തലശ്ശേരി: തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള പ്രശ്നബാധിത ബൂത്തുകള്‍ എഡിജിപി ശങ്കര്‍ റെഡ്ഡിയും സംഘവും ഇന്നലെ ഉച്ചതിരിഞ്ഞ് സന്ദര്‍ശിച്ചു. സംഘര്‍ഷം ഒഴിവാക്കുന്നതിന് 8500 ഓളം പോലീസ് സേനയെ നിയോഗിച്ചതായി അദ്ദേഹം പറഞ്ഞു. നാല് കമ്പനി കര്‍ണാടക പോലീസിനെയും കൂടെ സ്പെഷ്യല്‍ പോലീസ് ടീമിനെയും കിഴക്കന്‍ മേഖലകളിലെ മാവോവാദി ഭീഷണി നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ തണ്ടര്‍ ബോള്‍ട്ടിനെയും നിയോഗിച്ചിട്ടുണ്ട്. എസ്ഐ, സിഐ, ഡിവൈഎസ്പി തസ്തികയിലുള്ള ഉദ്യോഗസ്ഥര്‍ ഇതിന് നേതൃത്വം നല്‍കും. പ്രശ്ന ബാധിത മേഖലകളില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ പൊതുജനങ്ങള്‍ക്ക് അത് മൊബൈലില്‍ പകര്‍ത്തി പോലീസ് ഉദ്യോഗസ്ഥന് കൈമാറാം. മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇക്കാര്യത്തില്‍ സഹകരിക്കാവുന്നതാണ്. വെബ് ക്യാമറകള്‍ സ്ഥാപിക്കാത്ത സ്ഥലങ്ങളില്‍ പോലീസിന് സ്വന്തം ക്യാമറകളിലും വിഡിയോകളിലും ദൃശ്യങ്ങള്‍ പകര്‍ത്താം. അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും എഡിജിപി അറിയിച്ചു. തെരഞ്ഞെടുപ്പിന് മുമ്പായി പോലീസ് റെയ്ഡില്‍ നിരവധി ആയുധങ്ങളും ബോംബുകളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. റേഞ്ച് ഐജി ദിനചന്ദ്ര കശ്യപ്, എസ്പി ഉണ്ണിരാജ, എഎസ്പി സാജു ടി പോള്‍ തുടങ്ങിയവരും അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്നു. എഎസ്പി ഓഫീസില്‍ വെച്ചാണ് എഡിജിപി ഇക്കാര്യങ്ങള്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: