തിരുവല്ല: പന്നിക്കുഴി പാലനിര്‍മ്മാണം നവംബര്‍ ഏഴിനകം പൂര്‍ത്തിയായില്ലെങ്കില്‍ കരാറുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുക്കാനുള്ള നടപടി തുടങ്ങി. കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കെഎസ്ടിപി നല്കിയ ഉറപ്പുകള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നിയമനടപടികള്‍ ആരംഭിച്ചത്.
ഇതിന്റെ ഭാഗമായി ഐപിസി 133പ്രകാരം തിരുവല്ല സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് കൂടിയായ ആര്‍ഡിഒ എ. ഗോപകുമാര്‍ ഇന്നലെ ഷോകോസ് നോട്ടിസ് നല്കി. കെഎസ്ടിപി ഡപ്യൂട്ടി റസിഡന്റ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍, കരാര്‍ കമ്പനിയായ ശ്രീധന്യ കണ്‍സ്ട്രക്ഷന്‍സ്, പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്സിക്യുട്ടീവ് എഞ്ചീനീയര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് നോട്ടിസ് നല്‍കിയത്.
ഏഴുദിവസത്തിനകം പണികള്‍ പൂര്‍ത്തിയാക്കി പാലം ഗതാഗതത്തിന് തുറന്നുകൊടുത്തില്ലെങ്കി ല്‍ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ക്കെതിരെ ഐപിസി 188 പ്രകാരം കേസെടുക്കുവാനാണ് നീക്കം. സെപ്തംമ്പര്‍ 10ന് മാത്യു ടി തോമസ് എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഒകടോബര് 31നകം നിര്‍മ്മാണം പൂര്‍ത്തിയാക്കി ഒറ്റവരി ഗതാഗതം സാധ്യമാക്കുമെന്ന് കെഎസ്ടിപിഉറപ്പ് നല്‍കിയിരുന്നു. പാലത്തിന്റെ നിര്‍മ്മാണം വൈകുന്നതിനാല്‍ എംസിറോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
കാലാവസ്ഥ അനുകൂലമായിരുന്നെങ്കിലും അധികൃതരുടെ അനാസ്ഥകാരണമാണ് നിര്‍മ്മാണ ജോലികള്‍ ഇഴഞ്ഞു നീങ്ങിയത്. പാലത്തിന്റെ ജോലികള്‍ ഏകദേശം പൂര്‍ത്തിയായെങ്കിലും ഇരുവശങ്ങളിലെയും അപ്പ്രോച്ച്റോഡിന്റെ ജോലികള്‍ ഇനിയും ബാക്കിയാണ്.
2014 സെപ്റ്റംബര്‍ 16നാണ് പാലത്തിന്റെ പണി തുടങ്ങിയത്. എട്ടുമാസത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തിയാക്കാനായിരുന്നു കരാര്‍. എന്നാല്‍ കരാര്‍ കാലാവധി കഴിഞ്ഞ് ആറുമാസം പിന്നിടുമ്പോഴും നിര്‍മ്മാണം ഇഴയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: