കല്‍പ്പറ്റ :ഒരേ സമയം രണ്ട് വണ്ടികളില്‍ യാത്രചെയ്ത് ഹൂസൂര്‍ ശിരസ്തദാര്‍
സര്‍ക്കാര്‍ ഉത്തരവ് മറികടന്ന് കല്പറ്റയില്നിന്നു കോഴിക്കോട്ടേക്കും തിരിച്ചും ഔദ്യോഗിക വാഹനത്തില്‍ യാത്രകള്‍ നടത്തി ഡപ്യൂട്ടി കലക്ടര്‍. വയനാട് കലക്ടറേറ്റില്‍ ധനവകുപ്പ് നടത്തിയ വാഹന പരിശോധനയില്‍ കണ്ടെത്തിയതാണ് ഈ ക്രമക്കേടുകള്‍. ജില്ലാ ആസ്ഥാനത്ത് ഡപ്യൂട്ടി കലക്ടറായിരിക്കെ പി.അറുമുഖനും ഹുസൂര്‍ ശിരസ്തദാറായിരിക്കെ പി.പി.കൃഷ്ണന്‍കുട്ടിയുമാണ് ഔദ്യോഗിക വാഹനങ്ങള്‍ ദുരുപയോഗം ചെയ്തത്. ഇരുവര്‍ക്കുമെതിരെ വകുപ്പുതല നടപടിയും പിഴയും ശുപാര്‍ശ ചെയ്തിരിക്കയാണ് ധനവകുപ്പ്.
കലക്ടറേറ്റിലെ വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നുവെന്ന പരാതിയില്‍ ധനവകുപ്പിന്റെ സ്ക്വാഡ് ഏതാനും വാഹനങ്ങളുടെ ലോഗ് ബുക്കുകള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് ക്രമക്കേടുകള്‍ പുറത്തായത്. ഹൂസൂര്‍ ശിരസ്തദാറായിരിക്കെ കലക്ടറേറ്റിലെ വാഹനങ്ങളുടെ നിയന്ത്രണാധികാരിയുമായ കൃഷ്ണന്‍കുട്ടി ഒരേ ദിവസം ഒരേ സമയം രണ്ട് വാഹനങ്ങളില്‍ യാത്ര ചെയ്തതായി രേഖപ്പെടുത്തിയതാണ് കണ്ടെത്തിയ ക്രമക്കേടുകളില്‍ ഒന്ന്. 2014 ജൂലൈ മൂന്നിനു ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് നാല് വരെ ഹുസൂര്‍ ശിരസ്തദാര്‍ കെ.എല്‍.01 എ ക്യൂ 5542 നമ്പര്‍ വാഹനത്തില്‍ 31 കിലോ മീറ്ററും അതേദിവസം രാവിലെ എട്ട് മുതല്‍ രാത്രി 9.30 വരെ കെ.എല്‍.01 എ ക്യൂ 5607 നമ്പര്‍ വാഹനത്തില്‍ 170 കിലോ മീറ്ററും യാത്ര ചെയ്തതായാണ് ലോഗ് ബുക്കില്‍. 2014 സെപ്റ്റംബര്‍ ഒന്നിന് രാവിലെ 10 മുതല്‍ രാത്രി ഏഴര വരെ കെ.എല്‍.01 എ ക്യൂ 5542 നമ്പര്‍ വാഹനത്തില്‍ 169 കിലോ മീറ്റര്‍ സഞ്ചരിച്ച ഹുസൂര്‍ ശിരസ്തദാര്‍ അതേദിവസം രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് നാല് വരെ കെ.എല്‍.01 എ ക്യൂ 5607 നമ്പര്‍ വാഹനത്തില്‍ 13 കിലോമീറ്റര്‍ യാത്ര ചെയ്തതായും ലോഗ് ബുക്കിലുണ്ട്. 2013 ജൂലൈ 17ന് വൈകീട്ട് അഞ്ചിനും രാത്രി 11നും ഇടയില്‍ കോഴിക്കോട്, മാനന്തവാടി, കണിയാമ്പറ്റ എന്നിവിടങ്ങളിലേക്കായി 281 കിലോ മീറ്റര്‍ ഹുസൂര്‍ ശിരസ്തദാര്‍ ഔദ്യോഗിക വ3ഹനത്തില്‍ സഞ്ചരിച്ചതായി രേഖപ്പെടുത്തിയതും സ്ക്വാഡ് കണ്ടെത്തി. ഇതു സംബന്ധിച്ച അന്വേഷണക്കുറിപ്പിന് ഹുസൂര്‍ ശിരസ്തദാര്‍ സമയബന്ധിതമായി മറുപടിയും നല്‍കിയില്ല. ഹുസൂര്‍ ശിരസ്തദാര്‍ ഒദ്യോഗിക വാഹനത്തില്‍ ഭാര്യാസമേതം സ്വകാര്യയാത്ര നടത്തിയതും പരിശോധനയില്‍ തെളിഞ്ഞു. ഹുസൂര്‍ ശിരസ്തദാറായിരുന്ന കാലയളവില്‍ കൃഷ്ണന്‍കുട്ടി നടത്തിയ വാഹനദുരുപയോഗത്തിനു 6036 രൂപ പിഴ ഈടാക്കണമെന്നും വകുപ്പുതല നടപടിയെടുക്കണമെന്നുമാണ് ധന വകുപ്പിന്റെ ശുപാര്‍ശ. കൃഷ്ണന്‍കുട്ടി കെ.എല്‍.01 എ.ക്യു.5542, കെ.എല്‍.12.ബി 7920 എന്നീ വാഹനങ്ങളില്‍ താപാല്‍ വിതരണത്തിനു ഉള്‍പ്പെടെ ദിവസവും നിരവധി യാത്രകള്‍ നടത്തിയതായും ഈ യാത്രകളുടെ വ്യാപ്തി പരിശോധിക്കുമ്പോള്‍ ഓഫീസിലെ ഔദ്യോഗിക ജോലികള്‍ അദ്ദേഹം എങ്ങനെ നിര്‍വഹിച്ചു എന്നത് സംശയകരമാണെന്നും ധനവകുപ്പ് വിലയിരുത്തുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: