ഇരിട്ടി: ഇരിട്ടി പോലീസ് സബ് ഡിവിഷനില്‍ തെരഞ്ഞെടുപ്പ് അക്രമങ്ങളെ നേരിടാന്‍ കനത്ത സുരക്ഷ ഒരുക്കിക്കഴിഞ്ഞതായി ഇരിട്ടി ഡിവൈഎസ്പി പി.സുകുമാരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രശ്ന ബാധിത ബൂത്തുകളിലും മാവോയിസ്റ്റ് ഭീഷണിയുണ്ടെന്നു കരുതുന്ന ചില അതീവ പ്രശ്ന ബാധിതബൂത്തുകളിലും പ്രത്യേകം സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി ഇരിട്ടി ഡിവിഷന് കീഴില്‍ 4 ഡിവൈഎസ്പിമാരുടെയും ഓരോ പോലീസ് സ്റ്റേഷനുകളിലും ഓരോ സിഐമാരെയും പ്രത്യേകം നിയമിക്കും. ലോക്കല്‍ പോലീസ്, എംഎസ്പി, കെഎപി തുടങ്ങി 1500 ഓളം പോലീസ് സേനയെ വിന്യസിക്കും. എകെ 47 തോക്കുകള്‍ അടക്കമുള്ള അറുപതോളം തണ്ടര്‍ ബോള്‍ട്ട് അംഗങ്ങളും ഇതിന്റെ ഭാഗമാവും. സേനാംഗങ്ങള്‍ വിവിധ മേഖലയില്‍ റൂട്ട് മാര്‍ച്ചും നടത്തും. ആക്രമണങ്ങളെ നേരിടാന്‍ ആവശ്യമായ തോക്കുകള്‍, വെടിയുണ്ടകള്‍, ആധുനിക രീതിയിലുള്ള ഗ്രനേഡുകള്‍, കണ്ണീര് വാതക ഷെല്ലുകള്‍ തുടങ്ങിയവ സ്റ്റേഷനുകളില്‍ എത്തിച്ചുകഴിഞ്ഞു. വേണ്ടിവന്നാല്‍ വെടി വെക്കുന്നതിനും അതിനു ഉത്തരവ് നല്‍കുന്നതിനും എക്സിക്യൂട്ടീവ് മജിസ്രേട്ടിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ഓരോ സംഭവവും വീഡിയോവില്‍ പകര്‍ത്തുന്നതിന് എല്ലാ പോലീസുകാര്‍ക്കും ഇതിനാവശ്യമായ മൊബൈല്‍ സംവിധാനവും നല്‍കിയിട്ടുണ്ട്. പ്രശ്ന ബാധിത ബൂത്തുകളില്‍ സിസിടിവിയും വിന്യസിക്കും. കൂടാതെ പോളിംഗ് നടക്കുന്ന എല്ലാ മേഖലയിലും രഹസ്യാന്വേഷണ വിഭാഗത്തിന്റെ സാനിദ്ധ്യവും ഇവര്‍ രഹസ്യക്യാമറകളില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്യും.
വോട്ടര്‍മാരെ ബൂത്തുകളില്‍ തടയുക, വരുന്ന വഴിയില്‍ തടയുക തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടായാലും മറ്റ് അക്രമങ്ങള്‍ ഉണ്ടായാലും ഉടനെ പോലീസ് പോളിംഗ് ഓഫീസറോട് പോളിംഗ് നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കും. അങ്ങിനെ നിര്‍ത്തിവെക്കുന്ന പോളിംഗ് അതീവ സുരക്ഷയോടെ മറ്റൊരു ദിവസം നടത്തും. അക്രമമുണ്ടാവുമ്പോള്‍ ഏത് പാര്‍ട്ടിക്കാരാണോ പ്രശ്നം ഉണ്ടാക്കുന്നത് അവര്‍ക്കെതിരെയും അവരുടെ സ്ഥാനാര്‍ഥിക്കെതിരെയും കേരളാ പോലീസ് ആക്റ്റ് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കും.
പോളിംഗ് സ്റ്റേഷന് 200മീറ്റര്‍ അകലത്തിനുള്ളിലുള്ള കടകള്‍ തുറക്കാന്‍ അനുവദിക്കില്ല. കടകളില്‍ ജനങ്ങള്‍ കൂട്ടംകൂടി നില്ക്കുന്നതിനും നിയന്ത്രണം വരും. ബൂത്തിന് സമീപത്തെ വീടുകളില്‍ അവിടെ ഉള്ളവര്‍ക്കല്ലാതെ മറ്റുള്ളവര്‍ കൂട്ടംകൂടി നില്ക്കുന്നതും നിയന്ത്രിക്കും. അതുപോലെ വോട്ടര്‍മാര്‍ക്കായി സ്ലിപ്പുകള്‍ നല്കുന്ന ബൂത്തുകളും 200 മീറ്റര്‍ ദൂരെ മാത്രമേ അനുവദിക്കൂ. ഒരു ബൂത്തില്‍ ഒരു പാര്‍ട്ടിയുടെ ഒരു ബൂത്ത് ഏജന്റിനെ മാത്രമേ ഇരിക്കാന്‍ അനുവദിക്കുകയുള്ളൂ. മറ്റുള്ളവരെ ബൂത്തിന് പുറത്തേക്ക് മാറ്റും.
ഏതൊരു വോട്ടര്‍ക്കും പൊതുജനത്തിനും വോട്ടു ചെയ്യുന്നതിനോ മറ്റു തരത്തിലുള്ള അക്രമത്തിനു വിധേയമായാലോ ഏതെങ്കിലും തരത്തിലുള്ള അക്രമം കണ്ടാലോ ഉടനെ വിവരം അറിയുക്കുന്നതിനായി ഇരുപത്തി അഞ്ചോളം പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരുകള്‍ പ്രസിദ്ധപ്പെടുത്തും. അതതു പോലീസ് സ്റ്റേഷനുകളിലും, പോളിംഗ് ബൂത്തുകളുടെ പരിസരത്തും ഈ നമ്പരുകള്‍ പ്രദര്‍ശിപ്പിക്കും. എന്തു പ്രശ്നങ്ങള്‍ നേരിട്ടാലും ഉടനെ പൊതുജനങ്ങള്‍ക്ക് ഈ നമ്പരുകളില്‍ ബന്ധപ്പെട്ട് വിവരം നല്‍കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: