാനിച്ചു. പരിശോധക്കിടെ വീട്ടുടമസ്ഥന്റെ ഭാര്യയെ എക്സൈസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതായി പരാതി. ഇത് ചോദ്യം ചെയ്യാന്‍ എത്തിയ സിപിഎം പ്രവര്‍ത്തകര്‍ എക്സൈസ് ഓഫീസിലെത്തി ഇന്‍സ്പെക്ടറെയും മര്‍ദ്ദിച്ചു. പരിക്കേറ്റ മറയൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സിബി മത്തായി അടിമാലിയില്‍ ചികിത്സയിലാണ്. ഇന്നലെ ഉച്ചയോടെ ആണ് മറയൂര്‍ മൈയിലാടി സ്വദേശി കല്വിന്റെ കടയോടുകൂടിയ വീട്ടില്‍ എക്സൈസ് സംഘം പരിശോധനക്ക് എത്തിയത്. ഇവിടെ നിന്നും 1 കുപ്പി ബിയര്‍ ഉദ്യോഗസ്ഥ സംഘം പിടികൂടിയിട്ടുണ്ട്. ബിയര്‍ വില്‍പ്പനയ്ക്കാണ് സൂക്ഷിച്ചത് എന്ന പേരിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കല്വിനെ അറസ്റ്റ് ചെയ്യുന്നതിനിടെ അന്യായമായി തന്റെ ഭര്‍ത്താവിനെ പിടികൂടുകയാണെന്ന് ആരോപിച്ച് ഭാര്യ ശുഭ തടസ്സം പിടിച്ചു. ഇതിനെ തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നു എന്ന് ശുഭ പറയുന്നു. പരിക്കേറ്റ ശുഭ ആശുപത്രിയില്‍ ചികിത്സയിലാണ്. അന്യായമായി കല്വിനെ അറസ്റ്റ് ചെയ്തതില്‍ പ്രധിക്ഷേധിച്ച് എക്സൈസ് ഓഫീസില്‍ എത്തിയ സിപിഎം പ്രവര്‍ത്തകര്‍ ഇന്‍സ്പെക്ടറെ മര്‍ദ്ദിക്കുകയായിരുന്നു. ഇന്‍സ്പെക്ടര്‍ ക്ഷുഭിതനായി സംസാരിച്ചതാണ് പ്രവര്‍ത്തകരെ പ്രകോപിച്ചതെന്നാണ് വിവരം. സംഭവത്തില്‍ ഇയാളുടെ കാലിനും കൈക്കും പരിക്കേറ്റിട്ടുണ്ട്. ഓഫീസിലെ ഉപകരണങ്ങളും നശിപ്പിച്ച നിലയിലാണ്. ഇന്‍സ്പെക്ടറുടെ പരാതിയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ മറയൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ശുഭയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കടയില്‍ നിന്ന് മുന്‍പും മദ്യം പിടികൂടിയിട്ടുണ്ട്. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വിശദമായ അന്വേഷണത്തില്‍ മാത്രമേ വ്യക്തമാകു എന്ന് മറയൂര്‍ എസ്ഐ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: