വിളപ്പില്‍ശാല: സഹന സമരത്തിന്റെ ചരിത്രമുറങ്ങുന്ന ക്ഷേത്ര ജംഗ്ഷനിലെ ആല്‍മര ചുവട്ടില്‍ ഇനി വിജയസ്മാരകമുയരും.ചവര്‍ ഫാക്ടറി വിരുദ്ധ സമരങ്ങള്‍ക്ക് വിളപ്പില്‍ ജനത ഒരുമിച്ചത് ഈ ആല്‍മരച്ചുവട്ടിലാണ്. സര്‍വ്വ സന്നാഹങ്ങളുമായി ജനങ്ങള്‍ക്കു നേരെ പാഞ്ഞടുത്ത പോലീസ് സംഘത്തെ ചെറുത്ത് തോല്‍പ്പിച്ച് പിറന്ന നാടിനു വേണ്ടി അവര്‍ പോരാടിയതും ഈ ആല്‍മരച്ചുവട്ടിലെ സമരപ്പന്തലിലിരുന്നാണ്. അതുകൊണ്ടുതന്നെ വിളപ്പില്‍ശാലയുടെ സമരവഴികള്‍ക്ക് ക്ഷേത്രകവലയിലെ ഈ ആല്‍മരത്തെ വിസ്മരിക്കാനാവില്ല.
നാലു വര്‍ഷക്കാലം സമര ഭടന്മാര് നിരാഹാരം അനുഷ്ഠിച്ച സംയുക്ത സമരസമിതിയുടെ പന്തല്‍ ജീര്‍ണിച്ചു തുടങ്ങിയെങ്കിലും ഇന്നും തലയെടുപ്പോടെ ആല്‍മരത്തിനരികില്‍ നില്ക്കുന്നു. സമരം അവസാനിച്ചിട്ടും എല്ലാദിവസവും വിശേഷങ്ങള്‍ പങ്കുവയ്ക്കാനും പഴയ ഓര്‍മ്മകള്‍ പുതുക്കുവാനും ധാരാളം പേര് ഈ സമരപന്തലിലെത്തും. അവിടെ നിരത്തിയിട്ട കസേരകളിലിരുന്ന് പത്ര വായനയും വരാനിരിക്കുന്ന കോടതി വിധിയെ കുറിച്ചുള്ള ചര്‍ച്ചകളും പതിവു കാഴ്ചകളാണ്. അത്രയേറെ ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ട് ഈ സമരവേദി. ഹരിത കോടതി വിളപ്പില്‍ശാലയ്ക്ക് അനുകൂലമായി വിധി പറഞ്ഞപ്പോള്‍ സമരസമിതി നേതാക്കള്‍ ആദ്യം മനസില്‍ കുറിച്ചിട്ടതും വിജയസ്മാരകമായി സമരപന്തലിനെ മാറ്റുകയെന്ന ജനവികാരമായിരുന്നു.
2012 ആഗസ്റ്റ് മൂന്നിന് നഗരസഭയുടെ മാലിന്യം കയറ്റിവന്ന ലോറികള്‍ തടഞ്ഞുകൊണ്ട് ഐതിഹാസിക സമരത്തിന് വിളപ്പില്‍ശാലക്കാര്‍ നാന്ദി കുറിച്ചത് ക്ഷേത്ര ജംഗ്ഷനിലെ ആല്‍മരത്തിനു മുന്നിലാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ പതിനായിരങ്ങള്‍ അണിനിരന്ന സമര മുഖമായിരുന്നു അത്. ഒത്തൊരുമയോടെ ഒരു നാട് ഒന്നിച്ചണിനിരന്നു എന്നതാണു പിന്നിട് നടന്ന വലിയ ചെറുത്തുനില്‍പ്പുകള്‍ക്ക് അടിത്തറയായത്. വിളപ്പില്‍ശാലയുടെ സമരശൈലി മാലിന്യ വിപത്തില്‍ നിന്ന് ഒരു നാടിന് മോചനം നേടികൊടുക്കുകയായിരുന്നു. ജനാധിപത്യ മാതൃകയില്‍ ലക്ഷണമൊത്ത ഒരു സമരവിജയം. കഴിഞ്ഞ ദിവസം നടന്ന വിജയോത്സവ ഘോഷങ്ങള്‍ക്കിടയിലും അവര്‍ മുറുകെപിടിച്ചത് ഒരുമയുടെ വലിയ സന്ദേശത്തെയായിരുന്നു.
സമരങ്ങള്‍ക്കെന്നപോലെ ആഘോഷങ്ങള്‍ക്കും വിളപ്പില്‍ശാലക്കാര്‍ തിരഞ്ഞെടുക്കുന്ന ഇടമായി ക്ഷേത്ര ജംഗ്ഷനിലെ ആല്‍മര തണല്‍ മാറിയിരിക്കുന്നു. കവയത്രി സുഗതകുമാരി, ഗാന്ധിയന്‍ പി. ഗോപിനാഥന് നായര്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്, കൂടംകുളം സമരനായിക സേവ്യറമ്മ, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം, മന്ത്രിമാര്‍, എംഎല്‍എമാര്‍, സാമൂഹിക സാംസ്കാരിക നായകര്‍ തുടങ്ങി പ്രമുഖര്‍ വിളപ്പില്‍ ജനതയുമായി സംവദിച്ചതും നാടിന്റെ മുഖമുദ്രയായ ഈ ആല്മരചുവട്ടില് വച്ചായിരുന്നു. വിളപ്പില്‍ ജനതയുടെ സമരവീര്യം പ്രതിഫലിക്കുന്ന സ്തൂപവും വായനമുറിയും ഒത്തുചേരുന്ന സ്മാരകമാണ് ജംഗ്ഷനില്‍ ഉയരുക. സംയുക്തസമരസമിതിയും വിളപ്പില്‍ ഗ്രാമപഞ്ചായത്തും ഒത്തുചേര്‍ന്ന് ജനകീയസംരംഭമായാകും സ്മാരകം നിര്‍മിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: