കണ്ണൂര്‍: ജില്ലയില്‍ ആകെയുളള 71 ഗ്രാമപഞ്ചായത്തുകളില്‍ 41 എണ്ണത്തിലെ സംവരണ നിയോജകമണ്ഡലങ്ങള്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നറുക്കെടുപ്പിലൂടെ തീരുമാനിച്ചു. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗം എന്നിങ്ങനെ 5 വിഭാഗങ്ങളിലേക്കുളള സംവരണ നിയോജകമണ്ഡലങ്ങളാണ് നിശ്ചയിച്ചത്.
2010 ലെ പൊതുതെരഞ്ഞെടുപ്പില്‍ സ്ത്രീസംവരണമല്ലാതിരുന്ന എല്ലാ നിയോജകമണ്ഡലങ്ങളും (വാര്‍ഡുകളും) ഇനി സ്ത്രീ സംവരണ വിഭാഗത്തിലായിരിക്കും. ഈ എണ്ണം തികയാതെ വരുന്ന സന്ദര്‍ങ്ങളില്‍ (തദ്ദേശ ഭരണസ്ഥാപനത്തിലെ ആകെ നിയോജകമണ്ഡലങ്ങളുടെ (വാര്‍ഡുകളുടെ) എണ്ണം ഒറ്റ സംഖ്യ വരുന്നവയില്‍) ഇപ്പോള്‍ ഒഴിവാക്കിയവയില്‍ നിന്ന് (അതായത് 2010 ലെ സ്ത്രീ സംവരണ വാര്‍ഡുകളില്‍ നിന്ന്) നറുക്കെടുത്ത് ലഭിക്കുന്ന നിയോജകമണ്ഡലവും സ്ത്രീ സംവരണമാവും. ഇപ്പോള്‍ സ്ത്രീ സംവരണമായി തീരുമാനിച്ച നിയോജകമണ്ഡലങ്ങളില്‍ 2010 ലെ പട്ടികജാതി/പട്ടികജാതി സ്ത്രീ സംവരണ നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവ ഒഴിവാക്കി ബാക്കിയുളള സ്ത്രീ സംവരണ നിയോജകമണ്ഡലങ്ങളില്‍ നിന്നും നറുക്കെടുത്ത് ലഭിക്കുന്ന മണ്ഡലങ്ങള്‍ പട്ടികജാതി സ്ത്രീ സംവരണ നിയോജകമണ്ഡലങ്ങളായി നിശ്ചയിച്ചു.
ഇപ്പോള്‍ സ്ത്രീ സംവരണമായി തീരുമാനിച്ച നിയോജകമണ്ഡലങ്ങളില്‍ 2010 ലെ പട്ടികജാതി/പട്ടികജാതി സ്ത്രീ സംവരണ നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവയും ഇപ്പോള്‍ പട്ടികജാതി സ്ത്രീ സംവരണമായി തീരുമാനിച്ച മണ്ഡലങ്ങളും ഒഴിവാക്കി ബാക്കിയുളള സ്ത്രീസംവരണ നിയോജകമണ്ഡലങ്ങളില്‍ നിന്നും നറുക്കെടുത്ത് ലഭിക്കുന്ന മണ്ഡലങ്ങളാണ് പട്ടികവര്‍ഗ സ്ത്രീസംവരണമായി നിശ്ചയിച്ചത്.
പഞ്ചായത്തിലെ ആകെ നിയോജക മണ്ഡലങ്ങളില്‍ നിന്നും ഇപ്പോള്‍ തീരുമാനിച്ച സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ എന്നീ സംവരണ മണ്ഡലങ്ങളും 2010 ലെ പട്ടികജാതി/പട്ടികജാതി സ്ത്രീസംവരണമണ്ഡലങ്ങളും ഒഴിവാക്കി ബാക്കിയുളളവയില്‍ നിന്നും നറുക്കെടുത്ത് ലഭിക്കുന്ന മണ്ഡലങ്ങള്‍ പട്ടികജാതി സംവരണ നിയോജക മണ്ഡലമാവും. നറുക്കെടുപ്പില്‍ സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ, പട്ടികജാതി എന്നീ വിഭാഗങ്ങളിലേക്കുളള സംവരണ നിയോജകമണ്ഡലങ്ങളായി തീരുമാനിച്ചവയും 2010 ലെ പട്ടികവര്‍ഗ/പട്ടികവര്‍ഗ സ്ത്രീ സംവരണ മണ്ഡലങ്ങളും ഒഴിവാക്കി ബാക്കിയുളളവയില്‍ നിന്നും നറുക്കെടുത്ത് ലഭിക്കുന്ന മണ്ഡലങ്ങള്‍ പട്ടികവര്‍ഗ സംവരണ നിയോജകമണ്ഡലമായി മാറി.
പയ്യന്നൂര്‍, കല്ല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂര്‍, കണ്ണൂര്‍, എടക്കാട് ബ്ലോക്കിലെ 41 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെ നറുക്കെടുപ്പാണ് പൂര്‍ത്തിയായത്. ജില്ലാ കലക്ടര്‍ പി.ബാലകിരണിന്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടപടികള്‍ പൂര്‍ത്തിയായത്. അസി.കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ഡെപ്യൂട്ടി കലക്ടര്‍ സി.എം.ഗോപിനാഥന്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം എസ് നാരായണന് നമ്പൂതിരി തുടങ്ങിയവര്‍ സംബന്ധിച്ചു. ബാക്കി 30 പഞ്ചായത്തുകളിലെ നറുക്കെടുപ്പ് ഇന്ന് രാവിലെ 10 ന് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: