പത്തനംതിട്ട : മസിലുകള്‍ക്ക് മാംസശോഷണം സംഭവിച്ച് രതീഷ് കിടപ്പിലായിട്ട് ആറര വര്‍ഷം. ഇപ്പോള്‍ 33 വയസ്സുള്ള കോറ്റാത്തൂര്‍ നടുക്കേവീട്ടില്‍ രതീഷ് ചന്ദ്രന് 18 വയസ്സിലാണ് രോഗത്തിന്റെ തുടക്കം. കുട്ടിക്കാലത്ത് തറയില്‍ വീണാല്‍ തനിയെ എഴുന്നേക്കാന്‍ ബുദ്ധിമുട്ടായിരുന്നു. കൗമാര പ്രായമായതോടെ പുറത്തിറങ്ങി നടക്കാന്‍ പ്രായാസമായി തുടങ്ങി. പലവിധത്തിലുള്ള ചികിത്സകളൊന്നും ഫലം ചെയ്തില്ല.
എയര്‍കണ്ടീഷന്‍ മെക്കാനിക് കോഴ്സ് പൂര്‍ത്തിയാക്കിയ രതീഷിനെ വിധി കുറച്ചൊന്നുമല്ല വേട്ടയാടിയത്. വീടിനോട് ചേര്‍ന്നുള്ള സ്ഥലം സംബന്ധിച്ച കേസ് കോടതിയില്‍ പരാജയപ്പെട്ടതോടെ അച്ഛന് രാമചന്ദ്രന് 2008 ജൂലൈയില്‍ ആത്മഹത്യ ചെയ്തു. വാഹനാപകടത്തില്‍ പരിക്കേറ്റ അനുജന് സതീഷ് ചന്ദ്രന് ഒരാഴ്ചയ്ക്ക് ശേഷം മരണമടഞ്ഞതും അതേവര്‍ഷം ഒക്ടോബറില്‍.
2009 മാര്‍ച്ചില്‍ വരാന്തയില്‍ വീണ രതീഷ് ഇതുവരെ തനിയെ എഴുന്നേറ്റിട്ടില്ല. കൂലിപ്പണി ചെയ്ത് കുടുംബം പോറ്റുന്ന അമ്മ സുമതികുട്ടിയാണ് രതീഷിന്റെ ഏക ആശ്രയം. കോട്ടയം മെഡിക്കല്‍ കോളജില്‍ രതീഷിന്റെ മസിലുകളുടെ സാമ്പിള്‍ എടുത്ത് ബാംഗ്ലൂരിലെ നിംഹാന്‍സില്‍ പരിശോധിച്ചതില്‍ ലക്ഷത്തില്‍ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രം കണ്ടേക്കാവുന്ന മാംസശോഷണമാണ് രോഗമെന്ന് കണ്ടെത്തി. വെല്ലൂരിലും ബാംഗ്ലൂരിലും ഇതിന് ചികിത്സയുണ്ടെങ്കിലും ലക്ഷങ്ങള്‍ ചിലവിടേണ്ടത് ഈ സാധുകുടുംബത്തിന് താങ്ങാന്‍ കഴിയില്ല.
തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും കുട്ടുന്ന തുകയാണ് കുടുംബത്തിന്റെ വരുമാനം. റേഷന്‍കാര്‍ഡുള്ളത് എ.പി.എല്‍ ആയത് കിട്ടാവുന്ന ആനുകൂല്യങ്ങള്‍ക്ക് പ്രതിബന്ധമായി. സുമനസ്സുകളുടെ സഹായം മാത്രമാണ് രതീഷിന് ഇപ്പോള്‍ ഉള്ള ആശ്വാസം. ചികിത്സാ ചെലവ് ഭാരിച്ചതായതിനാല്‍ രതീഷിന്റെ സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്ന് അമ്മ സുമതികുട്ടിയുടെ പേരില്‍ ഫെഡറല്‍ ബാങ്ക് കോറ്റാത്തൂര്‍ ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍ 12600100076937. ഐ.എഫ്.സി.കോഡ് എഫ് ഡി ആര് എല്‍ 0001260. രതീഷ് ചന്ദ്രന്റെ ഫോണ്‍ : 9745380353.
പ്രതികരിക്കാൻ ഇവിടെ എഴുതുക: