പാനൂര്‍: ആര്‍എസ്എസ് ജില്ലാശാരീരിക്ക് ശിക്ഷണ്‍ പ്രമുഖ് ഇളന്തോട്ടത്തില്‍ മനോജ് വധക്കേസില്‍ കോടതി മാറ്റാനായി സിബിഐ നല്കിയ ഹര്‍ജി നവംബര്‍ 7ലേക്ക് മാറ്റി. ഇന്നലെ ഹര്‍ജി പരിഗണിച്ച തലശേരി സെഷന്‍സ് കോടതി വിശദമായ വാദത്തിനു ശേഷം വിധി പറയാന്‍ മാറ്റുകയായിരുന്നു.സുപ്രീംകോടതിയില്‍ പ്രതിഭാഗം നല്കിയ ഹര്ജിയുളളതിനാല് കേസ് മാറ്റരുതെന്ന് അഡ്വ:കെ.വിശ്വന് വാദിച്ചു. എന്നാല്‍ എറണാകുളം സിബിഐ കോടതിയില്‍ നിന്നും തലശേരി സെഷന്‍സിലേക്ക് കേസ് മാറ്റിയത് സുപ്രീംകോടതി സ്റ്റേ ചെയ്തതാണെന്നും, കേസിന്റെ തുടര്‍ നടപടിക്കു കേസ് എറണാകുളത്തേക്ക് മാറ്റണമെന്നും സിബിഐ പ്രോസിക്യൂട്ടര്‍ അഡ്വ:കൃഷ്ണകുമാര്‍ വാദിച്ചു.വിശദമായ വാദത്തിനു ശേഷം വിധിപറയുന്നത് സെഷന്‍സ് ജഡ്ജ് ആര്.നാരായണ പിഷാരടി മാറ്റുകയായിരുന്നു. ഇതിനിടെ കേസില്‍ ജാമ്യത്തിലിറങ്ങിയ ചപ്ര പ്രകാശന്, രാമചന്ദ്രന്, ബക്കളം കൃഷ്ണന് എന്നിവര്‍ക്ക് തിരഞ്ഞെടുപ്പ് ദിവസം രാവിലെ 7മുതല്‍ 5വരെ ഏതെങ്കിലും സമയം വോട്ടു ചെയ്യാന്‍ ജില്ലയില്‍ പ്രവേശിക്കാനുളള അനുമതി കോടതി നല്കി. കേസിലെ ഒന്നാം പ്രതി വിക്രമനടക്കമുളള 19പേരുടെ റിമാന്‍ഡ് അടുത്തമാസം 19വരെ നീട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: