കണ്ണൂര്‍: പൊതുജനാരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ക്ക് തിരിച്ചടിയായി കുത്തിവെപ്പ് കൊണ്ട് നിയന്ത്രണവിധേയമായ രോഗങ്ങള്‍ തിരിച്ച് വരുന്നതായി ഇന്ത്യന്‍ അക്കാദമി ഓഫ് പിഡിയാട്രിക്സ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മലപ്പുറത്ത് അഞ്ച് കുട്ടികളില്‍ ഡിഫ്തീരിയ എന്ന രോഗം കണ്ടെത്തിയത് ഇതിന് ഉദാഹരണമാണ്. ഇതില്‍ രണ്ട് കുട്ടികള്‍ മരണപ്പെട്ടുവെന്നത് ആശങ്കാജനകമാണ്. പത്ത് വര്‍ഷം മുമ്പ് പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തില്‍ കേരളം ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ പിന്നീട് ഏഴാം സ്ഥാനത്തേക്ക് തള്ളപ്പെട്ടുവെന്നത് വസ്തതുയാണ്. ബാക്ടീരിയ, വൈറസ് എന്നിവ കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ക്കെതിരെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന മരുന്നാണ് വാക്സിന്. രോഗാണുക്കള്‍ക്കെതിരെ ശരീരത്തില്‍ പ്രവര്‍ത്തിക്കാന്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ സജ്ജമാക്കുകയാണ് വാക്സിന് ചെയ്യുന്നത്. യാഥാസ്തിതിക വിഭാഗങ്ങളും, നാച്ചുറോപ്പതി, ന്യൂറോപ്പതി വിഭാഗങ്ങളും നടത്തുന്ന വാക്സിനെതിരായ കുപ്രചരണങ്ങളില്‍ വിശ്വസിച്ച് നിരക്ഷരര്‍ മാത്രമല്ല അഭ്യസ്ഥവിദ്യര്‍ പോലും കുട്ടികള്‍ക്ക് കുത്തിവെയ്പ് നല്‍കാതെ മാറിനില്‍ക്കുകയാണ്.
കുഞ്ഞിന് കുത്തിവെപ്പ് നല്‍കാതെ അത് നിഷേധിക്കുന്നത് കുറ്റകരമാണ്. വാക്സിനുകള്‍ പുറം രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവരുന്നുവെന്ന വാദം തെറ്റാണ്. ഇന്ത്യയില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന വാക്സിനുകള്‍ അറുപതോളം രാജ്യങ്ങളില്‍ കയറ്റി അയക്കുന്നുണ്ട്. കുത്തിവെപ്പിനോട് വിമുഖത കാട്ടിയാല്‍ മാരക രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്നും സ്കൂള്‍ പ്രവേശനത്തിന് ഇമ്മ്യൂണൈസേഷന്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ അക്കാദമി ഓഫ് പിഡിയാട്രിക്സ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ഡോ.എം.കെ.നന്ദകുമാര്‍, ഡോ.ഡി.കെ.അജിത് സുഭാഷ്, ഡോ.പി.പി.രവീന്ദ്രന്, ഡോ.എസ്.വി.അന്‍സാരി ഡോ.സുള്ഫകര് അലി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: