ആരാധനയുടേയും കലയുടേയും വിദ്യയുടേയും ഉത്സവമായാണ് നവരാത്രി അറിയപ്പെടുന്നത്. ദേവീപൂജയാണ് നവരാത്രിയില്‍ പ്രധാനം. ദേവിയുടെ ഒമ്പത് ഭാവങ്ങളെ-ദുര്‍ഗ, ഭദ്രകാളി, അംബ, അന്നപൂര്‍ണ, സര്‍വമംഗള, ഭൈരവി, ചന്ദ്രിക, ലളിത, ഭവാനി-ആരാധിക്കുന്നു. ആദ്യ മൂന്നുദിവസം ദുര്‍ഗക്കും അടുത്ത മൂന്നുദിവസം ലക്ഷ്മിക്കും അവസാന മൂന്നുദിവസം സരസ്വതിക്കുമാണ് പ്രാധാന്യം. തുളസി, കൂവളം എന്നിവയാണ് സാധാരണയായി പൂജക്കുപയോഗിക്കുക. തുളസി ലക്ഷ്മിയേയും കൂവളം ശിവനേയും പ്രതിനിധാനം ചെയ്യുന്നു.
ബ്രാഹ്മണഗൃഹങ്ങളില്‍ നവരാത്രികാലത്ത് ബൊമ്മക്കൊലു ഒരുക്കുക പതിവാണ്. തട്ടുകളിലായാണ് കളിമണ്‍ ബൊമ്മകള്‍ അലങ്കരിച്ചുവെക്കുക. ക്ഷേത്രങ്ങളിലും ഇവ വെക്കാറുണ്ട്്. 3,5,7,11 തട്ടുകളിലും കൊലു നിരത്താറുണ്ട്. കൊലുവിന് മുന്നില്‍ അരിമാവുകൊണ്ട് കോലമെഴുതി അതിനുമുകളില്‍ പട്ടുവിരിച്ചാണ് നിലവിളക്ക് കൊളുത്തുക. താഴത്തെ പടിയില്‍ ചന്ദനംകൊണ്ട് നിര്‍മിച്ച പാവകളുംരണ്ടാമത്തെതില് ശിവഭാവത്തിലുള്ള രൂപങ്ങളും മൂന്നാമത്തേതില്‍ ശ്രീകൃഷ്ണപ്രതീകവുമാണ്. നാലില്‍ ദേവീഭാവങ്ങളും അഞ്ചില്‍ വീട്, തോട്ടം എന്നിവയെ സൂചിപ്പിക്കുന്നതും ആറില്‍ പശു, പക്ഷി-മൃഗാദികളുടെ പാവകളുമാണ് വെക്കുക. ഏഴില്‍ കടല്ക്കാഴ്ചകളുടേയും. എട്ടാമത്തെ പടിയില്‍ പഴം, പച്ചക്കറി വിഭവങ്ങളും തഞ്ചാവൂര്‍ ചെട്ടിയാന്മാരുടെ രൂപവുമാണ് ഉണ്ടായിരിക്കുക. ഒമ്പതാമത്തേതില്‍ ശിവശക്തി, ദേവി എന്നിവയെ പ്രതിനിധാനം ചെയ്യുന്ന ബൊമ്മകളും വെക്കും.
കൊലു കാണാനെത്തുന്നവര്‍ക്ക് നവധാന്യങ്ങള്‍കൊണ്ടുള്ള പ്രസാദം നല്‍കും. അഗ്രഹാരങ്ങളില്‍ വീടുകളിലെ കൊലു പരസ്പരം സന്ദര്‍ശിക്കുക പതിവാണ്. നിത്യേന പൂജയും ഉണ്ടായിരിക്കും. സുമംഗലികള്‍ കൊലു കാണാനെത്തുകയാണെങ്കില്‍ അവര്‍ക്ക് സിന്ദൂരച്ചെപ്പ്, നാളികേരം, പഴം എന്നിവനല്‍കും.
ചിലയിടങ്ങളില്‍ കന്യകാപൂജയും നടത്താറുണ്ട്. ഇക്കാര്യത്തില്‍ തമിഴ് ആചാരത്തിനാണ് ഏറെ പ്രാധാന്യം. തമിഴിന്റെ പ്രഭാവസുന്ദരമായ മുഖമാണ് ബൊമ്മക്കൊലുവിനുള്ളത്. ദ്രാവിഡപ്പെരുമയില്‍ അലിഞ്ഞുചേര്‍ന്ന സംസ്കാരം. നവരാത്രിയിലെ ഭക്തിനിര്‍ഭരമായ ചടങ്ങുകളില്‍ ഒന്നാണിത്. ബൊമ്മ വെച്ചാല്‍ ദേവീസാന്നിധ്യം ഉണ്ടെന്നതാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: