പാനൂര്‍: കൂത്തുപറമ്പില്‍ നിന്നും പിടികൂടിയ ക്വട്ടേഷന്‍ സംഘത്തിനു പിന്നില്‍ സിപിഎം നേതൃത്വം. കഴിഞ്ഞ ദിവസം കൂത്തുപറമ്പ് എസ്ഐ ശിവന് ചോടോത്തും സംഘവും നൈറ്റ് പെട്രോളിംഗിനിടെ ആറുപേരെ ആയുധങ്ങളുമായി പിടികൂടിയിരുന്നു .ഇവര്‍ സിപിഎം നേതാക്കളുടെ നിര്‍ദ്ദേശപ്രകാരം ക്വട്ടേഷന്‍ ഏറ്റെടുക്കുകയായിരുന്നു. മൊകേരി കോറോത്തുംകണ്ടിയില് അഷറിന്റെ ഉമ്മയുടെ ഉടമസ്ഥതയിലുളള കെട്ടിടം ഒഴിഞ്ഞു കൊടുക്കാന്‍ തയ്യാറാവത്തതിനെ തുടര്‍ന്ന് സിപിഎം ഒഴിപ്പിക്കല്‍ ഏറ്റെടുക്കുകയായിരുന്നു. കെടി.ജയകൃഷ്ണന് മാസ്റ്ററുടെ കൊലപാതകക്കേസിലെ പ്രതികളായ അച്ചാരംമ്പത്ത് പ്രദീപന്, നളളവീട്ടില് ഷാജി എന്നിവരാണ് ക്വട്ടേഷനു പിന്നിലെന്നാണ് സൂചന. പിടിയിലായവര്‍ ചോദ്യം ചെയ്യലില്‍ ഇവരുടെ പേരുകള്‍ പോലീസിന് നല്‍കിയിട്ടുണ്ട്. കൂത്തുപറമ്പ് പഴയനിരത്ത് വെച്ച് ഇതിന്റെ മധ്യസ്ഥം നടന്നിരുന്നു. കട ഒഴിഞ്ഞു കൊടുക്കേണ്ട തളോട്ടെ ഷംസീറിനെ ഇരുത്തിയായിരുന്നു അനുരജ്ഞന ചര്‍ച്ച നടന്നത്. എന്നാല്‍ കുറച്ച് ദിവസം കൂടി സാവകാശം വേണമെന്ന് നടത്തിപ്പുകാരന് പറഞ്ഞതോടെ മധ്യസ്ഥം തകരുകയായിരുന്നു. ഇതിനു ശേഷം സിപിഎം നിര്‍ദ്ദേശപ്രകാരം കൂത്തുപറമ്പ് സിഐയ്ക്ക് ഒരു പരാതിയും കെട്ടിട ഉടമയെക്കൊണ്ട് കൊടുപ്പിച്ചു. തുടര്‍ന്ന് ഗുണ്ടകളെ വെച്ച് പൂട്ട് പൊട്ടിച്ച് പുതിയ പൂട്ടിടുകയായിരുന്നു. കടയില്‍ വെച്ച് ഇയാളെ കയ്യേറ്റം ചെയ്യാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചുവെന്നാരോപിച്ച് ജംഷീര്‍ തലശേരി ഡിവൈഎസ്പിക്ക് പരാതിയും നല്‍കിയിരുന്നു. സിപിഎം ഏറ്റെടുത്ത ഒരു പ്രശ്നം തീര്‍ക്കാന്‍ പറ്റാത്ത അവസ്ഥ വന്നതോടെ ജംഷീറിനെ ശാരീരികമായി ഉപദ്രവിക്കാനായിരുന്നു പാര്‍ട്ടി തീരുമാനം. ഇതിനായാണ് ഉടമയുടെ മകന് അഷര്‍(40), സിപിഎം ക്രിമിനലുകളുമായ കോടിയേരി മനേക്കരയിലെ കെപി.നസറൂദ്ധീന്(33),പന്തക്കലിലെ സുമേഷ്(40), ഈങ്ങയില്‍ പീടികയിലെ കെ.സജിനേഷ്(30), മൂഴിക്കര കുനിയില്‍ ഹൗസില്‍ സൂരജ്(30), മനേക്കരയിലെ പുത്തന്‍പുരയില്‍ സൂരജ്(27) എന്നിവര്‍ രാത്രിയില്‍ കൂത്തുപറമ്പിലെത്തിയത്. ഇക്കഴിഞ്ഞ 15ന് കട ഒഴിയാമെന്ന് സിഐ ഓഫീസില്‍ നിന്നും ജംഷീറിന്റെ ബന്ധുക്കള്‍ സമ്മതിച്ചെങ്കിലും ജംഷീര്‍ മുന്‍സീഫ് കോടതിയില്‍ നിന്നും താത്ക്കാലിക സ്റ്റേ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇത് സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചു. അതിനാല്‍ ജംഷീറിനെ കൈകാര്യം ചെയ്യാന്‍ ഈ സംഘത്തെ ഏര്‍പ്പാടാക്കുകയുമായിരുന്നു. രണ്ട് വാഹനങ്ങളിലായിരുന്നു അക്രമികളെത്തിയത്. കൂത്തുപറമ്പിലെ ഒരു ഉന്നത സിപിഎം നേതാവും ക്വട്ടേഷന്‍ പിന്നിലുണ്ട്. 10 ലക്ഷം രൂപയാണ് കടയൊഴിപ്പിക്കല്‍ ഓപ്പറേഷന് സിപിഎം ആവശ്യപ്പെട്ടത്. മൊകേരി സഖാക്കളുടെ ഈ അവിശുദ്ധ ഇടപ്പെടലുകള്‍ പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ദേശാഭിമാനി പത്രത്തിന്റെ ഉന്നത സ്ഥാനമലങ്കരിക്കുന്ന ആളുടെ സഹോദരന്റെ നേതൃത്വത്തിലുളള വന്‍ സംഘമാണ് കൂത്തുപറമ്പ് മേഖലയില്‍ ക്വട്ടേഷന്‍ ഏറ്റെടുക്കുന്നത്. ഇതില്‍ നിന്നും ലഭിക്കുന്ന സാമ്പത്തിലാഭം പാര്‍ട്ടിക്കും ലഭിക്കും. നാടിന്റെ നിയമസംവിധാനങ്ങളെ എല്ലാം വെല്ലുവിളിച്ച് സിപിഎം നേതൃത്വം ജില്ലയില്‍ ഇത്തരം ചെറുസംഘങ്ങളെ ഏരിയാകമ്മറ്റികള്ക്ക് കീഴില്‍ വളര്‍ത്തുകയാണ്. മദ്യവും മറ്റും നല്‍കിയാണ് തൊഴില്‍ രഹിതരായ യുവാക്കളെ കൂടെ നിര്‍ത്തുന്നത്. ജില്ലയില്‍ നടക്കുന്ന രാഷ്ട്രീയ അക്രമകേസുകളിലും ഇവര്‍ മുന്നിലുണ്ടാകും. ഇത്തരം സംഘങ്ങളെ ഭയന്നാണ് ആളുകള്‍ മധ്യസ്ഥത്തിന് പാര്‍ട്ടിക്ക് വഴിപ്പെടുന്നതും. അതിനാല്‍ ഇവരെ സംരക്ഷിക്കാനും പാര്‍ട്ടി മുന്നിലുണ്ടാകുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: