മട്ടന്നൂര്‍: ചുവപ്പ് സലാം പറഞ്ഞ് സിപിഎമ്മില്‍ അംഗത്വമെടുത്ത സഖാക്കള്‍ കാവി സലാം പറഞ്ഞ് പാര്‍ട്ടിവിടാന്‍ കാരണം ഫാസിസ്റ്റുകളായ നേതാക്കളാണെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ സി.സദാനന്ദന് മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ മട്ടന്നൂര്‍ നഗരസഭയില്‍ നടത്തിയ പദയാത്രയുടെ സമാപന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികള്‍ക്ക് ഗുണം കിട്ടുന്ന ഒരു കാര്യവും സിപിഎം നടത്തിയിട്ടില്ല. ഒരു ദര്‍ശനത്തെ ആരാധിക്കുന്ന വിഭാഗത്തെ മുഴുവന്‍ വേദനിപ്പിക്കുന്ന രീതിയിലാണ് ശ്രീനാരായണ ഗുരുദേവനെ കുരിശില്‍ തറച്ച നടപടി. കേരളത്തിലെ മുതലാളിത്ത പരിഷ്കരണത്തിന്റെ ഭാഗമായാണ് ശ്രീനാരായണ ഗുരുദേവന് അടക്കമുള്ള സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ പ്രവര്‍ത്തിച്ചത് എന്നാണ് സിപിഎം നയരേഖ പറയുന്നത്. പിന്നെയെങ്ങനെയാണ് ഇവര്‍ ശ്രീനാരായണ ഗുരുദേവനെയും ചട്ടമ്പിസ്വാമികളെയും സ്വാമി വിവേകാനന്ദനെയും ആരാധിക്കുക എന്നും സദാനന്ദന് മാസ്റ്റര്‍ ചോദിച്ചു. ഫാസിസ്റ്റുകളും സാഡിസ്റ്റുകളുമായ സിപിഎം നേതൃത്വത്തിന്റെ നടപടികളാണ് ആ പാര്‍ട്ടിയെ കുഴിച്ചുമൂടിക്കൊണ്ടിരിക്കുന്നത്. ഇതില്‍ മനം മടുത്താണ് സഖാക്കള്‍ കൂട്ടമായി ഹൈന്ദവ സംഘടനകളിലേക്കൊഴുകുന്നത്. ഈ പരിപ്പ് ഇവിടെ വേവില്ല എന്ന് പറഞ്ഞ സഖാക്കള്‍ ഇപ്പോള്‍ ഹിന്ദുത്വ പരിപ്പ് വേവിച്ച് കഴിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മട്ടന്നൂരില്‍ നടന്ന സമാപന സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡണ്ട് കെ.വി.സഹദേവന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എസ്.ബിജു സംസാരിച്ചു. സി.കെ.രജീഷ് സ്വാഗതവും രാഹുല്‍ കിളിയങ്ങാട് നന്ദിയും പറഞ്ഞു. ഒ.ഷാജിയുടെ നേതൃത്വത്തിലുള്ള ഉരുവച്ചാല്‍ മേഖലാ പദയാത്ര കയനിയില്‍ യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കഴുയും കെ.വി.ജിജുവിന്റെ നേതൃത്വത്തിലുള്ള മരുതായി മേഖലാ പദയാത്ര കെ.വി.സഹദേവനും ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളിലായി ഹരികൃഷ്ണന് ആലച്ചേരി, ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.ടി.സദീശന്, ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ ഒ.രാകേഷ് ജില്ലാ കാര്യകാരി സദസ്യന്‍ കെ.വി.പ്രജില്‍, ബിജെപി മണ്ഡലം പ്രസിഡണ്ട് സി.വി.വിജയന്‍മാസ്റ്റര്‍, ഒ.എം.സജിത്ത്, കെ.വി.ജിതേഷ്, സന്ദീപ് മട്ടന്നൂര്‍, സുരേഷ് ബാബു, എം.വി.ശശിധരന്, കെ.സുരേന്ദ്രന്, കെ.മോഹനന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: