പത്തനംതിട്ട: ജില്ലയില്‍ നവംബര്‍ 5ന് നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ ഇന്നു മുതല്‍ നവംബര്‍ രണ്ടു വരെ അയയ്ക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയകക്ഷി പ്രതിനിധികളുടെയും യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമ പഞ്ചായത്തുകളിലുള്ളവര്‍ക്ക് മൂന്ന് വോട്ട് ചെയ്യുന്നതിന് മൂന്ന് പോസ്റ്റല്‍ ബാലറ്റുകള്‍ക്ക് പ്രത്യേകം പ്രത്യേകം അപേക്ഷ നല്‍കണം. മൂന്നു പോസ്റ്റല്‍ ബാലറ്റുകളും ഗ്രാമപഞ്ചായത്ത് വരണാധികാരിക്ക് ഒരുമിച്ച് നല്‍കാം. വരണാധികാരിയുടെ ഓഫീസിലുള്ള പെട്ടിയില്‍ നിക്ഷേപിക്കുകയുമാവാം. നവംബര്‍ രണ്ടിന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ സെറ്റിംഗ് നടക്കും. റിട്ടേണിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ രാവിലെ എട്ടിന് ബ്ളോക്കുകളിലാണ് സെറ്റിംഗ് നടക്കുക. ഇതില്‍ സ്ഥാനാര്‍ത്ഥികളും പങ്കെടുക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പിന്റെ വരവ് ചെലവു കണക്ക് എക്സ്പെന്‍ഡീച്ചര്‍ ഒബ്സര്‍വര്‍മാര്‍ക്ക് നല്‍കണം. കണക്കുകള്‍ ഈ മാസം 31ന് നേരിട്ട് വരണാധികാരിക്കും നല്‍കാം. ബൂത്തുകളില്‍ അസൗകര്യങ്ങളുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ കക്ഷി പ്രതിനിധികളും വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണം. രാഷ്ട്രീയകക്ഷികളുടെ പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ പേരിനൊപ്പം ഇക്കാര്യം കൗണ്ടിംഗ് സോഫ്റ്റ്വെയറില് രേഖപ്പെടുത്തണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വരണാധികാരിക്ക് പത്യേകം കത്തു നല്‍കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് പരിചയപ്പെടുത്തുന്നതിനുള്ള സൗകര്യവും കളക്ടറേറ്റില്‍ ഒരുക്കിയിരുന്നു. ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ സുന്ദരന്‍ ആചാരി, സ്ഥാനാര്‍ഥികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: