കണ്ണൂര്‍: പട്ടികവിഭാഗക്കാരന് ജില്ലാകളക്ടര്‍ പതിച്ചുനല്‍കിയ 25 സെന്റ് സ്ഥലം ഒന്നര വര്‍ഷത്തിനുള്ളില്‍ മറ്റൊരാള്‍ക്ക് കൂടി അനുവദിച്ച സംഭവം അനേ്വഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം കെ.മോഹന്‍കുമാര്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. പള്ളിവയല്‍ പന്നിയൂര്‍ നമ്പിലന് കാര്‍ത്തിയായനി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. തന്റെ മകന് വിജയകുമാറിന് തളിപറമ്പ് ചുഴലി കുളത്തൂരില്‍ റീസര്‍വേ 30 ല്‍ പ്ലോട്ട്നമ്പര്‍ 38 ആയി 2000ല്‍ സര്‍ക്കാര്‍ പതിച്ചു നല്കിയ 25 സെന്റ് സ്ഥലം കണ്ടോത്ത് വളപ്പില്‍ രാഘവന് കൈയേറിയെന്നാണ് പരാതി. വിജയകുമാര്‍ 2005ല്‍ മരിച്ചു. കമ്മീഷന് നടത്തിയ അനേ്വഷണത്തില്‍ പരാതിക്കാരിയുടെ മകന്റെ സ്ഥലം രാഘവന് കൈയേറിയതല്ലെന്നും സര്‍ക്കാര്‍ പതിച്ചു നല്‍കിയതാണെന്നും മനസിലാക്കി. പണ്ണേരി രവി എന്നയാള്‍ക്ക് കണ്ണൂര്‍ ലാന്റ് ട്രൈബ്യൂണല്‍ പതിച്ചു നല്കിയ സ്ഥലമാണ് രാഘവന് വാങ്ങിയത്. വിജയകുമാറിന് അനുവദിച്ച സ്ഥലം രവിക്കു സര്‍ക്കാര്‍ പതിച്ചു നല്കുമ്പോള് വിജയകുമാര്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു. പ്രസ്തുത സ്ഥലത്തിന് രവി കരം അടച്ചതായും കാണുന്നു.
സിവില്‍ കേസായതിനാല്‍ പരാതി സിവില്‍ കോടതിയിലൂടെ പരിഹരിക്കണമെന്ന കളക്ടറുടെ നിര്‍ദ്ദേശം കമ്മീഷന് തള്ളി. സ്വന്തം ഓഫീസിലെ പിഴ തിരുത്താനുള്ള അവസരം കളക്ടര്‍ ഉപയോഗിക്കുന്നതിനു പകരം ന്യായം പറഞ്ഞ് കൈകഴുകുന്നത് ഭൂഷണമല്ലെന്ന് ഉത്തരവില്‍ പറയുന്നു.
പരാതി പരിശോധിച്ച് 60 ദിവസത്തിനുള്ളില്‍ നടപടിയെടുക്കണം. പരാതിക്കാരിയുടെ മകന് പതിച്ചു നല്കിയ സ്ഥലം നിയമാനുസൃത അവകാശികള്‍ക്ക് ലഭ്യമാക്കണമെന്നും കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. നടപടിറിപ്പോര്‍ട്ട് മുന്നുമാസത്തിനകം സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: