നെയ്യാറ്റിന്‍കര: അക്കൗണ്ടില്‍ പണം ഇല്ലെങ്കിലും പേടിക്കേണ്ട. നെയ്യാറ്റിനകരയിലെ അദ്ഭുത എടിഎം തുക ആവശ്യപ്പെടുന്നതത്രയും തരും. ഇത്തരത്തില്‍ കിട്ടിയ പണം ബാങ്കിന് തിരിച്ചു നല്കി കഥാപ്രസംഗ കലാകാരന് കൂടിയായ സര്ക്കാരുദ്യോഗസ്ഥന് മാത്യകയായി.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് മാരായമുട്ടം വടകര ജ്യോതിസില്‍ എസ്. ജോണി നെയ്യാറ്റിന്‍കര കൃഷ്ണന്‍കോവില്‍ ജംഗ്ഷനിലെ എസ്ബിറ്റി എടിഎമ്മില്‍ പണം പിന്‍വലിക്കാനെത്തിയത്. തന്റെ അക്കൗണ്ടില്‍ അന്ന് ഉണ്ടായിരുന്ന 11,500 രൂപ ജോണി പിന്‍വലിച്ചു. എന്നാല്‍ ബാലന്‍സ് ഷീറ്റില്‍ വീണ്ടും 11,400 രൂപ പ്രിന്റ് ചെയ്തുവന്നു. കഥാപ്രസംഗ കലാകാരനായതിനാല്‍ തനിക്ക് കഥാപ്രസംഗം നടത്തി കിട്ടാനുളളതോ തന്റെ ചെന്നൈയിലെ സഹോദരി കെഎസ്എഫി ചിട്ടിക്ക് അടയ്ക്കാനായി അയച്ച തുയായിരിക്കുമോ എന്ന സംശയത്തോടെ വീണ്ടും തുക പിന് വലിച്ചു. പിന്നെയും അക്കൗണ്ടില്‍ ബാക്കി തുക 11,400. തനിക്ക് കിട്ടാനുളള തുക പൂര്‍ണമാകാത്തതിനാല്‍ ജോണി വീണ്ടും തുക പിന്‍വലിച്ചു. അതിശയിപ്പിച്ച് കൊണ്ട് ബാലന്‍സ് ഷീറ്റില്‍ വീണ്ടും 11,400. തുക തന്റേതല്ലെന്ന് മനസിലാക്കിയ ജോണി നെയ്യാറ്റിന്‍കര പോലീസ്സ്റ്റേഷനില്‍ വിവരം അറിയിച്ചു. പോലീസില്‍ നിന്ന് കിട്ടിയ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എസ്ബിറ്റി ശാഖയിലെ സുരക്ഷാജീവനക്കാരനെ സംഭവം അറിയിച്ചു. രണ്ടാം ശനിയാഴ്ചയായതിനാല്‍ സുരക്ഷാ ജീവനക്കാരോ ബാങ്ക് ജീവനക്കാരോ ഉണ്ടായിരുന്നില്ല. ബാങ്ക് അധികൃതരെ ഫോണിലൂടെ വിവരം അറിയിച്ചെങ്കിലും ഇങ്ങനെയൊരു സംഭവം നടക്കില്ലെന്നായിരുന്നു മറുപടി. എന്നാല്‍ നടന്ന സംഭവം കൃതയമായി വിവരിച്ച ജോണിയോട് തുക തിരികെ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച നേരിട്ടെത്തി രണ്ട് തവണയായി പിന്‍വലിച്ച 22,400 രൂപ തിരുവനന്തപുരം എസ് ബിഐ ആല്‍ത്തറ ശാഖയില്‍ തിരിച്ചേല്‍പ്പിച്ചു. എന്നാല്‍ ഒരോ തവണയും തുക പിന്‍വലിക്കും തോറും അക്കൗണ്ടില്‍ എങ്ങനെ പണം ക്രെഡിറ്റായതില് ബാങ്കധികൃതരും ആശങ്കയിലാണ്. സംഭവത്തെപ്പറ്റി അന്വേഷിക്കുന്നുണ്ടെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ബാങ്ക് അറിയിച്ചു. ശാസ്താംകോട്ട സബ്രജിസ്ട്രാര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടാണ് ജോണി. ബങ്കില്‍ തുക തിരികെ അടച്ചശേഷവും തെറ്റായി രേഖപ്പെടുത്തിയ പ്രിന്റുകളാണ് ജോണിക്ക് ഇപ്പോഴും ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: