ഒറ്റപ്പാലം: പാലക്കാട് റെയില്‍വേ ഡിവിഷനുകീഴില്‍ 150 കിലോമീറ്റര്‍വരെയുള്ള യാത്രയ്ക്ക് സ്മാര്‍ട്ട് കാര്‍ഡ് വഴി ടിക്കറ്റെടുക്കാനുള്ള സൗകര്യം കൂടുതല്‍ സ്റ്റേഷനുകളിലേക്ക്. പാലക്കാട്, ഷൊറണൂര്‍, കോഴിക്കോട് സ്റ്റേഷനുകളിലാണ് സ്മാര്‍ട്ട്കാര്‍ഡ് വഴി ടിക്കറ്റെടുക്കാനുള്ള സൗകര്യം റെയില്‍വേ ഏര്‍പ്പെടുത്തിയിരുന്നത്.
ഇപ്പോള്‍ അഞ്ച് സ്റ്റേഷനുകളില്‍കൂടി ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീന് റെയില്‍വേ സ്ഥാപിച്ചുകഴിഞ്ഞു. പട്ടാമ്പി, ഒറ്റപ്പാലം, കുറ്റിപ്പുറം, തലശ്ശേരി, കണ്ണൂര്‍ എന്നീ സ്റ്റേഷനുകളിലാണ് പുതുതായി സ്മാര്‍ട്ട്കാര്‍ഡ് ഉപയോഗിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇതോടെ റെയില്‍വേസ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റെടുക്കാന്‍ ദീര്‍ഘനേരം ക്യൂ നില്‍ക്കേണ്ട ഗതികേടിന് അവസാനമാവുകയാണ്. ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീന് (എ.ടി.എം.) വഴി ടിക്കറ്റെടുക്കുന്നതിനുള്ള സ്മാര്‍ട്ട്കാര്‍ഡ് സ്റ്റേഷനില്‍നിന്ന് നൂറുരൂപയ്ക്ക് ലഭിക്കും. ടിക്കറ്റെടുക്കുന്നതിനനുസരിച്ച് കാര്‍ഡിലെ തുക തീര്‍ന്നാല്‍ പിന്നീട് നൂറുരൂപമുതല് വിവിധ തുകകള്‍ക്ക് റീച്ചാര്ജ്ചെയ്യാം.
ഹൃസ്വദൂര യാത്രക്കാര്‍ക്കാണ് സേവനം പ്രയോജനകരമാവുക. 150 കിലോമീറ്റര്‍വരെയുള്ള യാത്രയ്ക്ക് സ്റ്റേഷനിലെ എ.ടി.എം. വഴി ടിക്കറ്റ് ലഭിക്കും.
തിരക്കേറിയ സമയങ്ങളില്‍ പലപ്പോഴും ടിക്കറ്റ് കിട്ടാത്തതിനാല്‍ യാത്രക്കാര്‍ക്ക് ട്രെയിന്‍ ലഭിക്കാത്ത സ്ഥിതിയുണ്ടായിരുന്നു.
ബി ഗ്രേഡ് സ്റ്റേഷനുകളില്‍ വേറെ കൗണ്ടര്‍ തുറക്കുന്നതിന് പ്രായോഗികബുദ്ധിമുട്ട് നേരിട്ട സാഹചര്യത്തിലാണ് റെയില്‍വേ ഇലക്ട്രോണിക് ടിക്കറ്റ് വെന്‍ഡിങ് മെഷീന് സ്ഥാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: