പാലക്കാട്: കുറഞ്ഞ നിരക്കില്‍ സ്വര്‍ണം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലെ മുഖ്യപ്രതിയും സഹായിയും അറസ്റ്റില്‍. തത്തമംഗലം പള്ളിമൊക്ക് മൗലാനാവീട്ടില് സാദിഖ് എന്ന സാദിഖ്ബാഷ(46), സഹായിയും പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറുമായ മന്തക്കാട് ചോളോട് ബിജു(27) എന്നിവരെയാണ് ടൗണ്‍ നോര്‍ത്ത് ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഒരു പ്രതിയെകൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.
ബംഗളൂരു സ്വദേശി മുജീബ് റഹ്മാനാണ് തട്ടിപ്പിനിരയായത്.കഴിഞ്ഞ 15 ന് മേപ്പറമ്പിലാണ് കേസിനാസ്പദമായ സംഭവം. ഗ്രാമിന് 300 രൂപ കുറച്ച് സ്വര്‍ണം നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതികളായ സാദിഖ്, ഉണ്ണിഹസ്സന്‍, കൃഷ്ണദാസ്, രാജന്, ബിജു, സജി എന്നിവര്‍ മുജീബിനെ പാലക്കാട് വരുത്തി. മേപ്പറമ്പില്‍ വെച്ച് ഇടപാട് നടത്താനാണ് ധാരണയായത്. എന്നാല്‍ ഓട്ടോറിക്ഷയില്‍ എത്തിയ സാദിഖും സംഘവും മുജീബില്‍ നിന്നും പണം വാങ്ങി ഒരു കറുത്ത ബാഗ് നല്കി ഉടന്‍ സ്ഥലംവിട്ടു. ബാഗ് തുറന്നുനോക്കിയപ്പോള്‍ പഴയ ന്യൂസ് പേപ്പര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് മനസിലായ മുജീബ് നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
ലത്തീഫ് എന്ന പേരിലാണ് സാദിഖ് ഇടപാടുകാരെ പരിചയപ്പെട്ടത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചെടുത്ത സിം കാര്‍ഡാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. കിണാശ്ശേരി ഉപ്പുംപാടത്ത് വാടകവീട്ടില്‍ ഒളിച്ചുതാമസിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് സാദിഖ് പിടിയിലായത്. ബിജുവിനെ മാട്ടുമന്തയില്‍ വെച്ച് ഓട്ടോറിക്ഷ സഹിതം കസ്റ്റഡിയിലെടുത്തു. ഇടനിലക്കാരായി പ്രവര്‍ത്തിച്ച കൃഷ്ണദാസ്, ഉണ്ണിഹസ്സന്‍, രാജന് എന്നിവരെയാണ് ആദ്യം പിടികൂടിയത്.
സാദിഖ് നേരത്തെ ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍ സ്വര്‍ണ കവര്‍ച്ച കേസില്‍ പ്രതിയാണ്. കൂടുതല്‍ അന്വേഷണം ആരംഭിച്ചു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളെ സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. ടൗണ്‍ നോര്‍ത്ത് സി.ഐ ആര്. ഹരിപ്രസാദ്, എസ്.ഐ എം. സുജിത്ത്, ജി.എസ്.ഐ ഇല്യാസ്, എസ്.സി.പി.ഒ ഷാഹുല്‍ഹമീദ്, സി.പി.ഒമാരായ കെ. അഹമ്മദ് കബീര്‍, ഷരീഫ്, വിനീഷ്, തുളസീദാസ്, സുജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: