സുന്ദരനായ നളനും അതിസുന്ദരിയായ ദമയന്തിയും വിവാഹം കഴിച്ചു. അതിന് അരങ്ങൊരുക്കിയത് ദേവലോകവാസിയായ അരയന്നം. പക്ഷേ ആ വിവാഹം പലരുടേയും ഉറക്കം കെടുത്തിപോലും. ദേവന്മാരും മാനുഷരുമൊക്കെ നളന് ശത്രുക്കളായി. അതില്‍ മുഖ്യന് ‘കലി’. സര്‍വനാശത്തിന്റെയും പ്രതീകമായ സാക്ഷാല്‍ ‘കലി.’ അധികം വൈകിയില്ല, നളന് കലിദശ തുടങ്ങി… ആ നിമിഷം കലി നളന്റെ ശരീരത്തില്‍ കയറിപ്പറ്റി. അതോടെ സകലതും തകിടം മറിഞ്ഞു. നളന് എല്ലാം നഷ്ടപ്പെട്ടു. സ്വന്തം രാജ്യം, സ്വന്തം സമ്പത്ത്, എല്ലാമായ ഭാര്യ… ഒക്കെ. ഒടുവില്‍ തക്ഷകന് എന്ന മഹാനാഗത്തിന്റെ കടി കൂടി ഏറ്റതോടെ സ്വന്തം രൂപവും കൈമോശം വന്നു.
ഒടുവില്‍ അഭയാര്‍ത്ഥിയായും അരിവെയ്പ്പുകാരനായും തേരാളിയായും അയോധ്യാ രാജാവ് ഋതുപര്‍ണന്റെ കൊട്ടാരത്തിലെത്തി, നളന്. അങ്ങനെയിരിക്കെയായിരുന്നു ദമയന്തിയുടെ പുനര്‍വിവാഹമെന്ന വ്യാജവാര്‍ത്തയുടെ ജനനം. ദമയന്തിയെ വേള്‍ക്കാന്‍ കുതിച്ച ഋതുപര്‍ണ രാജാവിന് തേരാളിയായത് അശ്വഹൃദയം വശമാക്കിയ സാക്ഷാല്‍ നളന്. കുണ്ഡിനപുരിയിലേക്കുള്ള കുതിച്ചുയാത്രയില്‍ നളന് രാജാവിനെ അശ്വഹൃദയം പഠിപ്പിച്ചുവത്രെ. രാജാവ് പകരം അക്ഷഹൃദയവും. അക്ഷഹൃദയമെന്നാല്‍ വന്മരത്തിലെ ഇലയും പൂവുമൊക്കെ ഒറ്റനോട്ടത്തില്‍ എണ്ണിത്തീര്‍ക്കാവുന്ന സൂത്രവിദ്യ. വഴിയിലെ താന്നിമരത്തില്‍ നളന് മന്ത്രം പ്രയോഗിച്ചപ്പോള്‍ കലി പുറത്തുചാടിയെന്ന് കഥ. പക്ഷേ ശനിദോഷം തീരാന്‍ നളന് കുറെയാത്ര കൂടി വേണ്ടിവന്നു. കാരയ്ക്കല്‍ നാട്ടിലെ ശനീശ്വര സവിധം വരെ. അവിടെ ബ്രഹ്മതീര്‍ത്ഥത്തില്‍ മുങ്ങിപ്പൊങ്ങി ശനീശ്വരനെ തൊഴുതു പ്രാര്‍ത്ഥിച്ചപ്പോള്‍ നളന്റെ ശനിദോഷം പമ്പ കടന്നു. ദമയന്തിയെ തിരികെക്കിട്ടി. ഒപ്പം രാജ്യമടക്കം നഷ്ടമായതെല്ലാം.
കഥയെന്തായാലും കാര്യത്തോടടുക്കുമ്പോള്‍ കാരയ്ക്കലിലെ ശനി ഭഗവാനെ കാണാന്‍ പതിനായിരങ്ങളുടെ തിരക്കാണ് എന്നും. കേന്ദ്രഭരണ പ്രദേശമായ കാരയ്ക്കല്‍ മയിലാടുംതുറ റൂട്ടില്‍ നാല് കിലോമീറ്റര്‍ യാത്ര ചെയ്യുമ്പോള്‍ ശനി ഭഗവാന്റെ തിരുനല്ലൂര്‍ ക്ഷേത്രനഗരം നമുക്കു മുന്നില്‍ പ്രത്യക്ഷപ്പെടും. ചൂടും പൊടിയും നിറഞ്ഞ ഗ്രാമം. നിറയെ വാഹനങ്ങള്‍. പൊന്നുരുക്കും വെയിലാണ് എങ്ങും. പക്ഷേ തീര്‍ത്ഥാടകരാണ് നിറയെ. ക്ഷേത്ര ഗോപുരം കടന്നാല്‍ ആരാധനാവസ്തുക്കള്‍ നിറഞ്ഞ സഞ്ചികള്‍ വില്ക്കാന് തിടുക്കം കൂട്ടുന്ന കച്ചവടക്കാര്‍. ശനിയാഴ്ചയായതിനാല്‍ മണിക്കൂറുകള്‍ നീളുന്ന ക്യൂ…
കാരയ്ക്കല്‍ ക്ഷേത്രം പൂര്‍ണമായും ശനീശ്വര ക്ഷേത്രമല്ല. പ്രസിദ്ധമായ ശിവക്ഷേത്രമാണത്. ശ്രീ ധര്‍ബരാണേശ്വര ക്ഷേത്രം. ക്രിസ്തുവിനും ഏഴുനൂറ്റാണ്ടുമുന്‍പ് പ്രതിഷ്ഠിക്കപ്പെട്ടതെന്ന് വിശ്വാസം. ശനീശ്വരനൊപ്പം ശ്രീ പ്രാണാംബികയും ശ്രീ ത്യാഗരാജരും ശ്രീ വിനായകരും ധര്‍ബരാണേശ്വര ക്ഷേത്രത്തില്‍ അനുഗ്രഹം ചൊരിയുന്നു.
ബ്രഹ്മതീര്‍ത്ഥം പിന്നിട്ട് ക്ഷേത്രത്തിലേക്കു കടക്കുമ്പോള്‍ത്തന്നെ എള്ളുതിരികള്‍ കത്തിയെരിയുന്ന സുഗന്ധം നമ്മെത്തേടിയെത്തും. മണിക്കൂറുകള്‍ നീളുന്ന ക്യൂവില്‍ നില്ക്കുമ്പോല് ആസ്വദിക്കാന്‍ ഒരുപാട് ചുവര്‍ചിത്രങ്ങളുണ്ട് ശനിദേവന്റെ ശ്രീകോവില്‍ പുറത്ത്. നളനെ തക്ഷകന് ദംശിക്കുന്നത് നള-ദമയന്തിമാരുടെ പുനസമാഗമം, തമിഴ് ശൈവസിദ്ധന്മാരുടെ അത്ഭുതപ്രവൃത്തികള്‍, ഒക്കെ. ക്ഷേത്രപരിസരത്ത് തപസ്സനുഷ്ഠിച്ച അപ്പര്‍, ജ്ഞാനസംബന്ധര്‍ തുടങ്ങിയവരുടെ ചിത്രങ്ങളുമുണ്ട്.
സ്വര്‍ണവര്‍ണാംബര മണിഞ്ഞ് പ്രിയ വാഹനമായ കാക്കയുമൊത്താണ് ശനിദേവന് ദര്‍ശനമരുളുക. സദാ പ്രസന്നനാണദ്ദേഹം. ശരണാര്‍ത്ഥികള്‍ക്കൊക്കെ അഭയത്തിന്റെ അമൃത് പകരും. ശ്രീകോവില്‍ കഴിഞ്ഞിറങ്ങുമ്പോള്‍ നീരാഞ്ജനങ്ങളുടെ ഘോഷയാത്രയാണ്. നാളികേരത്തില്‍ ജ്വലിക്കുന്ന എള്ള് വിളക്കുകള്‍ ശനിദോഷങ്ങള് എരിച്ചു കളയുകയാണ്. അത് കണ്ടുനില്ക്കെ ആയിരങ്ങളില്‍ ആശ്വാസത്തിന്റെ നിശ്വാസം. നാട്ടുകാരും മറുനാട്ടുകാരും വിദേശികളുമുണ്ട് നീരാഞ്ജനം തെളിയിക്കാന്‍. ശനീശ്വരന് ഒരു രാശിയില്‍നിന്ന് മറ്റൊന്നിലേക്ക് കടക്കുമ്പോള്‍ (രണ്ടര വര്‍ഷത്തിലൊരിക്കല്‍) തിരുനല്ലൂരില്‍ ആഘോഷസമന്വിതമായ ‘ശനിപേയര്‍ച്ചി’ ഉത്സവമുണ്ട്. വെണ്ണയും പാലും തൈരും പനിനീരും കരിക്കും പഴച്ചാറും തേനുമൊക്കെ ശനി ഭഗവാന് സമര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് അന്ന് കാരയ്ക്കലിലെത്തുക. ഒപ്പം നിലക്കാത്ത സഹസ്രനാമ അര്‍ച്ചനകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: