കൊല്ലങ്കോട്: ന്യൂനപക്ഷത്തിന്റെ കൂട്ടുകൂടിയ സി.പി.എം, കോണ്‍ഗ്രസ് നേതാക്കള്‍ എസ്.എന്‍.ഡി.പിയെയും സമുദായാംഗങ്ങളെയും അവഗണിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കൊല്ലങ്കോട്,നടന്ന നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയെ വളര്‍ത്താന്‍ എന്നും കൂടെയുണ്ടായിരുന്ന സമുദായാംഗങ്ങളുടെ അവകാശത്തെ അവഗണിക്കുന്ന നിലപാടാണ് അവരുടേത്. ഈ നില തുടരുന്നതിനാലാണ് എസ്.എന്‍.ഡി.പിയെ രാഷ്ട്രീയപാര്‍ട്ടി രൂപീകരണത്തിന് നിര്‍ബന്ധിപ്പിക്കുന്നത്. ഇതില്‍ ഭയന്ന് ചരിത്രത്തെ വളച്ചൊടിച്ചാണ് ഇടത്വലത് പക്ഷങ്ങള്‍ ഇപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
കോണ്‍ഗ്രസിലെയും സി.പി.എമ്മിലേയും മുസ്ലീംങ്ങള്‍ ലീഗിലേക്കും കൃസ്ത്യാനികള്‍ കേരള കോണ്‍ഗ്രസിലേക്കും ചുവടുമാറുന്നതിനെ എതിര്‍ക്കാന്‍ തയ്യാറാകാത്ത നേതൃത്വം ഈഴവാംഗങ്ങള് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ എതിര്‍ക്കുന്നത് എന്തര്‍ത്ഥത്തിലാണെന്നും തുഷാര്‍ ചോദിച്ചു.
സംസ്ഥാനത്ത് മൂന്നാംമുന്നണിക്ക് ശക്തമായ സ്വാധീനം ചെലുത്താന്‍ കഴിയും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പോടെ ഭരണം നിയന്ത്രിക്കുന്നതില്‍ എസ്.എന്‍.ഡി.പിക്കും ഭൂരിപക്ഷ സമുദായാംഗങ്ങള്‍ക്കും നിര്‍ണായക സ്വാധീനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലങ്കോട് യൂണിയന് നേതൃസംഗമത്തില്‍ യൂണിയന് പ്രസിഡന്റ് അരവിന്ദാക്ഷന് അധ്യക്ഷത വഹിച്ചു. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. യൂണിയന് സെക്രട്ടറി എ.എന്‍.അനുരാഗ്, ജയപ്രകാശ്, സി.വിജയന്, ദിവാകരന്, ശശിവന്, ദേവദാസ്, കെ.സി.മുരളീധരന്, മായ ഗിരിധരന്, ജനുഷ ഹരിദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: