പാലക്കാട്: ഗോപാലപുരം മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍ ഏജന്റില്‍ നിന്നും 30,000 രൂപ പിടികൂടി. ചെക്ക്പോസ്റ്റിന് തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ധര്‍മരാജ് എന്നയാളില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.
ചെക്ക്പോസ്റ്റ് വഴി പോകുന്ന വാഹനങ്ങളില്‍ നിന്ന് മാമൂല് വാങ്ങുന്ന തുക 10,000 രൂപയാകുമ്പോള്‍ കെട്ടാക്കിയശേഷം അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഏജന്റിന്റെ മൊബൈലിലേക്ക് മിസ്ഡ്കോള് നല്‍കും. ഇയാള്‍ വീടിന്റെ മതിലുചാടി വന്ന് ചെക്ക്പോസ്റ്റിന്റെ തുറന്നിട്ട ജനാലയിലൂടെ പണം വാങ്ങിമടങ്ങും.
വിജിലന്‍സ് സംഘം ബുധനാഴ്ച രാത്രി എട്ടുമുതല്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരവരെ നടത്തിയ നീരീക്ഷണത്തില്‍ മൂന്നു തവണ ധര്‍മരാജ് ചെക്ക്പോസ്റ്റില്‍ വന്നുപോയി.
മൂന്നാംതവണ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ജനലിലൂടെ പണം കൈമാറുന്നതിനിടെയാണ് വിജിലന്‍സ് കൈയോടെ പിടിച്ചത്.
ധര്‍മരാജില്‍ നിന്ന് പതിനായിരം രൂപയുടെ മൂന്ന് കെട്ടുകള്‍ കണ്ടെടുത്തു. ഓഫീസ് രേഖ പരിശോധിച്ചപ്പോള്‍ സര്‍ക്കാരിന് ലഭിക്കേണ്ട പണത്തില്‍ 3040 രൂപയുടെ കുറവും കണ്ടെത്തിയിട്ടുണ്ട്.
പരിശോധനാ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വിനോദ് കുമാറിനെതിരെ വകുപ്പുതല നടപടിയ്ക്ക് ശുപാര്‍ശ ചെയ്യുമെന്ന് വിജിലന്‍സ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: