കല്ലടിക്കോട്: പഞ്ചായത്ത് ഭരണാധികാരികളുടെ സ്വാര്‍ത്ഥ താത്പര്യം മൂലം കരിമ്പ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന അമൃതം ഫുഡ്സിന്റെ പ്രവര്‍ത്തനം നിലച്ചു. കുടുംബശ്രീ പ്രവര്‍ത്തകരായിരുന്നു അമൃതം ഫുഡ്സ് നിര്‍മ്മിച്ചിരുന്നത്.
ഏഴുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന അമൃതം ഫുഡ്സില്‍ മാലിന്യം ഉണ്ടെന്നു പറഞ്ഞ് രണ്ടരവര്‍ഷം മുമ്പ് പ്രവര്‍ത്തനം തടസപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ മാലിന്യം കലര്‍ന്നിട്ടില്ലെന്ന് ഫുഡ്സ് ആന്റ് സേഫ്റ്റി കണ്ട്രോളില് നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുണ്ടായി. ഇതേ തുടര്‍ന്ന് വീണ്ടും പ്രവര്‍ത്തനം തുടങ്ങാമെന്നിരിക്കെ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വേണ്ടപ്പെട്ടവരെ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശം വന്നു. ഉള്‍പ്പെടുത്താത്തപക്ഷം അമൃതം പദ്ധതി പുനരാരംഭിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പഞ്ചായത്ത്. പഞ്ചായത്തിന്റെ ഇത്തരം നിലപാടിനെതിരെ അമൃതം ഫുഡ്സ് പ്രവര്‍ത്തകരായ ഷൈലജ, വത്സല,ലീല എന്നിവര്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇതുസംബന്ധിച്ച് ഹിന്ദുഐക്യവേദി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്കി. ഇതിനു മുന്നോടിയായി കഴിഞ്ഞദിവസം പ്രവര്‍ത്തകര്‍ സൂചനാ നിരാഹാരം നടത്തിയിരുന്നു. അനുകൂല നിലപാട് എടുക്കാത്തപക്ഷം ഇന്നു മുതല്‍ നിരാഹാരം നടത്തുമെന്നും ഹിന്ദുഐക്യവേദി പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് പറഞ്ഞു.
മഹിളാ മോര്‍ച്ച ജില്ലാ സെക്രട്ടറിയും പഞ്ചായത്ത് മെമ്പറുമായ ബീനചന്ദ്രകുമാര്‍, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ദാമോദരന്‍, ബിഎംഎസ് മേഖലാ സെക്രട്ടറി ശിവന് തുടങ്ങിയവര്‍ പിന്തുണയുമായി എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: