സ്വന്തം ലേഖകന്‍
കണ്ണൂര്‍: ഉത്തര മലബാറിന്റെ വികസന കുതിപ്പില്‍ പുതിയൊരധ്യായം കുറിക്കാന്‍ ഉതകുന്ന പൊതുമേഖല-സ്വകാര്യ പങ്കാളിത്തതോടെ യാഥാര്‍ത്ഥ്യമാകുന്ന രാജ്യത്തെ രണ്ടാമത്തെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളം പരീക്ഷണ പറക്കലിനൊരുങ്ങുന്നു. വരുന്ന ഡിസംബര്‍ 31 ന് പരീക്ഷണ പറക്കല്‍ നടത്താനുദ്ദേശിച്ചു കൊണ്ടുളള തകൃതിയായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്ന മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പില്‍ നടന്നു വരികയാണ്. കണ്ണൂരിന് വികസനത്തിന്റെ പുതിയ അധ്യായം തീര്‍ക്കുന്ന വിമാനത്താവളം യാഥാര്‍ത്ഥ്യമാകാന്‍ 97 നാള് മാത്രമാണിനി ശേഷിക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ വിമാനസര്‍വ്വീസിന് അടുത്ത മേയില്‍ തന്നെ തുടക്കം കുറിക്കാനാണ് കിയാലും നിര്‍മ്മാണകമ്പനിയായ എല്‍ ആന്‍ഡ് ടിയും ലക്ഷ്യമിടുന്നത്.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ 3400 മീറ്ററാണ് ഉദ്ദേശിക്കുന്നത്. നിലവിലുള്ള 3050 മീറ്റര്‍ റണ്‍വേ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. ടെര്‍മിനല്‍ കെട്ടിടം, അനുബന്ധകെട്ടിടങ്ങള്‍ എന്നിവയുടെ പ്രവൃത്തിയും പുരോഗമിക്കുകയാണ്
ദൈര്‍ഘ്യം 3400 മീറ്ററാവുന്നതോടെ ബോയിംഗ് 777, ആര്‍വേസ് 35 തുടങ്ങിയ കൂറ്റന്‍വിമാനങ്ങള്‍ക്കും ഇറങ്ങാന്‍ കഴിയും. റണ്‍വേ വികസനത്തിന്റ പ്രാരംഭപ്രവര്‍ത്തനങ്ങളും ആരംഭിച്ചുട്ടുണ്ട്.
നാലാംഘട്ടത്തില്‍ വിമാനത്താവള സര്‍വേയുമായി സഹകരിക്കില്ലെന്ന് കുടിയിറക്കു വിരുദ്ധകര്മ്മസമിതി പ്രഖ്യാപിച്ചത് ഭൂമി ഏറ്റെടുക്കലിന് തടസ്സമായിരിക്കുകയാണ്. രണ്ടാംഘട്ടത്തില്‍ പുനരധിവാസത്തിനു കണ്ടെത്തിയ പ്രദേശം കൂടി ഏറ്റെടുക്കാനുളള തീരുമാനമാണ് കല്ലേരിക്കര, പാറാപ്പൊയില്‍, വായാന്തോട് ഭാഗങ്ങളിലെ ഭൂവുടമകള്‍ കുടിയിറക്കുവിരുദ്ധ കര്‍മ്മസമിതി രൂപീകരിച്ച് സമരരംഗത്തിറങ്ങിയിട്ടുളളത്. നാലാംഘട്ടത്തില്‍ സ്ഥലം ഏറ്റെടുക്കുമ്പോഴും പ്രത്യേകം പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്നതാണ് സ്ഥലമുടമകളുടെ ആവശ്യം.
വിമാനത്താവളത്തിന്റെ അവസാനഘട്ടപ്രവൃത്തി വിലയിരുത്തുന്നതിനായി 28 ന് മന്ത്രി കെ. ബാബുവിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേരുന്നുണ്ട്. പദ്ധതിപ്രദേശത്ത് റണ്‍വേയില്‍ ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാര്‍ ഉപയോഗിച്ചുള്ള പരിശോധന തുടരുകയാണ്. റണ്‍വേ പ്രതലത്തിന്റെ ഘടനയും കാഠിന്യവും പരിശോധിക്കുന്നതു ബാംഗഌര് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ സാങ്കേതിക വിദഗ്ദരാണ്. റണ്‍വേ മേഖല പൂര്‍ണമായും ഈ രീതിയില്‍ പരിശോധനയ്ക്ക് വിധേയമാക്കും. ചെറുവിമാനങ്ങള്‍ പറന്നിറങ്ങുവാന്‍ പാകത്തില്‍ റണ്‍വേയുടെ 2150 മീറ്റര്‍ ടാറിംഗും കോണ്‍ക്രീറ്റ് പ്രവൃത്തിയും ഇതിനകം പൂര്‍ത്തിയായി.
റണ്‍വേയുടെ നീളം കൂട്ടുന്ന സാഹചര്യത്തില്‍ അമേരിക്ക, ആസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള അത്യാധുനിക വിമാനങ്ങള്‍ക്കും ഇവിടെ ഇറങ്ങാന്‍ വഴിയൊരുങ്ങും. ആര്‍വേസ് 35, ബോയിംഗ് 777 പോലുള്ള വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയുന്നതോടെ കേരളത്തിലേക്കു വിദേശസഞ്ചാരികളുടെ ഒഴുക്ക് കൂടുമെന്നാണ് വിലയിരുത്തല്‍. തുടക്കത്തില്‍ തന്നെ വിവിധ രാജ്യങ്ങളിലേക്കുള്ള സര്‍വീസിന് സാദ്ധ്യതയുണ്ടെന്നിരിക്കെ, ടെര്‍മിനല്‍ കെട്ടിടങ്ങളുടെ സൗകര്യവും അതിനനുസരിച്ച് വിപുലീകരിക്കാനുളള ഒരുക്കത്തിലാണ് അധികൃതര്‍.
ഉത്തരമലബാറുകാരുടെ ചിരകാല ആവശ്യത്തിനൊടുവില്‍ 2008 ഫിബ്രവരി മാസത്തിലാണ് വ്യോമയാന മന്ത്രാലയം കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രൊജക്ടിന് അനുമതി നല്‍കിയത്. 2010 ഡിസംബര്‍ 17ന് വിമാനത്താവളത്തിന്റെ ശിലാസ്ഥാപനം നടത്തുകയും ചെയ്തു. 2014 ഫിബ്രവരി 2ന് റണ്‍വെയുടെ നിര്‍മ്മാണം ആരംഭിച്ചു. മൊത്തം 2165 ഏക്കര്‍ സ്ഥലം വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇതിന്റെ ഭാഗമായിമാറും. വര്‍ഷത്തില്‍ 4.67മില്ല്യന്‍ യാത്രക്കാരെ പ്രതീക്ഷിക്കുന്ന വിമാനത്താവളത്തില്‍ 60758 ടണ്‍ കാര്‍ഗോ വര്‍ഷത്തില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. എപ്രണ്‍, ചുറ്റുമതില്‍ എന്നിവയുടെ പ്രവര്‍ത്തി 60 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ കണ്ണൂര്‍, വയനാട്, കാസര് ഗോഡ് ജില്ലകളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും, വീരാജ്പേട്ട തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്കും വിദേശയാത്രകളള്‍ക്കും ആഭ്യന്തര യാത്രകള്‍ക്കും ഏറെ സഹായകരമാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: