കണ്ണൂര്‍: പുതിയ കെട്ടിടങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ഭിന്നശേഷി സൗഹൃദമായിരിക്കണമെന്ന് ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ലിഫ്റ്റ്, റാംപ്, ദിശാസൂചക ബോര്‍ഡുകള്‍ എന്നിവയൊക്കെ ഉണ്ടാക്കണം. റോഡുകളില്‍ ഫുട്പാത്ത് നിര്‍മ്മിക്കുമ്പോഴും ഇത്തരക്കാരെ പരിഗണിക്കണമെന്ന് പൊതുമരാമത്ത് ബില്‍ഡിങ്ങ്, എല്‍എസ്ജിഡി വിഭാഗങ്ങളോട് കലക്ടര്‍ നിര്‍ദ്ദേശിച്ചു.
കണ്ണൂര്‍-മട്ടന്നൂര്‍ റോഡ് ഉടന്‍ അറ്റകുറ്റപ്പണി നടത്തണമെന്ന് സണ്ണി ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. ഒക്ടോബര്‍ ആദ്യവാരം കുഴി അടക്കല്‍ ആരംഭിക്കുമെന്ന് പിഡബ്ല്യുഡി അധികൃതര്‍ മറുപടി പറഞ്ഞു. കൃഷി നാശത്തിന്റെ നഷ്ടപരിഹാര തുക സര്‍ക്കാര്‍ കൂട്ടിയെങ്കിലും പുതിയ നിരക്ക് നല്‍കുന്നില്ല. ഇതിന്റെ ഉത്തരവ് വരുന്നതുവരെ ലഭിച്ച അപേക്ഷയില്‍ തീര്‍പ്പ് കല്‍പ്പിക്കരുത്. ഒറ്റ ബസ്സുകള്‍ മാത്രമുളള മലയോര സര്‍വ്വീസുകള്‍ കെഎസ്ആര്‍ടിസി റദ്ദാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കണ്ണൂര്‍ മട്ടന്നൂര്‍ റോഡ് വികസന കാര്യത്തില്‍ കാഞ്ഞിരോട് ഭാഗത്തുളള കടക്കാരുമായി കലക്ടര്‍ സംസാരിക്കണമെന്ന് എ പി അബ്ദുളളക്കുട്ടി എം എല്‍ എ പറഞ്ഞു. വിമാനത്താവളവുമായി ബന്ധപ്പെട്ട അനുബന്ധറോഡുകളുടെ വികസനത്തിനുളള എസ്റ്റിമേറ്റ് സര്‍ക്കാരിലേക്ക് അയച്ചിട്ടുണ്ടെന്ന് പി ഡബ്ല്യു ഡി അധികൃതര്‍ അറിയിച്ചു.
വെളളൂര്‍ ചെറുപുഴ റോഡ് പാച്ച് വര്‍ക്ക് ചെയ്യാന്‍ ടെണ്ടര്‍ ആയെന്നും കുഴി അടക്കുന്ന പ്രവൃത്തി ഉടന്‍ തുടങ്ങുമെന്നും സി.കൃഷ്ണന് എം എല്‍എ യുടെ ചോദ്യത്തിന് അധികൃതര്‍ മറുപടി പറഞ്ഞു. പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന് അപ്രോച്ച് റോഡ് അറ്റകുറ്റപ്പണി ഉടന്‍ ആരംഭിക്കും.
ജില്ലയിലെ മണലെടുപ്പിന് പല കടവുകളിലും അനുമതി നല്‍കാത്തതും കരിങ്കല്‍ ക്വാറികള്‍ സ്തംഭിച്ചതും കാരണം നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നില്ലെന്ന് സി.കൃഷ്ണന് എംഎല്‍എ ചൂണ്ടിക്കാട്ടി. പാരിസ്ഥിതിക അനുമതി ലഭിക്കാത്തതിനാല്‍ ചില ഭാഗങ്ങളില്‍ മണല്‍ വാരല്‍ നടക്കുന്നില്ലെന്നും അനുമതിക്കായി ശ്രമിക്കുമെന്നും കലക്ടര്‍ അറിയിച്ചു. ചിറ്റടിയിലെ 10 പട്ടികജാതി കുടുംബങ്ങളുടെ കൈവശമുളള ഭൂമിയില്‍ 3 സെന്റ്കാര്ക്ക്് ഭൂമി നല്‍കാനുളള തീരുമാനം പുന:പരിശോധിച്ച് അവര്‍ക്ക് 3 സെന്റ് വീതം മറ്റു സ്ഥലങ്ങളില്‍ പട്ടയം നല്‍കും. കവ്വായി പുഴയില്‍ ഒരേ ഭാഗത്ത് നിന്നുതന്നെ സ്ഥിരമായി മണലെടുക്കുന്നത് പരിസരത്തെ ജലസ്രോതസ്സിനെ ബാധിക്കുന്നു എന്ന പരാതി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. കെ എസ് ടി പി ജോലികളില്‍ പുരോഗതി ഇല്ലെന്ന് ടി വി രാജേഷ് എം എല്‍ എ പറഞ്ഞു. പുതിയ കെട്ടിടങ്ങള്‍ ഉണ്ടാക്കിയിട്ടും ഇലക്ട്രിക്കല്‍ ജോലികള്‍ വൈകുന്നത് മൂലം പിന്നീട് കുത്തിപ്പൊളിച്ച് വൃത്തികേടാക്കേണ്ടിവരികയാണ്. എല്‍ എസ് ജി ഡി ജോലികള്‍ക്ക് ഭരണാനുമതിയായിട്ടും ടെണ്ടര്‍ നടപടികള്‍ ആവുന്നില്ല. ചെറുകുന്ന് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ജലവിതരണ പൈപ്പ് ലൈനുകളിലും ഒക്ടോബര്‍ 31 നുളളില്‍ കുടിവെളളം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ എംഎല്‍എയെ അറിയിച്ചു.
കണ്ണൂര്‍ നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ കുഴി അടച്ചു തീര്‍ത്തെന്നും ടാറിംഗ് നവംബര്‍ ആദ്യം ആരംഭിക്കുമെന്നും പിഡബ്ല്യുഡി അധികൃതര്‍ പറഞ്ഞു. ആറളം പുനരധിവാസമേഖലകളിലെ ആദിവാസികള്‍ക്ക് തൊഴില്‍ നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കൃഷ്ണന് പറഞ്ഞു. യോഗത്തില്‍ എംഎല്‍എ മാരായ എ.പി.അബ്ദുളളക്കുട്ടി, സണ്ണി ജോസഫ്, ടി.വി.രാജേഷ്, സി കൃഷ്ണന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കൃഷ്ണന്, ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍, അസി.കലക്ടര്‍ എസ് ചന്ദ്രശേഖര്‍, എഡിഎം ഒ.മുഹമ്മദ് അസ്ലം, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ എം.എ.ഷീല എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: