കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ റെക്കോര്‍ഡ് വേഗത്തില്‍ നടക്കുന്നുണ്ടെന്ന് വിമാനത്താവളത്തിന്റെ ചുമതല വഹിക്കുന്ന മന്ത്രി കെ.ബാബു പറഞ്ഞു. പദ്ധതി പ്രദേശം സന്ദര്‍ശിച്ചതിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രണ്‍, കണ്ട്രോള് ടവര്‍ എന്നിവയുടെ നിര്‍മാണം 80 ശതമാനവും ടെര്‍മിനല്‍ 50 ശതമാനവും റണ്‍വെ 60 ശതമാനവും പൂര്‍ത്തിയായി. വൈദ്യുതീകരണം നവംബറില്‍ നടക്കും. വെളളം ഒഴുക്കുന്നതിനുളള താല്‍ക്കാലിക പരിഹാരമായി 25 ലക്ഷം രൂപയുടെ ഡ്രെയിനേജ് പ്രവൃത്തി പൂര്‍ത്തിയായി. കണ്ണൂരില്‍ നിന്നുളള എയര്‍പോര്‍ട്ട് റോഡ് കേന്ദ്രം നാഷണല്‍ ഹൈവേയായി പ്രഖ്യാപിച്ചിട്ടുണ്ട്. കസ്റ്റംസ് എമിഗ്രേഷന്‍ ഉടമ്പടിയും സിഐഎസ്എഫ് ഉടമ്പടിയും ഒഴികെ ആവശ്യമായ 8 കരാറുകള്‍ ഒപ്പിട്ടു കഴിഞ്ഞു. ബാങ്കുകള്‍ വായ്പ തരാന്‍ തയ്യാറായി നില്‍ക്കുകയാണ്. പണം മുടക്കാന്‍ സ്വകാര്യ വ്യക്തികളും മുന്നോട്ടുവരുന്നുണ്ട്. ആകര്‍ഷകമായ പാക്കേജ്നല്കി ഗ്രീന്‍ഫീല്‍ഡ് റോഡ് സര്‍വെ ആരംഭിക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ലഭിച്ചത് നിര്‍മാണപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മഴ കാരണം സപ്തംബര്‍ മാസം റണ്‍വെ നിര്‍മാണം തടസ്സപ്പെട്ടതും പ്രാദേശികമായ എതിര്‍പ്പ് കാരണം ബ്ലാസ്റ്റിങ്ങ് നടത്താന്‍ വൈകിയതും ചെറിയ പ്രയാസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഡിസംബര്‍ 31 ന് തന്നെ പരീക്ഷണ പറക്കല്‍ നടത്താനാവും. റണ്‍വെയുടെ നീളം 3400 മീറ്ററായി വര്‍ധിപ്പിക്കുന്നതിന് 350 മീറ്റര്‍ കൂടി ഭൂമി ഏറ്റെടുക്കാന്‍ സര്‍വെ ആരംഭിച്ചു. ന്യായമായ പുനരധിവാസ പാക്കേജ് നല്കിയാല് സ്ഥലം ഏറ്റെടുക്കുന്നതിന് തടസ്സമില്ലെന്ന് വിമാനത്താവള ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ പി.കെ.ശ്രീമതി ടീച്ചര്‍ എംപി, എംഎല്‍എ മാരായ ഇ.പി.ജയരാജന്, എ.പി അബ്ദുളളക്കുട്ടി, മട്ടന്നൂര്‍ നഗരസഭാ ചെയര്മാന് കെ.ഭാസ്കരന് മാസ്റ്റര്‍, ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍, കിയാല്‍ എംഡി ജി.ചന്ദ്രമൗലി, സബ് കലക്ടര്‍ നവജോത് ഖോസ, അസി.കലക്ടര്‍ എസ്.ചന്ദ്രശേഖര്‍, കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.സുസ്മിത എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: