തൃശൂരില്‍നിന്ന് തൃപ്രയാര്‍ വഴിയില്‍ പതിനാലു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ തായംകുളങ്ങര എത്തും. അവിടെ ഇറങ്ങി തെക്കോട്ട് അല്‍പ്പം നടന്നാല്‍ ഇടതുഭാഗത്തായി ഒരു മഹാക്ഷേത്രം കാണാം. പെരുവനം മഹാദേവ ക്ഷേത്രം.
പണ്ട് പരശുരാമന് കേരളത്തെ 64 ഗ്രാമങ്ങളായി വിഭജിച്ചു എന്നാണല്ലൊ ഐതിഹ്യം. അതില്‍ പ്രഥമവും പ്രധാനവുമായിരുന്നു പെരുവനം ഗ്രാമം. തപോധന്യനായിരുന്ന പൂരുമഹര്‍ഷി തപസ്സു ചെയ്തിരുന്ന വനമായിരുന്നു പൂരുവനം. അതു പിന്നീട് പെരുവനം എന്നറിയപ്പെട്ടു. ബദരീനാഥത്തിനടുത്തുള്ള ഒരു തടാകത്തില്‍ നിന്നു ലഭിച്ച ശിവലിംഗം പൂരുമഹര്‍ഷി പെരുവനത്തെ ഒരു ആലിന്മുകളില് വെച്ചു എന്നും പിന്നീട് അത് എടുക്കാന്‍ നോക്കിയപ്പോള്‍ അവിടെ ഉറച്ചുപോയതായി കണ്ടു എന്നും വിശ്വസിക്കപ്പെടുന്നു. ആ സ്ഥാനത്തിലാണത്രെ മാടത്തിലപ്പന്റെ പ്രതിഷ്ഠ നടത്തിയത്. കേരളത്തിലെ ഏറ്റവും ഉയരംകൂടിയ ശ്രീകോവിലാണ് മാടത്തിലപ്പന്റേത്. ഇരട്ടയപ്പന് സ്വയംഭൂവാണ്. രണ്ടു ശിവന്മാര് ചേര്‍ന്നാണ് ഇരട്ടയപ്പന് ഇരുന്നരുളുന്നത്.
ഈ ക്ഷേത്രത്തിന്റെ പ്രാചീനത്വം നിര്‍ണയാതീതമാണ്. എങ്കിലും ആയിരങ്ങള്‍ പഴക്കമുള്ളതാണ് ഈ അമ്പലം എന്ന് പെരുവനം ഗ്രന്ഥവരിയില്‍നിന്നും ഐതിഹ്യങ്ങളില്‍നിന്നും അവകാശപ്പെടാം.
ഉയരം കുറഞ്ഞ ഒരു കുന്നിന്റെ നെറുകയിലാണ് ഈ അമ്പലം സ്ഥിതി ചെയ്യുന്നത്. ആറര ഏക്കറോളമുണ്ട് മതില്ക്കകം. അരയാലും പേരാലും പുത്തിലഞ്ഞിയും ചെമ്പകവുമെല്ലാം ചേര്‍ന്ന് ഈ മതില്‍ക്കകത്തിന് ഒരു വന്യചാരുത നല്കുന്നു. കൂടാതെ പേരില്ലാമരം. പൂരുവനം എന്ന പേരിനെ അന്വര്‍ത്ഥമാക്കുന്ന കാനനഭംഗിയുള്ള മതില്ക്കകം.
പെരുവനം ഗ്രാമക്ഷേത്രമാണ് പെരുവനത്തമ്പലം. വലിയ നാലമ്പലം കടന്ന് തിരുമുറ്റത്തെത്തിയാല്‍ ആദ്യം കാണുക മാടത്തിലപ്പന്റെ ശ്രീകോവിലിലേയ്ക്കുള്ള പടികളാണ്. തൊട്ട് ഇടതുവശത്ത് പണ്ടത്തെ വലിയ കരിങ്കല്‍ ഭണ്ഡാരം വൈദേശികാക്രമണത്തിന്റെ നിദര്‍ശനമായി തകര്‍ന്നുകിടക്കുന്നു. അതിനടുത്ത് നമസ്കാര മണ്ഡപവും മണ്ഡപത്തിനുമുന്നില്‍ ഇരട്ടയപ്പന്റെ വട്ടശ്രീകോവിലും. പടിഞ്ഞാറുഭാഗത്തിരിക്കുന്ന മകളെ-മേയ്ക്കാവിലമ്മയെ-നോക്കിയാണ് ഇരട്ടയപ്പന് ഇരിക്കുന്നത് എന്നുതോന്നും. അതേ ശ്രീകോവിലില്‍ തെക്കുദര്‍ശനമായി ദക്ഷിണാമൂര്‍ത്തിയും ഗണപതിയും കിഴക്കോട്ടു ദര്‍ശനമായി ശ്രീപാര്‍വതി.
മാടത്തിലപ്പനും പടിഞ്ഞാട്ടാണ് ദര്‍ശനം.
ഒരുപാടു പടവുകള്‍ കയറി വേണം ശ്രീകോവിലിലെത്താന്‍. ഒരാള്‍പ്പൊക്കത്തിലധികമുള്ള വിഗ്രഹം. മാടത്തിലപ്പനെ തൊഴുതിറങ്ങിയാല്‍ നാലമ്പലത്തിന്റെ തെക്കെ അറ്റത്ത് ഐതിഹ്യങ്ങളെ സാധൂകരിക്കുംവിധം പൂരുമഹര്‍ഷിയുടെ പ്രതിഷ്ഠ. വടക്കുപടിഞ്ഞാറ് ഗണപതി. വടക്കുഭാഗത്ത് തെക്കോട്ടു ദര്‍ശനമായി രക്തേശ്വരിയും മണികണ്ഠനും.
തിരുമുറ്റത്തിനു പുറത്തുകടന്നാല്‍ വലിയ കൂത്തമ്പലം കാണാം. അടുത്തകാലംവരെ എല്ലാക്കൊല്ലവും മിഥുനം 20 നു തുടങ്ങി ചിങ്ങം ഒന്നുവരെ ചാക്യാര്‍കൂത്തു നടന്നിരുന്ന അമ്പലമായിരുന്നു ഇത്. തൊട്ടപ്പുറത്ത് ചെറിയൊരമ്പലത്തില്‍ പയ്യിനെ ചാരിനില്ക്കുന്ന ഗോശാലകൃഷ്ണന്. വീണുകിടക്കുന്ന ഇലഞ്ഞിയിലയും പൂവുമാണ് ഈ കൃഷ്ണനു നാം കൊടുക്കേണ്ട ഇഷ്ടോപഹാരം.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: