ആലത്തൂര്‍: കാവശേരി കഴനിച്ചുങ്കം വാവുള്ളിയാപുരത്ത് മോഷണംപോയ ആഭരണങ്ങള്‍ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ പോലീസ് കണ്ടെത്തി. വാവുള്ളിയാപുരം ചാമ്പ്രവീട്ടില് മൊയ്തീന്റെ ഭാര്യ ഷറീനയെ ഞായറാഴ്ച രാവിലെ 10.45ന് വീടിനകത്തു തള്ളിയിട്ട് പതിനഞ്ചോളം പവന് സ്വര്‍ണം മോഷ്ടിച്ചെന്നായിരുന്നു പോലീസിനു നല്കിയ പരാതി. പരാതിയെ തുടര്‍ന്ന് ഇന്നലെ രാവിലെ വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുന്നതിനിടെ വീട്ടുവളപ്പില്‍ മണ്ണിളകിയ സ്ഥലത്തു പരിശോധിച്ചപ്പോഴായിരുന്നു ആഭരണങ്ങള്‍ കണ്ടെത്തിയത്.
മൊയ്തീനും സഹോദരനും വിദേശത്താണ്. മറ്റു കുടുംബാംഗങ്ങള്‍ ആലത്തൂരിലും പട്ടാമ്പിയിലുമുള്ള വിവാഹചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. വീടിനു മുന്‍ഭാഗത്തെ വാതില്‍ അടച്ചശേഷം പിന്‍ഭാഗത്തെ വാതില്‍വഴി ഒന്നരവയസുള്ള കുട്ടിയേയും കൂട്ടി പുറത്തിറങ്ങിയപ്പോള്‍ യുവാവ് തന്നെ തള്ളിയിട്ടു സ്വര്‍ണവുമായി പുറത്തേക്ക് ഓടിപ്പോയെന്നാണ് ഷറീന പോലീസിനോടു പറഞ്ഞത്.
തുടര്‍ന്ന് അയല്‍വീട്ടുകാരെ വിളിച്ചു വീടുപരിശോധിച്ചപ്പോഴാണ് ഭര്‍തൃസഹോദരന്റെ കിടപ്പുമുറിയിലെ അലമാരയും വലിപ്പുകളും തുറന്നുകിടക്കുന്നതും ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായും കണ്ടെത്തിയത്. ആലത്തൂര്‍ സിഐ എം.കൃഷ്ണന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: