കണ്ണൂര്‍: പോളിംഗ് ബൂത്തിലോ വോട്ടര്‍മാര്‍ സഞ്ചരിക്കുന്ന വഴിയിലോ അക്രമമുണ്ടായാല്‍ തെരെഞ്ഞെടുപ്പ് മാറ്റിവെയ്ക്കാന്‍ പോലീസ് ശുപാര്‍ശ ചെയ്യും. ഇന്നലെ കണ്ണൂര്‍ മാങ്ങാട്ട് പറമ്പ് പോലീസ് ക്യാമ്പില്‍ നടന്ന ഡിജിപിയുടെ നേതൃത്വത്തില്‍ നടന്ന ജില്ലയിലെ തെരഞ്ഞെടുപ്പ് ക്രമസമാധാന വിലയിരുത്തല്‍ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. അക്രമം തടയാന്‍ പോലീസിന് തല്‍സമയം സാധിച്ചില്ലങ്കില്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനും മറ്റൊരു ദിവസം കനത്ത സുരക്ഷയോടെ ഈ പ്രദേശത്ത് തെരഞ്ഞെടുപ്പ് നടത്താനുമാണ് പോലീസ് നീക്കം. ഇക്കാര്യം എല്ലാ രാഷ്ട്രീയകക്ഷി നേതാക്കളോടും സ്ഥാനാര്‍ഥികളോടും വിശദീകരിക്കാന്‍ ജില്ലാ പോലീസ് മേധാവി പി.എന്‍.ഉണ്ണിരാജന് എസ്ഐമാര്‍ക്ക് അടിയന്തിര നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ പോലീസ് എടുത്ത എല്ലാ തീരുമാനങ്ങള്‍ക്കും ഡിജിപി ടി.പി.സെന്‍കുമാര്‍ പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്. ഏതെങ്കിലും ബൂത്തില്‍ സ്ഥലത്തുള്ള പോലീസിന് നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അപ്പോള്‍ തന്നെ ഡ്യൂട്ടിയിലുള്ള പോലീസ് ഓഫീസര്‍ ക്രമസമാധാന പ്രശ്നമുള്ളതിനാല്‍ ഈ ബൂത്തിലെ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി വെയ്ക്കണമെന്ന് പ്രിസൈഡിംഗ് ഓഫീസറെ രേഖമൂലമറിയിക്കാനാണ് ആഭ്യന്തര വകുപ്പ് ഉന്നതര്‍ താഴേക്ക് നല്കിയ നിര്‍ദേശം. മുന്‍ കാലങ്ങളില്‍ അക്രമമുണ്ടായാല്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നും പോലീസിനെ വിളിക്കുമായിരുന്നു. ഇത്തവണ അത്തരം രീതി തുടരേണ്ടന്നും കനത്ത സുരക്ഷയോടെ മറ്റൊരു ദിവസം തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്നുമാണ് പോലീസ് ഉന്നതരുടെ യോഗത്തിലുണ്ടായ തീരുമാനം. ക്രമസമാധാന പ്രശ്നമുണ്ടാക്കിയാല്‍ ഉണ്ടാക്കുന്ന വ്യക്തിയുമായി ബന്ധപെട്ട സ്ഥാനാര്‍ഥിക്കെതിരെയും കേസെടുക്കുമെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവി നല്കിയ നോട്ടീസ് അതത് പോലീസ് സ്റ്റേഷനുകളില്‍ നിന്നും സ്ഥാനാര്ഥികള്ക്കെല്ലാം നല്കി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: