തിരുവല്ല: നിര്‍മ്മാണത്തിലെ അപാകതമൂലം പെരിങ്ങര കുടിവെള്ള പദ്ധതിക്കായി കോടികള്‍ മുടക്കി നിര്‍മ്മിച്ച ജലസംഭരണി ചോര്‍ന്നൊലിക്കുന്നു. പദ്ധതിയുടെഭാഗമായി സ്വാമിപാലത്ത് നിര്‍മ്മിച്ച 7, 70,000 ലിറ്റര്‍ ശേഷിയുള്ള ഓവര്‍ഹെഡ് ജലസംഭരണിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ പിന്നിടുംമുമ്പ് ചോ ര്ന്നൊലിക്കുന്നത്.
ചെറു സുഷിരങ്ങളിലുടെ പനച്ചിറങ്ങുന്ന ജലം ചുവരുകള്‍ വലിച്ചെടുത്ത് പലയിടങ്ങളിലും ഈര്‍പ്പം തളംകെട്ടിനില്‍ക്കുകയാണ്. ചുവരുകളുടെ നിര്‍മ്മാണത്തില്‍ സംഭവിച്ച പിഴവാണ് സുഷിരങ്ങള്‍ രൂപപ്പെടാന്‍ ഇടയാക്കിയത്. ഗുണനിലവാരമില്ലാത്ത സാധന സാമഗ്രികളുടെ ഉപയോഗവും ചോര്‍ച്ചയ്ക്ക് കാരണമായതായി ആക്ഷേപമുണ്ട്. ചോര്‍ച്ചയ്ക്ക് കാരണമായ സുഷിരങ്ങള്‍ അടിയന്തിരമായി അടച്ച് ചോര്‍ച്ച തടയാന്‍ തയ്യാറായില്ലെങ്കില്‍ സംഭരണിയുടെ നിലനില്‍പ്പിനുതന്നെ ഇത് ഭീഷണിയാകുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ള കമ്പികള്‍ ജലസാന്നിദ്ധ്യം മൂലം തുരുമ്പെടുത്ത് കോണ്‍ക്രീറ്റ് പൊട്ടിപ്പൊളിയുവാന്‍ കാരണമാകും.
പെരിങ്ങര പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ശാശ്വതപരിഹാരം എന്ന നിലയില്‍ പതിമൂന്ന് വര്‍ഷം മുമ്പ് ലക്ഷ്യമിട്ട പദ്ധതിയുടെ നിര്‍മ്മാണത്തിലാണ് തുടക്കത്തില്‍തന്നെ പാളിച്ചകള്‍ സംഭവിച്ചിട്ടുള്ളത്.
സംഭരണി നിര്‍മ്മാണത്തിനും വിതരണക്കുഴലുകള്‍ സ്ഥാപിക്കുന്നതിനുമായി 3.92 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കിയത്. ജലവിതരണവകുപ്പിന്റെ തിരുവല്ലയിലെ ശുദ്ധീകരണപ്ലാന്റില് എത്തുന്ന ജലം സ്വാമിപാലത്ത് സംഭരിച്ച് വീണ്ടും വിതരണം നടത്താനായിരുന്നു പദ്ധതി.
ജലജലസംഭരണിയോടൊപ്പം പമ്പിംഗ്റൂം, ഒഫീസ് എന്നിവയുടെ നിര്‍മ്മാണവും പൂര്‍ത്തിയായിരുന്നു. പദ്ധതി വിഭാവനം ചെയ്ത പ്രദേശങ്ങളിലെ പഴയ കുഴലുകള്‍ മാറ്റിസ്ഥാപിച്ചെങ്കിലും പഞ്ചായത്ത് പരിധിയില്‍ ആകമാനം കുഴലുകള്‍ പൂര്‍ണ്ണമായും മാറുന്നതിനുള്ള പുതിയ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.
പ്രോഗ്രസ്സീവ് പൗരസമിതി ഏറ്റെടുത്ത് സര്‍ക്കാരിനു നല്കിയ 13സെന്റ് സ്ഥലത്താണ് ടാങ്ക് നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും അധികൃതരുടെ അനാസ്ഥയും തുടക്കത്തില്‍ തന്നെ വിവാദമായിരുന്നു. ഷിക്കാഗോ കണ്ടസ്ട്രക്ഷന്‍ കമ്പനിക്കായിരുന്നു പദ്ധതിയുടെ നിര്‍മ്മാണ ചുമതല. ഒന്നര പതിറ്റാണ്ടുകാലത്തെ പെരങ്ങര നിവാസികളുടെ സ്വപ്നമാണ്
സംഭരണിയുടെ ചോര്‍ച്ചയിലൂടെ തകര്‍ന്ന് തരിപ്പണമായത്. ജലസംഭരണിയുടെ അശാസ്ത്രീയമായ നിര്‍മ്മാണത്തിന് കാരണമായ ജനപ്രതിനിധിക ള്‍ അടക്കമുള്ള കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് തയ്യാറാവുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: