ചിതലരിക്കും മുമ്പു ചിതയില്‍ വയ്ക്കും
മുമ്പുചിലതുണ്ടു ചൊല്ലുവാന്‍ കേള്ക്കു;
കണ്ടാമൃഗത്തിന്റെ കട്ടിയുണ്ടെങ്കിലും
മിണ്ടാതിരിക്കുവാന്‍ മേല.
ഇവിടെയീ കേരള നാട്ടിലെ ജീവിതം
ഇനിയാര്‍ക്കു സന്തോഷമേകും?
നാടും ജനങ്ങളും ശരിതന്നെ; തെറ്റായി
നാടുവാഴുന്നവര്‍ തന്നെ!
നമ്മള് തിരഞ്ഞു ഭരിക്കാനയച്ചവര്
നമ്മെത്തിരിഞ്ഞു കൊത്തുന്നു!
രക്ഷിക്കുമെന്നു വിചാരിച്ചയച്ചവര്
ഭക്ഷിക്കുവാനൊരുങ്ങുന്നു!
ചെണ്ടയായ് തീര്‍ന്ന മഹാജനം മര്‍ദ്ദനം
കൊണ്ടു കൊണ്ടാകെത്തകര്ന്നു!
ഭസ്മാസുരന്നു ലഭിച്ച വരം പോലെ
വിസ്മയക്കാഴ്ചകളെല്ലാം!
മലകളും പുഴകളും കാടും വനങ്ങളും
തലപോയ ഉടല് പോലെയായി!
പകുതിയും പ്രാണന് കളഞ്ഞു പ്രതാപങ്ങള്‍
പലതും വെടിഞ്ഞു നില്ക്കുന്നു!
വോട്ടുബാങ്കില്‍ കണ്ണുവയ്ക്കുന്ന രാഷ്ട്രീയ
ചീട്ടുകൊട്ടാരങ്ങള്‍ നിങ്ങള്‍
മഴതരും പുഴതരും മലകളും പര്‍വ്വത
തിരകളും താഴ്വാരഭൂവും
സ്വന്തവും ബന്ധവും ജാതിയും പാര്‍ട്ടിയും
ചിന്തിച്ചു ചാര്‍ത്തി നല്കുന്നു!
വിളവൊത്തമാവും വിളഞ്ഞതെങ്ങും നട്ടു
വിളവിറക്കുന്ന കയ്യേറ്റം!
കയ്യേറ്റമോ? അല്ല കൈവശം! ചൊല്ലുവാന്‍
കണ്‍കണ്ട ദൈവങ്ങളുണ്ട്!
‘വരദാനമായ് വന്ന കരുതലില്‍ കൈവച്ചു
മരണം വരിക്കുന്നു മക്കള്‍ …’
പറയുന്നു ഭൂമിമാതാവതു കേള്‍ക്കാതെ
നിറയുന്നു വികസന ഭ്രാന്ത്!!
ബുധജനമെന്നു നിനച്ചവര്‍, അന്ധരും
ബധിരരും മൂകരുമായോര്!
അറിയില്ല മൂല്യങ്ങള്‍ ആവാസ മഹിമകള്‍
അറിയുന്നു ചൂഷണം മാത്രം!
മോഹവാഗ്ദ്ദാനങ്ങളെല്ലാം വെറും പുറം
മോടിയെന്നെന്നേയറിഞ്ഞു!
പട്ടിണിപ്പാവങ്ങള്‍ നട്ടുവളര്‍ത്തുന്നു
വെട്ടിവിഴുങ്ങുന്നു നിങ്ങള്‍!
കണ്ണുനീര് ചട്ടിയില്‍ കൈയ്യിട്ടു തുട്ടുകള്‍
എണ്ണിയെടുക്കുന്ന തന്ത്രം!
വഞ്ചന മാത്രം മറഞ്ഞുള്ള പുഞ്ചിരി
നഞ്ചാണു നെഞ്ചിന്റെയുള്ളില്‍!
അഞ്ചല്ല തലമുറ തലമുറക്കുള്ളതീ
അഞ്ചുകൊല്ലം കൊണ്ടു നേടി!
അക്ഷരജ്ജോതിസ്സിന് അക്ഷയഭൂമിയീ
സാക്ഷര കേരള ദേശം.
വിദ്യയെ വിത്തമായ് കല്പിച്ചു സന്ദേശം
വിശ്വത്തിനേകിയ നാട്ടില്‍
ആനയെതൊട്ട കുരുടന്റെ ചൊല്ലുകള്‍
ആചാര്യ മന്ത്രങ്ങളായി!
അറിവിന്റെ ഉറവകള്‍ നിറയുവാനായുള്ള
തിരിയും കൊളുത്തുവാനില്ല!
തിരികൊളുത്താതെ വെളിച്ചമില്ലാ,തെന്തു
തിരയുന്നു ഇരുളിന്റെ മറവില്‍?!
നിധികാക്കും ഭൂതങ്ങള്‍ വിദ്യയെകാക്കുന്ന
ഗതികേടിലാണിന്നു നമ്മള്!
നല്ല സമരിയാക്കാരനായമ്പതു
കൊല്ലങ്ങള്‍ നമ്മെ ഭരിച്ചു!
ഉറ്റവനായ് നിന്നു വര്‍ഷങ്ങളായ് നമ്മെ
പറ്റിച്ചു പുണ്യാളനായി!
കോഴയില്‍ വീണൊരുചാരക്കുറക്കന്റെ
കോമിക്കു കണ്ടുനാം ഞെട്ടി!
കൊല്ലങ്ങളായി ഈ സാമാജികന് നമ്മെ
കൊല്ലാതെ കൊന്നെന്നു സാരം!
നമ്മുടെ കുട്ടികള്‍ കണ്ടു പഠിക്കുവാന്‍
നമ്മുടെ നാട്ടിലാരുണ്ട്?
ഭരണത്തില്‍ വാഴുന്ന നേതാക്കളെക്കണ്ടു
വളരണോ മക്കളെ നിങ്ങള്‍?
അനുകരിക്കേണ്ടവര്‍ ഹാ! പടുവേശ്യയില്
അനുരാഗ വിവശരായ് നില്പൂ!
അപകീര്ത്തികള്ക്കുള്ള കീര്‍ത്തി ചക്രങ്ങളില്‍
അഭിരമിക്കുന്നു നേതാക്കള്‍!
ഇവരോ യുവതക്കുമാതൃക! സന്ദേശ
മിവരെന്തു നമ്മള്‍ക്കു നല്കി?!
രാഷ്ട്രീയമെല്ലാം വയറ്റിപ്പിഴപ്പിന്റെ
രാഷ്ട്രമീമാംസകളായി!
ഉദ്ദേശശുദ്ധിയില്ലല്പ്പവും വാക്കുകള്‍
ഗര്‍ദ്ദഭ രോദനം മാത്രം!
‘ഇപ്പം ശരിയാക്കാ’മെന്നുള്ള പല്ലവി
എപ്പോഴും കേള്‍ക്കുന്നു ഞങ്ങള്‍!
നാടിന്റെ നന്മക്കു വേണ്ടിയാണെന്നുള്ള
നാട്യങ്ങള്‍ കണ്ടു മടുത്തു!
പദ്ധതിയേതും പണം വീട്ടിലെത്തുന്ന
പദ്ധതിമാത്രമായ് തീര്‍ന്നു!
ഇത്രയും പതനമൊരിക്കലും കേരളം
ഇത്രനാള്‍ കണ്ടുകാണില്ല!
മൂല്ല്യങ്ങളൊന്നുമില്ലാതുള്ള ശീലങ്ങള്‍
മൂലം നശിക്കുന്നു സര്‍വ്വം!
ചെയ്യുന്ന ദുഷ്കര്‍മ്മ ജാലങ്ങള്‍ താന്‍ തന്നെ
കൊയ്യാതെ വയ്യ നേതാവേ!!
പ്രതികരിക്കാൻ ഇവിടെ എഴുതുക: