ഫറ്റോര്‍ദ: തുടരെയുള്ള രണ്ട് തോല്‍വികള്‍ എങ്ങനെ ടീമിന്റെ മനോഭാവത്തില്‍ മാറ്റം വരുത്തുമെന്നുള്ളതിന് ഉദാഹരണമായിരുന്നു ഇന്നലെ ചെന്നൈയിന് എഫ്സിയുടെ കളി. ഈ സീസണിലെ ആദ്യ ഹാട്രിക് പേരിലാക്കിയ സ്റ്റീവന്‍ മെന്‍ഡോസയുടെ കരുത്തില്‍ എഫ്സി ഗോവയെ അവരുടെ തട്ടകത്തില്‍ തുരത്തി ചെന്നൈയിന് എഫ്സി (4-0). ഒരു ഗോള്‍ സൂപ്പര്‍ താരം എലാനോയുടെ പേരില്‍.
സീക്കോയുടെ തന്ത്രങ്ങള്‍ മുഴുവന്‍ പാഴാക്കിയ പ്രകടനമാണ് എലാനോയും മെന്‍ഡോസയും ഉള്‍പ്പെട്ട മാര്‍ക്കോ മറ്റരാസിയുടെ ചെന്നൈയിന് എഫ്സി പുറത്തെടുത്തത്. ഒരു ഘട്ടത്തില്‍ പോലും വെല്ലുവിളി ഉയര്‍ത്താന്‍ ഗോവയ്ക്കായില്ല.
പത്താം മിനിറ്റില്‍ ചൈന്ന ലീഡ് നേടി. എലാനോ തള്ളിക്കൊടുത്ത പന്തുമായി കുതിച്ച് ബോക്സില്‍ പ്രവേശിച്ച ശേഷം മെന്‍ഡോസ പായിച്ച ഷോട്ട് വലയില്‍. 43-ാം മിനിറ്റില്‍ ചെന്നൈ ലീഡ് ഉയര്‍ത്തി. ഇത്തവണ സ്കോറര്‍ എലാനോ. ജയേഷ് റാണെ നല്കിയ പാസുമായി ബോക്സില്‍ പ്രവേശിച്ച ശേഷം പായിച്ച തകര്‍പ്പന്‍ ഷോട്ട് ഗോളിയെ നിഷ്പ്രഭനാക്കി വലയില്‍.
രണ്ടാം പകുതിയിലും ചെന്നൈയുടെ ആധിപത്യം. 63-ാം മിനിറ്റില്‍ മൂന്നാം ഗോള്‍.
കളംനിറഞ്ഞു കളിച്ച എലാനോ മൂന്ന് ഗോവന്‍ താരങ്ങളെ വെട്ടിയൊഴിഞ്ഞശേഷം പന്ത് മെന്‍ഡോസക്ക് കൈമാറി. മെന്‍ഡോസ അഡ്വാന്‍സ് ചെയ്ത് കയറിയ ഗോവ ഗോളിയുടെ തലയ്ക്ക് മുകളിലൂടെ പന്ത് വലയിലേക്ക് കോരിയിട്ടു. 75-ാം മിനിറ്റില്‍ ചെന്നൈയുടെ നാലാം ഗോള്‍. ബ്രൂണോ പെലിസാറി നല്കിയ അളന്നുമുറിച്ച ക്രോസ് ബോക്സിനുള്ളില്‍ നിന്ന് നെഞ്ചില്‍ സ്വീകരിച്ച മെന്‍ഡോസ നിലത്ത് തള്ളിയിട്ട് ഇടംകാലുകൊണ്ട് പായിച്ചപ്പോള്‍ മുഴുനീളെ പറന്നെങ്കിലും ഗോവ ഗോളിക്ക് ഒന്നും ചെയ്യാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: