കണ്ണൂര്‍: തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ വികസനമുള്‍പ്പടെയുള്ള പദ്ധതിയായ സാഗര്‍മാലാ പദ്ധതിയില്‍ അഴീക്കല്‍ തുറമുഖത്തെയും ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര കപ്പല്‍ഗതാഗത വകുപ്പ് മന്ത്രി പൊന്രാധാകൃഷ്ണന് പറഞ്ഞു. അഴീക്കല്‍ തുറമുഖം സന്ദര്‍ശിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴീക്കല്‍ തുറമുഖം സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ്. എന്നാല്‍ സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഇത് അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
തുറമുഖത്തിന്റെ അടിസാഥാന സൗകര്യവികസന്നതിന് പരിഗണിക്കേണ്ട വിഷയങ്ങള്‍ സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അജിനേഷ് മാടങ്കര മന്ത്രിയോട് വിശദീകരിച്ചു. ചരക്ക് നീക്കം എളുപ്പത്തിലാക്കാന്‍ ദേശീയ പാതയില്‍ നിന്നും അഴീക്കല്‍ പോര്‍ട്ടിലേക്ക് സൗകര്യപ്രദമായ റോഡ് നിര്‍മിക്കണം. ഇപ്പോള്‍ ഇടുങ്ങിയ റോഡുകളാണ് പോര്‍ട്ടിലേക്കുള്ളത്. കണ്ടെയ്നര്‍ ലോറികള്‍ക്ക് സുഗമമായി പോകണമെങ്കില്‍ റോഡ് വികസനം അനിവാര്യമാണ്. നിലവില്‍ തുറമുഖത്തിനോട് ഏറ്റവും അടുത്ത് വളപട്ടണത്ത് റെയില്‍ സൗകര്യമുണ്ട്. ഇത് തുറമുഖം വരെ നീട്ടാനുള്ള സൗകര്യമുണ്ടാക്കണം. തുറമുഖപരിധിയില് വരുന്ന ചില സ്ഥലങ്ങള്‍ ഇപ്പോഴും കൃത്യമായ രേഖയില്ലാതെ കിടക്കുകയാണ്. ഇത് റിസര്‍വ്വെ ചെയ്ത് രേഖയാക്കണം. ഇതിനാവശ്യമായ കേന്ദ്ര നോട്ടിഫിക്കേഷന്‍ ആവശ്യമായ നടപടിയെടുക്കണം. തുറമുഖത്തുള്ള ബില്ലിംഗ് സംവിധാനമായ ഇലക്ട്രോണിക് ഡാറ്റ ഇന്റര്‍ ചെയ്ഞ്ച് സിസ്റ്റം അഴീക്കലില്‍ ഇപ്പോഴും നടപ്പാക്കിയിട്ടില്ല. കൊച്ചി കേന്ദ്രീകരിച്ചാണ് ഇപ്പോഴും ബില്ലിംഗ് സംവിധാനം നടക്കുന്നത്. കസ്റ്റംസ്, സെയില്‍ ടാക്സ് വകുപ്പുകളുമായി ബന്ധപ്പെട്ട് നടപടി ത്വരിതപ്പെടുത്തണമെന്നും അജിനേഷ് മന്ത്രിയോട് ആവശ്യപ്പെട്ടു.
വിഷയം പഠിച്ചതിന് ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കണ്ണൂരിന്റെ വികസനത്തിന് നിര്‍ണ്ണായകമായ പങ്കുവഹിക്കുന്ന സംരഭമാണ് അഴീക്കല്‍ പോര്‍ട്ട്. സംസഥാനത്തിന്റെ വികസന കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അനുഭാവപൂര്‍വ്വമായ പരിഗണന നല്‍കും. ബിജെപി മുന്‍ ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ്, ജില്ലാ അധ്യക്ഷന്‍ കെ.രഞ്ജിത്ത്, ദേശീയ സമിതി അംഗം പി.കെ.വേലായുധന്, വിജയന് വട്ടിപ്രം, എ.പി.ഗംഗാധരന്, കെ.കെ.വിനോദ് കുമാര്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: