കല്‍പ്പറ്റ: ട്രാഫിക് പോലീസിന്റെ സഹകരണത്തോടെ നടത്തുന്ന കളറിംഗ് മത്സരത്തിന്റെ പേരു പറഞ്ഞ് സ്കൂളുകളില്‍ നിന്ന് പണപിരിവ് നടത്തിയ പേരാമ്പ്ര സ്വദേശിയെ കല്‍പ്പറ്റ പോലീസ് കസ്റ്റഡിയിലെടുത്തു. പേരാമ്പ്ര മേഞ്ഞാണ്യം കോടേരിച്ചാല്‍ ഒനിയില്‍ വീട്ടില്‍ നാരായണന്റെ മകന് ബാബു (48)വിനെയാണ് ഇന്നലെ ഉച്ചക്ക് കല്‍പ്പറ്റ എം.സി.എഫ്. സ്കൂളില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്. വഞ്ചനാകുറ്റത്തിന് ഇയാള്‍ക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. മത്സരത്തിനായി വിദ്യാര്‍ഥികളില്‍ നിന്നും പണം പിരിക്കാന്‍ എത്തിയ ഇയാളെക്കുറിച്ച് സംശയം തോന്നിയപ്പോള്‍ എം.സി.എഫ്. സ്കൂള്‍ അധികൃതര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പേരാമ്പ്രയിലെ സെന്റര്‍ ഫോര്‍ ചില്‍ഡ്രന്‍സ് ഫോര്‍ ഫൈന്‍ ആര്‍ട്സ് എന്ന സ്ഥാപനത്തിന്റെ പേരില്‍ ട്രാഫിക് പോലീസുമായി സഹകരിച്ച് ട്രാഫിക് ബോധവത്ക്കരണ കളറിംഗ് മത്സരം കുട്ടികള്‍ക്കായി നടത്തുന്നുവെന്ന് പറഞ്ഞാണ് ഇയാള്‍ സ്കൂളുകളെ സമീപിച്ചത്. പപ്പൂസ് എന്ന സീബ്രാകുട്ടിയുടെ ചിത്രത്തില്‍ കളര്‍ ചെയ്ത് തിരിച്ചേല്‍പ്പിക്കേണ്ട കടലാസാണ് ഇയാള്‍ കുട്ടികള്‍ക്ക് നല്‍കിയത്. കളറിംഗ് മത്സരത്തിന് ഒരു വിദ്യാര്‍ഥിയില്‍ നിന്ന് 50 രൂപ വീതമാണ് ഈടാക്കിയത്. പിന്നീട് ജില്ലാ തല മത്സരമുണ്ടാകുമെന്ന് ഇയാള്‍ സ്കൂള്‍ അധികൃതരോടു പറഞ്ഞിരുന്നു. ജില്ലയിലെ വിവിധ സ്കൂളുകളില്‍ ഇയാള്‍ മത്സരത്തിന്റെ പേരില്‍ പണംപിരിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതിന് ട്രാഫിക് പോലീസിന്റെ ചിഹ്നവും പേരും ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും കല്‍പ്പറ്റ പ്രിന്‍സിപ്പല്‍ എസ്.ഐ: വി. രാമനുണ്ണി പറഞ്ഞു. മത്സരത്തിനായി തയാറാക്കിയ കടലാസില്‍ ട്രാഫിക് പോലീസിന്റെ പേരും ചിഹ്നവും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: