തലശ്ശേരി: മുസ്ലീം മതതീവ്രവാദ സംഘടനയായ എസ്ഡിപിഐയുമായി തലശ്ശേരിയില്‍ സിപിഎം സഖ്യമുണ്ടാക്കിയതിനെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡണ്ട് എന്‍.ഹരിദാസ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബിജെപിയെ വര്‍ഗ്ഗീയ പാര്‍ട്ടിയെന്ന് വിളിച്ച് ആക്ഷേപിക്കുന്ന കോടിയേരിയും പിണറായിയും അച്ചുതാനന്ദനുമൊക്കെ എസ്ഡിപിഐ മതേതര പാര്‍ട്ടിയാണോ എന്ന് ജനങ്ങളോടും സ്വന്തം അനുയായികളോടും അര്ത്ഥശങ്കക്കിടയില്ലതെ വ്യക്തമാക്കണമെന്നും അതിന് കഴിയില്ലെങ്കില്‍ ന്യൂനപക്ഷ വോട്ടു തട്ടാന്‍ വേണ്ടിയാണ് തലശ്ശേരിയില്‍ ധാരണ ഉണ്ടാക്കിയതെന്ന് പറയാനെങ്കിലും തയ്യാറാവണമെന്നും ഹരിദാസന് പറഞ്ഞു.
ഫസല്‍ വധക്കേസില്‍ നിന്ന് രക്ഷനേടാന്‍ വേണ്ടിയാണ് ഇത്തരമൊരു സഖ്യമുണ്ടാക്കിയതെന്നാണ് സിപിഎമ്മിന്റെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ ഇത് മാത്രമല്ല, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെക്കൂടി കണക്കിലെടുത്താണ് ഈ സഖ്യത്തിന് സിപിഎം കരുക്കള്‍ നീക്കിയത്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നാട്ടില്‍ നടക്കുന്ന ഈ അവിശുദ്ധ കൂട്ടുകെട്ട് സംസ്ഥാന വ്യാപകമാക്കുന്നതിന്റെ ഭാഗമാണ്. ജനങ്ങളെ വഞ്ചിക്കുന്ന സിപിഎമ്മിന്റെ ഈ നയത്തില്‍ പ്രതിപക്ഷ നേതാവ് വിഎസും ഇടത് മുന്നണിയിലെ ഘടകകക്ഷികളും നിലപാട് വ്യക്തമാക്കണമെന്നും ഇതിനായി എസ്ഡിപിഐക്ക് നല്കിയ വാഗ്ദാനങ്ങള്‍ എന്തൊക്കെയാണെന്ന് പുറത്ത് പറയാനുള്ള ചങ്കൂറ്റം കാട്ടണമെന്നും ഹരിദാസ് ആവശ്യപ്പെട്ടു. ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയെ മരവിപ്പിച്ചുകൊണ്ട് എസ്ഡിപിഐക്കും എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളെ മരവിപ്പിച്ചുകൊണ്ട് സിപിഎമ്മിനും പരസ്പരം വോട്ടുകള്‍ മാറ്റിച്ചെയ്യണമെന്ന് വീടുകള്‍ തോറും കയറിപ്പറയേണ്ടിവന്ന അനുയായികള്‍ ആശയക്കുഴപ്പത്തിലകപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതേ അടവുനയമാണ് കോണ്‍ഗ്രസും യുഡിഎഫും തലശ്ശേരിയില്‍ പ്രയോഗിക്കുന്നത്. കോണ്ഗ്രസ്സുകാര് അതിന് മറ്റൊരു മുസ്ലീം തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയെയാണ് കൂട്ടുപിടിച്ചിരിക്കുന്നത്. അതിനായി യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെ മരവിപ്പിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കും വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ മരവിപ്പിച്ച് യുഡിഎഫിനും വോട്ട് ചോദിക്കുന്ന കാഴ്ചയാണ് തലശ്ശേരിയിലുള്ളത്. ഇരുമുന്നണികളും മുസ്ലീം വര്‍ഗ്ഗീയ സംഘടനകളെ കൂട്ടുപിടിച്ച് അവസരവാദ അവിശുദ്ധ ധാരണയുണ്ടാക്കിയത് അധികാര മോഹം മാത്രമാണ്.
അധികാരമില്ലാതെ ജീവിക്കാന്‍ കഴിയില്ല എന്നതാണ് ഇരുമുന്നണികളുടെയും അവസ്ഥ. മറ്റൊന്നു ബിജെപിയുടെ വളര്‍ച്ചയാണ്. കോണ്‍ഗ്രസ്സില്‍ നിന്നും സിപിഎമ്മില്‍ നിന്നും പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് ഒഴുകുന്നതിന്റെ പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പിടിച്ചുനില്‍ക്കാനുള്ള വ്യഗ്രതയാണ് രണ്ടുമുന്നണികളും വര്‍ഗ്ഗീയ തീവ്രവാദ സംഘടനകളെ കെട്ടിപ്പുണരാന്‍ കാരണമെന്നും ഹരിദാസന് പറഞ്ഞു. പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി കെ.എന്‍.മോഹനന്, സെക്രട്ടറി എം.പി.സുമേഷ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: