ഇരിട്ടി: ആറളം ഫാമില്‍ സിഐടിയുവിന്റെയും എഐടിയുസിയുവിന്റെയും നേതൃത്വത്തില്‍ നടന്നു വന്നിരുന്ന തൊഴിലാളികളുടെ സമരവും പിന്‍വലിച്ചു. കഴിഞ്ഞ തിങ്കളാഴ്ച സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ തുടങ്ങിയ അനിശ്ചിതകാല സമരം ഗവര്മ്മെന്റിന്റെയും ഫാം മാനേജുമെന്റിന്റെയും തീരുമാനത്തെ തുടര്‍ന്ന് ഐഎന്‍ടിയുസി പിന്‍വലിച്ചിരുന്നു. എന്നാല്‍ രേഖാമൂലം ഉറപ്പു നല്‍കാതെ സമരം പിന്‍വലിക്കാനാവില്ലെന്നു പറഞ്ഞ എഐടിയുസിയും സിഐടിയുവും വെള്ളിയാഴ്ചയോടെ സമരം പിന്‍വലിച്ചു. ഗവര്‍മ്മെന്റും ഫാം മാനേജ്മെന്റും തങ്ങള്‍ക്കു തന്ന ഉറപ്പില്‍ വിശ്വസിക്കുന്നതായും ഇതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോയാല്‍ വീണ്ടും സമരം ശക്തമാക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ഇതോടെ സമരത്തിന് മുന്‍പ് ബിജെപി എടുത്ത നിലാപാടാണ് ശരി എന്ന് തെളിഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ആയിരുന്നു ഫാമിലെ തൊഴിലാളികള്‍ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ഫാം ഓഫീസിനു മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. ആറളം ഫാമിലെ തൊഴിലാളികള്‍ക്ക് മറ്റു ഫാമുകളില്‍ നല്കുന്ന വേതനം നല്‍കുക, 240 ദിവസം പൂര്‍ത്തിയാക്കിയ താത്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ആദിവാസി പുനരധിവാസ മേഖലയിലെ ആദിവാസികള്‍ക്ക് ഫാമില്‍ തൊഴില്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു സമരം. എന്നാല്‍ സമരം മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ തിരുവനന്തപുരത്തു നടന്ന മന്ത്രിസഭാ യോഗത്തില്‍ അനുകൂല തീരുമാനമുണ്ടാവുകയും തുടര്‍ന്ന് ഫാം മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ തൊഴിലാളി സംഘടനാ നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ സമരം നടത്തി വന്നിരുന്ന സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി എന്നീ സംഘടനകള്‍ സമരം പിന്‍വലിക്കുന്നതായി തൊഴിലാളികള്‍ക്ക് മുന്പില് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ രേഖാമൂലമുള്ള ഉറപ്പു തങ്ങള്‍ക്കു ലഭിക്കാതെ സമരം പിന്‍വലിക്കാനാവില്ലെന്ന തീരുമാനത്തില്‍ തൊഴിലാളികള്‍ ഉറച്ചു നിന്നതോടെ സംഘടനാ നേതാക്കള്‍ വെട്ടിലായി. പല വട്ടം ഇത് പോലുള്ള ഉറപ്പു നല്കി തങ്ങളെ സംഘടനകളും സര്‍ക്കാരും പറ്റിക്കുകയായിരുന്നു എന്ന് തൊഴിലാളികള്‍ വിളിച്ചു പറഞ്ഞതോടെ എന്ത് ചെയ്യണമെന്നറിയാതെ സംഘടനാ നേതാക്കള്‍ കുഴങ്ങി. തിരിച്ചു പോയ നേതാക്കള്‍ വീണ്ടും ചര്‍ച്ച നടത്തുന്നതിനിടെ സിഐടിയു നേതാക്കള്‍ തിരിച്ചു വന്നു തങ്ങള്‍ തൊഴിലാളികള്‍ക്കൊപ്പമാണെന്നും സമരം തുടരാന്‍ തീരുമാനിച്ചെന്നും പറഞ്ഞു. എന്നാല്‍ ഐ എന്‍ ടി യു സി തങ്ങള്‍ക്കു ഗവര്മ്മെന്റിലും ഫാം മാനേജു മെന്റിന്റെ ഉറപ്പിലും വിശ്വാസമാണെന്നറിയിച്ച് കൊണ്ട് സമരം പിന്‍വലി ക്കുന്നതായി പ്രഖ്യാപിച്ചു. ഇതിനിടയില്‍ യഥാര്‍ത്ഥത്തില്‍ അടിതെറ്റിപ്പോയ എഐടിയുസി ഒടുവില്‍ സിഐടിയുവിനൊപ്പം സമരം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ രണ്ടു ദിവസം കൂടി തുടര്‍ന്ന സമരമാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. ഗവര്‍മ്മെന്റും ഫാം മാനേജ്മെന്റും എടുത്ത തീരുമാനത്തില്‍ വിശ്വസിക്കുന്നതായും ഇതില്‍ നിന്നും ഇനി പിന്നോട്ട് പോവുകയാണെങ്കില്‍ സമരം തുടരുമെന്നും പ്രഖ്യാപിച്ചു കൊണ്ടാണ് സമരം അവസാനിപ്പിച്ചിരിക്കുന്നത്.
ഇതിനിടെ ഫാമില്‍ തൊഴിലാളി സംഘടനകള്‍ തൊഴിലാളികളുടെ പേരില്‍ നടത്തിക്കൊണ്ടിരിക്കുന്ന അവസരവാദപരമായ നിലപാടാണ് പുറത്തു വന്നിരിക്കുന്നത്. ഈ സമരത്തിനു മുന്‍പ് ബിജെപി പറഞ്ഞ നിലപാടാണ് ശരി എന്നനിലയിലേക്കാണ് കാര്യങ്ങള്‍ എത്തി ചേര്‍ന്നിരിക്കുന്നത്. നിരന്തരം തൊഴിലാളികളുടെ പേരില്‍ സമരങ്ങള്‍ പ്രഖ്യാപിച്ചും ഇതിന്റെ പേരില്‍ തൊഴിലാളികളെ പിഴിഞ്ഞും ഇവിടുത്തെ സംഘടനാ നേതാക്കള്‍ ഫാമിനെ കൊള്ളയടിക്കുകയാണ് എന്ന് ബിജെപി നേതാക്കള്‍ ഈ സമരത്തിനു മുന്‍പ് പത്രസമ്മേളനം വിളിച്ച് ആരോപിച്ചിരുന്നു. ആദിവാസികളുടെ പേരിലും നിരന്തരം ഇവിടെ മുതലെടുപ്പുകള്‍ നടന്നു കൊണ്ടിരിക്കുന്നു. ഒന്നിനും ഒരു മാറ്റവും ഉണ്ടാവുന്നില്ല എന്ന് മാത്രമല്ല ബിജെപി പറഞ്ഞതിലേക്ക് തന്നെയാണ് ഇപ്പോള്‍ കാര്യങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നത് എന്നാണു വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: