തലശ്ശേരി: എല്‍ഡിഎഫ് എസ്ഡിപിഐയുമായും യുഡിഫ് ജമാഅത്തെ ഇസ്ലാമിയുമായും തെരഞ്ഞെടുപ്പ് സഖ്യത്തില്‍ ഏര്‍പ്പെട്ടതോടെ ബിജെപി കേന്ദ്രങ്ങളില്‍ പ്രതീക്ഷ അലയടിച്ചു തുടങ്ങി. നാളെ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശപത്രിക നല്‍കുകയും തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയും ചെയ്ത സ്ഥാനാര്‍ത്ഥികള്‍ പലയിടത്തുനിന്നും മുന്നണികളുടെ അവിശുദ്ധ കൂട്ടുകെട്ടിന്റെ അടിസ്ഥാനത്തില്‍ പിന്മാറി. അതോടെ നേരത്തെ ഉയര്‍ത്തിയിരുന്ന പ്രചരണ ബോര്‍ഡുകളും ചിഹ്നങ്ങളും വാര്‍ഡുകളില്‍ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. എന്നാല്‍ പിന്‍വലിക്കപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്കും നേതാക്കള്‍ക്കും വിശ്രമമില്ല. നേരത്തെ വീടുകയറി വോട്ട് നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച സ്ഥാനാര്‍ത്ഥികള്‍ ഇപ്പോള്‍ വീണ്ടും വീടുകയറി വോട്ട് വേണ്ടെന്നും ഞാന്‍ പിന്മാറിയിരിക്കുകയാണെന്നും അതിനാല്‍ നിങ്ങളുടെ വോട്ട് എല്‍ഡിഎഫിന് അവരുടെ പാര്‍ട്ടികളുടെ ചിഹ്നത്തില്‍ നല്‍കണമെന്നും എസ്ഡിപിഐക്കാരും നേരെമറിച്ച് പിന്‍വലിഞ്ഞ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ താന്‍ മത്സരരംഗത്ത് നിന്ന് പിന്മാറിയെന്നും അതിനാല്‍ വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് അവരുടെ ചിഹ്നത്തില്‍ നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുന്ന തിരക്കിലാണ്.
രണ്ട് മതതീവ്രവാദ സംഘടനകള്‍ക്കായി പിന്മാറിയ എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ത്ഥികളും ഇത്തരത്തില്‍ തന്നെ വീടുകയറിയിറങ്ങുകയാണ്. എന്നാല്‍ പിന്മാറിയവര് പിരിച്ചെടുത്ത പണം എന്തുചെയ്യുമെന്നാണ്് വോട്ടര്‍മാര്‍ ഉറ്റുനോക്കുന്നത്. തുടക്കം മുതല്‍ സ്ഥാനാര്‍ത്ഥികളെയും ചിഹ്നവും മാറ്റാതെ വീടുകയറിയിറങ്ങുന്ന ബിജെപിക്ക് കൂടുതല്‍ ആത്മവിശ്വാസവും ആഹ്ലാദവും പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മതേതരവാദികളെന്ന് നാഴികക്ക് നാല്പതുവട്ടം സ്ഥാനത്തും അസ്ഥാനത്തും വിളിച്ചുകൂവുന്ന മുന്നണികളുടെ കപട മതേതര മുഖം കൂടിയാണ് ഇപ്പോള്‍ ജനങ്ങളുടെ മുന്നില്‍ പകല്‍വെളിച്ചം പോലെ അഴിഞ്ഞുവീണിരിക്കുന്നത്. ഇടത്-വലത് മുന്നണികള്‍ക്ക് നേതൃത്വം നല്കുന്ന മാര്‍ക്സിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന് ഇപ്പോള്‍ ദേശസ്നേഹികള്‍ക്ക് നേരിട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞിരിക്കുന്നു.
ഈ തട്ടിപ്പ് മുന്നണിരാഷ്ട്രീയത്തെ പാഠം പഠിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് വികസനം സ്വപ്നം കാണുന്ന യുവാക്കളും മറ്റു വോട്ടര്‍മാരും. ഇത് തന്നെയാണ് ബിജെപിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതും. ഇടത്-വലത് വര്‍ഗ്ഗീയ കൂട്ടുകെട്ട് ധാരണ പ്രകാരം വരും ദിവസങ്ങളില്‍ ജയിലുകളില്‍ കിടക്കുന്ന മതതീവ്രവാദക്കേസുകളിലെ പ്രതികളെ നിരുപാധികം വിട്ടയക്കാനുള്ള ബാധ്യതയും ഈ അവിശുദ്ധ കൂട്ടുകെട്ടിലൂടെ ഇരുമുന്നണികളും ഏറ്റെടുക്കേണ്ടിവരുമെന്ന ആരോപണവും ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.
നേരത്തെ പീഡിപിയെ കൂട്ടുപിടിച്ച് മദനിക്കുവേണ്ടി നെഞ്ചത്തടിച്ച് കരഞ്ഞ രണ്ടുമുന്നണികളുടെയും പരിതാപകരമായ അവസ്ഥതന്നെയാണ് ഇപ്പോള്‍ വീണ്ടും വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: